

സിഡ്‌നി: കൃത്രിമബുദ്ധി (AI) നൽകിയ തെറ്റായ നിയമോപദേശങ്ങളെ മാത്രം ആശ്രയിച്ച് പിരിച്ചുവിടലിനെതിരെ കേസ് നടത്തിയ മുൻ ആൽഡി (ALDI) ജീവനക്കാരന് ഓസ്‌ട്രേലിയൻ ഫെയർ വർക്ക് കമ്മീഷൻ (FWC) പിഴ ചുമത്തി. മുൻ തൊഴിലുടമയുടെ നിയമച്ചെലവിലേക്ക് 1,230 ഓസ്‌ട്രേലിയൻ ഡോളർ നൽകാനാണ് സദ്‌നാൻ ഖാൻ എന്നയാൾക്ക് ട്രിബ്യൂണൽ ഉത്തരവിട്ടത്. എഐയെ അന്ധമായി വിശ്വസിച്ച് അടിസ്ഥാനരഹിതമായ വാദങ്ങൾ കോടതിക്ക് മുൻപിൽ അവതരിപ്പിച്ചതിനാണ് അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന ചിലവുശിക്ഷ ട്രിബ്യൂണൽ ചുമത്തിയത്.
ചാറ്റ്ജിപിടി നൽകിയ മറുപടികൾ കാര്യമായി മനസ്സിലാക്കാതെയാണ് വാദിയായ സദ്‌നാൻ ഹർജി സമർപ്പിച്ചതെന്ന് ഡെപ്യൂട്ടി പ്രസിഡന്റ് മൈക്കൽ ഈസ്റ്റൺ വ്യക്തമാക്കി. സ്വന്തമായി വാദിക്കുന്ന ഹർജിക്കാർക്കിടയിൽ എഐ ഉപയോഗം 40 ശതമാനത്തോളം വർദ്ധിച്ച സാഹചര്യത്തിൽ, ഒക്ടോബർ 20 മുതൽ ഹർജികളിൽ എഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തണമെന്നും വസ്തുതകൾ കൃത്യമായി പരിശോധിക്കണമെന്നുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഫെയർ വർക്ക് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.