

ബ്രിസ്ബേൻ: ലോക കായിക മാമാങ്കമായ 2032 ബ്രിസ്ബേൻ ഒളിമ്പിക്‌സ് ആൻഡ് പാരാലിമ്പിക്സിന് (Brisbane 2032 Olympic and Paralympic Games) ഇനി കൃത്യം ആറു വർഷം മാത്രം. കായികമേളയ്ക്ക് കൃത്യം ആറു വർഷം ബാക്കിനിൽക്കെ (2032 ജൂലൈ 23) അതിനായി കാത്തിരിക്കുന്ന കൗണ്ട്ഡൗൺ ക്ലോക്ക് ബ്രിസ്ബേൻ ക്വീൻ സ്ട്രീറ്റ് മോളിൽ ലോർഡ് മേയർ അഡ്രിയാൻ ഷ്രിന്നർ അനാച്ഛാദനം ചെയ്തു. 2032 ഓഗസ്റ്റ് 24-നാണ് പാരാലിമ്പിക്സ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഒളിമ്പിക്സ് ഗ്രാമമൊരുക്കാൻ 7 പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയും 10 എണ്ണം അത്യാധുനിക രീതിയിൽ നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അടുത്ത ആറു വർഷത്തിനുള്ളിൽ റോഡ്, റെയിൽ ഗതാഗത സൗകര്യങ്ങളും വൻതോതിൽ വികസിപ്പിക്കുമെന്ന് ഡെപ്യൂട്ടി പ്രീമിയർ ജാറോഡ് ബ്ലെജി വ്യക്തമാക്കി. ഒളിമ്പിക്സിനോടനുബന്ധിച്ച് നഗരത്തിൽ 50,000 പുതിയ വീടുകൾ നിർമ്മിക്കാനും പൊതുഗതാഗതവും പാർക്കുകളും നവീകരിക്കാനുമുള്ള 21 നിർണായക പദ്ധതികളടങ്ങുന്ന 'ലെഗസി വിഷൻ' രൂപരേഖയും ബ്രിസ്ബേൻ സിറ്റി കൗൺസിൽ പുറത്തിറക്കി. വാർഷികാഘോഷത്തിന്റെ ഭാഗമായി 1982-ലെ ബ്രിസ്ബേൻ കോമൺവെൽത്ത് ഗെയിംസിന്റെ മസ്കറ്റായിരുന്ന 'മറ്റിൽഡ' കംഗാരുവിന്റെ ഒൻപത് മീറ്റർ ഉയരമുള്ള കൂറ്റൻ പ്രതിമയും (Milly) മോറെട്ടൺ ബേയിൽ സ്ഥാപിച്ചു.