15 മില്യണിൽ ഒന്ന്‌: ഓസ്‌ട്രേലിയയിൽ ഒരേ മറുപിള്ള പങ്കിട്ട് 4 ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി അമ്മ

28 ആഴ്ചയും നാല് ദിവസവും മാത്രം വളർച്ചയുള്ളപ്പോഴാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. എമിലി, ഹരിയറ്റ്, അലക്സ, കാതറിൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്.
15 മില്യണിൽ ഒന്ന്‌: ഓസ്‌ട്രേലിയയിൽ ഒരേ മറുപിള്ള പങ്കിട്ട് 4 ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി അമ്മ
Supplied: Metro Health North)
Published on

ബ്രിസ്ബേൻ: ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ പ്രസവത്തിന് സാക്ഷ്യം വഹിച്ച് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേൻ. സ്വാഭാവിക ഗർഭധാരണത്തിലൂടെ ഒരേ അണ്ഡം വിഭജിച്ച്, ഒരേ പ്ലാസന്റ (മറുപിള്ള) പങ്കിട്ട നാല് പെൺകുഞ്ഞുങ്ങൾക്ക് (Identical Quadruplets) ഒരു ഓസ്‌ട്രേലിയൻ വനിത ജന്മം നൽകി. ജെനിറ്റാർ നആമോന എന്ന 34-കാരിയാണ് റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ഹോസ്പിറ്റലിൽവെച്ച് സിസേറിയനിലൂടെ ഒരേസമയം നാല് പെൺകുഞ്ഞുങ്ങളെ പ്രസവിച്ചത്. 28 ആഴ്ചയും നാല് ദിവസവും മാത്രം വളർച്ചയുള്ളപ്പോഴാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. എമിലി, ഹരിയറ്റ്, അലക്സ, കാതറിൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്.

ഏകദേശം 15 മില്യണിൽ (ഒന്നരക്കോടി) ഒരു ഗർഭധാരണത്തിൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ളതും, ലോകത്തിൽ തന്നെ ഇതുവരെ രണ്ട് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളതുമായ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള സങ്കീർണ്ണ പ്രസവമായിരുന്നു ഇതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. അലക്സ ബെൻഡാൽ (Alexa Bendall) പറഞ്ഞു. ഇതിനകം ഒന്നു മുതൽ പത്തു വയസ്സുവരെ പ്രായമുള്ള നാല് മക്കളുള്ള ഈ ദമ്പതികൾക്ക് ഇതൊരു അപ്രതീക്ഷിത സന്തോഷമായിരുന്നു. ശസ്ത്രക്രിയയിൽ 20-ഓളം മെഡിക്കൽ വിദഗ്ദ്ധർ പങ്കെടുത്തു. 1025 ഗ്രാം മുതൽ 1151 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങൾ നിലവിൽ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ സുരക്ഷിതരായി കഴിയുന്നു. കുഞ്ഞുങ്ങളുടെ പരിചരണത്തിനായി മെഡിക്കൽ ടീമിലെ പ്രധാന ഡോക്ടറായ അലക്സയുടെ പേര് തന്നെയാണ് ഒരു കുഞ്ഞിന് നൽകിയിരിക്കുന്നത്. ഇത്രയും വലിയ കുടുംബത്തെ പരിപാലിക്കുന്നതിനായി 10-12 സീറ്റുകളുള്ള വലിയ വാനും മറ്റു സഹായങ്ങളും തേടി കുടുംബം ഗോ ഫണ്ട് മി (GoFundMe) വഴി സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.

Metro Australia
maustralia.com.au