

ബോണ്ടായി ബീച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങൾ ദേശീയ റോയൽ കമ്മീഷൻ ഉടൻ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസിനോട് ആവശ്യപ്പെട്ടു. കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നത് തടയാൻ “കടുത്ത നടപടി”യും “ഇപ്പോൾ തന്നെ ശക്തമായ നേതൃത്വവും” ആണ് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോണ്ടായി ഭീകരാക്രമണത്തിൽ ഇരയായ 17 കുടുംബങ്ങൾ പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഓസ്ട്രേലിയയിൽ വേഗത്തിൽ ഉയരുന്ന യഹൂദവിരുദ്ധത (ആന്റി-സെമിറ്റിസം) പരിശോധിക്കുന്നതിനും, ബോണ്ടി ബീച്ച് കൂട്ടക്കൊലയിലേക്ക് നയിച്ച “നിയമപ്രവർത്തന, ഇന്റലിജൻസ്, നയപരമായ വീഴ്ചകൾ” അന്വേഷിക്കുന്നതിനുമായി കോമൺവെൽത്ത് റോയൽ കമ്മീഷൻ ഉടൻ രൂപീകരിക്കണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു.
“ഞങ്ങൾക്ക് ഉത്തരങ്ങളും പരിഹാരങ്ങളും വേണം,” പ്രസ്താവനയിൽ പറയുന്നു. “വ്യക്തമായ മുന്നറിയിപ്പുകൾ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു, യഹൂദവിരുദ്ധ വിദ്വേഷവും ഇസ്ലാമിക അതിവാദവും എങ്ങനെ നിയന്ത്രണമില്ലാതെ വളരാൻ അനുവദിക്കപ്പെട്ടു, ഇനി എല്ലാ ഓസ്ട്രേലിയൻസിനെയും സംരക്ഷിക്കാൻ എന്തെല്ലാം മാറ്റങ്ങൾ വേണം എന്നിവ അറിയണം.”
അഭിമാനമുള്ള ഓസ്ട്രേലിയക്കാരായും അഭിമാനമുള്ള ജൂതന്മാരായും ഞങ്ങൾ രണ്ടര വർഷത്തിലേറെയായി നിരന്തരമായ ആക്രമണങ്ങൾ സഹിച്ചുവരികയാണ്.
ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിലും സർവകലാശാലകളിലും സുരക്ഷിതത്വമില്ല. വീടുകളും ജോലി സ്ഥലങ്ങളും കളിസ്ഥലങ്ങളും പൊതുസ്ഥലങ്ങളും ഇനി സുരക്ഷിതമെന്ന തോന്നൽ നൽകുന്നില്ല. ഒരു ഓസ്ട്രേലിയനും സഹിക്കേണ്ട അവസ്ഥയല്ല ഇത്. പ്രസ്ഥാവനയിൽ സൂചിപ്പിച്ചു.
ബോണ്ടായി ആക്രമണത്തിന് പിന്നാലെ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച നടപടികൾ മതിയാകുന്നതല്ലെന്നും കുടുംബങ്ങൾ പറഞ്ഞു.
“ഓസ്ട്രേലിയൻ മണ്ണിലെ ഏറ്റവും ഭീകരമായ ഭീകരാക്രമണത്തെക്കുറിച്ച് റോയൽ കമ്മീഷനെ പിന്തുണക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നില്ല?” എന്നായിരുന്നു പ്രധാനമന്ത്രിയോടുള്ള ചോദ്യം.