കാനേഡിയൻ റോക്ക് ഗായകൻ ബ്രയാൻ ആഡംസ് തന്റെ "Roll With The Punches" ലോകപര്യടനത്തിന്റെ ഭാഗമായി 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വീണ്ടും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും എത്തും. 2025ലെ വൻവിജയമായ പര്യടനത്തിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും അരങ്ങിലെത്തുന്നത്. ഫ്രണ്ടിയർ ടൂറിംഗ് സംഘടിപ്പിക്കുന്ന പര്യടനത്തിൽ, തന്റെ 16-ാമത് സ്റ്റുഡിയോ ആൽബമായ "Roll With The Punches"-ലെ ഗാനങ്ങൾക്കൊപ്പം ആരാധകർ ഏറെ സ്നേഹിക്കുന്ന പഴയ ഹിറ്റുകളും ആഡംസ് അവതരിപ്പിക്കും. "Summer of '69", "Heaven", "Run To You", "(Everything I Do) I Do It For You", "Please Forgive Me" തുടങ്ങിയ ഗാനങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമാകും.
ഈ പര്യടനത്തിൽ പ്രത്യേക അതിഥിയായി ഓസ്ട്രേലിയൻ പോപ്പ് ഗായിക നതാലി ഇംബ്രൂലിയയും പങ്കെടുക്കും. "Torn" എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ നേടിയ ഇംബ്രൂലിയ, പുതിയ ആൽബമായ "Algorithm" പുറത്തിറക്കാനൊരുങ്ങുന്നതിനിടെയാണ് ഈ ടൂറിൽ ചേരുന്നത്. നാലു പതിറ്റാണ്ടിലേറെ നീളുന്ന സംഗീതജീവിതമുള്ള ബ്രയാൻ ആഡംസും, ലോകമെമ്പാടും ആരാധകരുള്ള നതാലി ഇംബ്രൂലിയയും ഒന്നിക്കുന്ന ഈ സംഗീതപര്യടനം ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും സംഗീതാസ്വാദകർക്ക് ശ്രദ്ധേയമായ അനുഭവമാകും. അതേസമയം ടിക്കറ്റുകളുടെ പൊതുവിൽപ്പന ജൂലൈ 20-ന് ഉച്ചയ്ക്ക് 12 മണിക്ക് (പ്രാദേശിക സമയം) ആരംഭിക്കും. ഫ്രണ്ടിയർ മെമ്പേഴ്സ് പ്രീ-സെയിൽ ജൂലൈ 17-ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.