

പാപ്പുവ ന്യൂ ഗിനിയയുടെ തീരത്തിന് സമീപം ഓസ്ട്രേലിയൻ ക്രൂയിസ് കപ്പലായ കോറൽ അഡ്വഞ്ചറർ കരയിൽ കുടുങ്ങിയതായി റിപ്പോർട്ട്. 120-ലധികം യാത്രക്കാരും ജീവനക്കാരും കപ്പലിലുണ്ടായിരുന്നെങ്കിലും ആര്ക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പൽ ഓപ്പറേറ്റർമാർ അറിയിച്ചു. ഗ്രേറ്റ് ബാരിയർ റീഫിലെ ലിസാർഡ് ദ്വീപിൽ ഒരു യാത്രക്കാരി മരിച്ച സംഭവത്തിന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.
ശനിയാഴ്ച പുലർച്ചെ, പാപ്പുവ ന്യൂ ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ ലെയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മൊറോബി പ്രവിശ്യയിലാണ് കപ്പൽ കരയിൽ കുടുങ്ങിയത്. കോറൽ എക്സ്പഡിഷൻസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 80 യാത്രക്കാരും 43 ജീവനക്കാരും സുരക്ഷിതരാണ്
“എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പ്രാഥമിക പരിശോധനയിൽ കപ്പലിന് കേടുപാടുകളൊന്നും കണ്ടെത്തിയിട്ടില്ല,” കമ്പനി വക്താവ് പറഞ്ഞു.
“സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. ഹൾ ഭാഗത്തെയും സമുദ്രപരിസ്ഥിതിയെയും കുറിച്ചുള്ള ഔദ്യോഗിക പരിശോധനകൾ സാധാരണ നടപടികളുടെ ഭാഗമായി നടത്തും.”
പ്രാദേശിക ഭരണകൂടങ്ങൾ കപ്പൽ പരിശോധിക്കുകയും, കോറൽ എക്സ്പഡിഷൻസുമായി ചേർന്ന് കപ്പൽ വീണ്ടും നീന്തിപ്പൊങ്ങാൻ (റിഫ്ലോട്ട്) നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്നാണ് വിവരം.
കോറൽ അഡ്വഞ്ചററിൽ നിന്ന് അടിയന്തര സഹായ സന്ദേശം ലഭിച്ചിട്ടില്ലെങ്കിലും കപ്പൽ കരയിൽ കുടുങ്ങിയ വിവരം അറിയാമെന്നും സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും. ആവശ്യപ്പെട്ടാൽ പാപ്പുവ ന്യൂ ഗിനിയ അധികാരികൾക്ക് സഹായം നൽകാൻ ഓസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.
പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ബ്രോഡ്കാസ്റ്ററായ എന്‍ബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ശക്തമായ കടൽപ്രവാഹങ്ങൾ നേരിട്ടതിനെ തുടർന്ന് മഡാംഗ് പ്രവിശ്യയിലേക്കും സെപിക് നദിയിലേക്കുമുള്ള യാത്രയ്ക്കിടെയാണ് കപ്പൽ ഡ്രെഗ്ഹാഫൻ പോയിന്റിന് സമീപം കുടുങ്ങിയത്. ഈ പ്രദേശത്തെ കൊറൽ റീഫുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
80 വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ അന്വേഷണം
ഗ്രേറ്റ് ബാരിയർ റീഫിലെ ലിസാർഡ് ദ്വീപിൽ 80 വയസ്സുള്ള യാത്രക്കാരി സുസാൻ റീസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കോറൽ അഡ്വഞ്ചറർ വീണ്ടും ശ്രദ്ധയിൽപ്പെടുന്നത്.