

സിഡ്‌നി: അമേരിക്കയിൽ നിന്നുള്ള ഡീസൽ കയറ്റുമതി നിരോധിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതോടെ ഓസ്‌ട്രേലിയയിൽ ഡീസലിന് റേഷൻ ഏർപ്പെടുത്തേണ്ടിവരുമെന്നും വില ലിറ്ററിന് 4 ഡോളറിലധികം ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്. ആഗോള വിപണിയിലെ പ്രതിസന്ധി രൂക്ഷമായാൽ ഏതാനും ആഴ്ചകൾക്കകം ഓസ്‌ട്രേലിയ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്ന് പ്രമുഖ ഊർജ്ജ വിദഗ്ദ്ധനും എംഎസ്ടി മാർക്വീ റിസർച്ച് മേധാവിയുമായ സോൾ കവോനിക് വ്യക്തമാക്കി. യുഎസിലെ ഡീസൽ വില റെക്കോർഡ് നിരക്കിലെത്തിയതിനെത്തുടർന്ന് നവംബറിലെ മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി കയറ്റുമതി തടയുന്നത് ട്രംപ് ഭരണകൂടം പരിഗണിച്ചുവരികയാണ്.
പ്രതിദിനം 13 ലക്ഷം ബാരൽ ഡീസൽ കയറ്റുമതി ചെയ്യുന്ന യുഎസ് നടപടി സ്വീകരിച്ചാൽ ആഗോള വിതരണ ശൃംഖലയെ അത് ഗുരുതരമായി ബാധിക്കും. ഓസ്‌ട്രേലിയ നേരിട്ട് അമേരിക്കയിൽ നിന്ന് ഡീസൽ വാങ്ങുന്നില്ലെങ്കിലും, കടൽമാർഗ്ഗമുള്ള ആഗോള ഡീസൽ ഇറക്കുമതിയുടെ 10 ശതമാനവും ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധവും ചെങ്കടലിലെ ഹൂതി ആക്രമണങ്ങളും കാരണം എണ്ണ ശുദ്ധീകരണശാലകൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ യുഎസിന്റെ പിന്മാറ്റം വിപണിയെ തകിടം മറിക്കും. ഇതോടെ രാജ്യത്തിന്റെ ദേശീയ ഇന്ധന സുരക്ഷാ പദ്ധതി പ്രകാരമുള്ള ലെവൽ 3, ലെവൽ 4 നിയന്ത്രണങ്ങൾ (ഇന്ധന റേഷനിംഗ്) നടപ്പാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ. കൃഷിക്കും ഖനനത്തിനും ഡീസൽ അത്യാവശ്യമായതിനാൽ ഈ സാഹചര്യം ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും.