സാമ്പത്തിക വളർച്ചയും മാന്ദ്യഭീതിയും ഒരുമിച്ച്; എന്താണ് 'ബൂംസെഷൻ'ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് എന്ത്

മാക്രോ-ഇക്കണോമിക് സൂചികകൾ മികച്ച നിലവാരം പുലർത്തുമ്പോഴും ജീവിതച്ചെലവ്, പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക് എന്നിവ കാരണം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
സാമ്പത്തിക വളർച്ചയും മാന്ദ്യഭീതിയും ഒരുമിച്ച്; എന്താണ് 'ബൂംസെഷൻ'ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് എന്ത്
magnific.com
Published on: 

സിഡ്നി: തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുനിൽക്കുന്നു, ജിഡിപി വളർച്ചയും ഓഹരി വിപണിയും നേട്ടങ്ങൾ കൊയ്യുന്നു; എന്നിട്ടും സാധാരണ കുടുംബങ്ങൾ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം അനുഭവിക്കുന്നു. അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ ചർച്ചയായ 'ബൂംസെഷൻ' (Boomcession) എന്ന പ്രതിഭാസത്തിലൂടെയാണോ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയും കടന്നുപോകുന്നത് എന്ന ചോദ്യം ശക്തമാകുന്നു. 'ബൂം' (സാമ്പത്തിക മുന്നേറ്റം), 'റിസെഷൻ' (സാമ്പത്തിക മാന്ദ്യം) എന്നീ രണ്ട് അവസ്ഥകൾ ഒരുമിച്ച് നിലനിൽക്കുന്ന വിചിത്രമായ പ്രതിഭാസത്തെയാണ് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ മാറ്റ് സ്റ്റോളർ 'ബൂംസെഷൻ' എന്ന് വിശേഷിപ്പിച്ചത്.

മാക്രോ-ഇക്കണോമിക് സൂചികകൾ മികച്ച നിലവാരം പുലർത്തുമ്പോഴും ജീവിതച്ചെലവ്, പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക് എന്നിവ കാരണം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഓസ്‌ട്രേലിയയിൽ സമ്പദ്‌വ്യവസ്ഥ രണ്ട് ശതമാനത്തോളം വളർച്ച രേഖപ്പെടുത്തുകയും ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ശമ്പളവർധനവിനെ മറികടക്കുന്ന വിലക്കയറ്റവും ഭവനവായ്പാ തിരിച്ചടവുകളിലെ വർധനവും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഓഹരികളോ വലിയ ആസ്തികളോ ഇല്ലാത്ത സാധാരണ കുടുംബങ്ങൾക്ക് വിപണി മുന്നേറ്റത്തിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഓസ്‌ട്രേലിയയിൽ വർഷത്തിന്റെ തുടക്കത്തിൽ ബൂംസെഷന്റെ ലക്ഷണങ്ങൾ ദൃശ്യമായിരുന്നെങ്കിലും ഇപ്പോൾ ആ അവസ്ഥയിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് വില്യം ബക്ക് ചീഫ് ഇക്കണോമിസ്റ്റ് ബെസ ഡെഡ നിരീക്ഷിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) തുടർച്ചയായി പലിശനിരക്കുകൾ ഉയർത്തിയതോടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ വേഗത കുറയുകയും തൊഴിൽ വിപണി മന്ദഗതിയിലാവുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിലെ ഉപഭോക്തൃ ആത്മവിശ്വാസ സൂചിക (Consumer Sentiment Index) 74.9 എന്ന താഴ്ന്ന നിലവാരത്തിലേക്ക് വീണത് സാധാരണക്കാരുടെ ആശങ്ക വ്യക്തമാക്കുന്നു. പലിശനിരക്കുകൾ കുറയുകയും ജീവിതച്ചെലവ് ഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നത് വരെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വബോധം തിരിച്ചുവരില്ലെന്നാണ് വിലയിരുത്തൽ.

Metro Australia
maustralia.com.au