

കെയ്‌ൻസ്: ഓസ്‌ട്രേലിയൻ എക്സ്പെഡിഷൻ ക്രൂയിസ് കപ്പലായ കോറൽ അഡ്വഞ്ചർ പാപുവ ന്യൂ ഗിനിയ തീരത്ത് അപകടത്തിൽപ്പെട്ടത് നാവിക പിഴവ് മൂലമാണെന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബർ 27-ന് പുലർച്ചെയായിരുന്നു സംഭവം. 80 യാത്രക്കാരും 44 ജീവനക്കാരുമടങ്ങുന്ന കപ്പൽ ഇടുങ്ങിയ ജലപാതയിലൂടെ നീങ്ങുന്നതിനിടെ പവിഴപ്പുറ്റിൽ ഇടിച്ച് കുടുങ്ങുകയായിരുന്നു. കപ്പലിന്റെ അടിഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് മൂന്ന് ദിവസത്തോളമാണ് യാത്രക്കാർ കടലിൽ കുടുങ്ങിയത്.
കപ്പലിലെ ചീഫ് മേറ്റ് വരുത്തിയ വേഗതയിലെ മാറ്റങ്ങളും ദിശ മാറ്റാനുള്ള ശ്രമങ്ങളുമാണ് അപകടത്തിലേക്ക് നയിച്ചത്. കപ്പലിന്റെ നാവിഗേഷൻ സിസ്റ്റം സാങ്കേതിക പരിശോധനയ്ക്കായി താൽക്കാലികമായി നിലച്ചപ്പോൾ ചീഫ് മേറ്റ് മാനുവൽ സ്റ്റിയറിംഗിലേക്ക് മാറുകയും വേഗത വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ ഇരുട്ടുള്ള സാഹചര്യത്തിൽ കരയിലെ അടയാളങ്ങൾ തിരിച്ചറിയാൻ കഴിയാതിരുന്നതും കപ്പലിന്റെ വേഗത നിയന്ത്രണാതീതമായതും അപകടത്തിന്റെ ആഘാതം കൂട്ടി. നിശ്ചയിച്ച പാതയിൽ നിന്നും 160 മീറ്ററോളം മാറിയാണ് കപ്പൽ പവിഴപ്പുറ്റിൽ ഇടിച്ചുനിന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അപകടത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന യാത്രക്കാരെ മൂന്ന് ദിവസത്തിന് ശേഷം സുരക്ഷിതമായി കരയിലെത്തിക്കുകയും പിന്നീട് കെയ്‌ൻസിലേക്ക് മടക്കി അയക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് എടിഎസ്ബി ചീഫ് കമ്മീഷണർ ആംഗസ് മിച്ചൽ അറിയിച്ചു. കപ്പൽ കമ്പനിയുടെ നാവിഗേഷൻ രീതികളും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും.