

ബ്രിസ്‌ബെയ്ൻ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലെത്തി. ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ നയതന്ത്ര ചർച്ചകളാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ ബ്രിസ്‌ബെയ്നിൽ ഇന്ത്യ സ്ഥാപിക്കുന്ന നാലാമത്തെ കോൺസുലേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോ. എസ്. ജയശങ്കർ നിർവ്വഹിക്കും. ഇത് ക്വീൻസ്‌ലൻഡിലുള്ള ഇന്ത്യൻ സമൂഹത്തിന് വലിയ രീതിയിൽ ഉപകാരപ്പെടും. തുടർന്ന് കാൻബറയിലെ ഓസ്‌ട്രേലിയൻ പാർലമെന്റ് ഹൗസിൽ വെച്ച് നടക്കുന്ന പതിനഞ്ചാമത് 'ഫോറിൻ മിനിസ്റ്റേഴ്‌സ് ഫ്രെയിംവർക്ക് ഡയലോഗിൽ' (FMFD) ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെനി വോങ്ങുമായി (Penny Wong) അദ്ദേഹം സംയുക്തമായി അധ്യക്ഷത വഹിക്കും. കൂടാതെ, ഓസ്‌ട്രേലിയൻ പാർലമെന്റിൽ വെച്ച് നടക്കുന്ന രണ്ടാമത് 'റൈസീന ഡൗൺ അണ്ടർ' (Raisina Down Under) സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഓസ്‌ട്രേലിയൻ ഭരണനേതൃത്വം, പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പ്രവാസികൾ, വ്യവസായ പ്രമുഖർ, മാധ്യമങ്ങൾ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം ജൂൺ 8-ാം തീയതി വിദേശകാര്യ മന്ത്രി സിംഗപ്പൂരിലേക്ക് തിരിക്കും. അവിടെ വെച്ച് നടക്കുന്ന എട്ടാമത് അസിയാൻ-ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് തിങ്ക് ടാങ്ക്സ് (ASEAN–India Network of Think Tanks) കോൺഫറൻസിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഒപ്പം സിംഗപ്പൂർ ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകളിൽ പങ്കാളിയാകും.