

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ദശകങ്ങളായി വരൾച്ചയുടെ ദൈർഘ്യം വർധിച്ചുവരുന്നതായി യുഎൻഎസ്‌ഡബ്ല്യു (UNSW) ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ജനസംഖ്യയും കൃഷിയും കൂടുതലുള്ള തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലാണ് വരൾച്ച കൂടുതൽ നീണ്ടുനിൽക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Hydrology and Earth System Sciences എന്ന ശാസ്ത്രീയ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1911 മുതൽ 2020 വരെ മഴക്കുറവും നദി–ഡാം ജലനിരപ്പിലെ ഇടിവും അടിസ്ഥാനമാക്കി ഓസ്‌ട്രേലിയയിലുടനീളം വരൾച്ച പ്രവണതകളാണ് ഗവേഷകർ വിശകലനം ചെയ്തത്.
1971ന് ശേഷം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വരൾച്ചാവസ്ഥയിലുള്ള സമയം വർധിച്ചതായി പഠനം കണ്ടെത്തി. കൃഷിക്ക് നിർണായകമായ ശീതകാലത്തും വസന്തകാലത്തുമാണ് വരൾച്ചയുടെ ബാധ ഏറ്റവും രൂക്ഷമായതെന്നും, ഗോതമ്പ് പോലുള്ള വിളകളുടെ ഉൽപാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോർട്ട് പറയുന്നു.