

ഓസ്ട്രേലിയയിൽ വിരമിക്കൽ സമ്പാദ്യത്തിനായി ഉപയോഗിക്കുന്ന റിട്ടയർമെന്റ് സേവിങ്സ് അക്കൗണ്ടുകൾ (RSA) അടുത്ത വർഷം മുതൽ അടച്ചുപൂട്ടാൻ ക്വോഡോസ് ബാങ്ക്. 2025ൽ ബാങ്ക് ഓസ്ട്രേലിയയുമായി ലയിച്ച ക്വോഡോസ് ബാങ്ക്, 2027 ഫെബ്രുവരി 5നകം എല്ലാ RSA അക്കൗണ്ടുകളും അടയ്ക്കുമെന്ന് അറിയിച്ചു. ബാധിക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് സമ്പാദ്യം മറ്റൊരു റിട്ടയർമെന്റ് അല്ലെങ്കിൽ സൂപ്പർഅനുവേഷൻ ഫണ്ടിലേക്ക് മാറ്റുകയോ വിരമിക്കൽ പ്രായമെത്തിയവർക്ക് തുക നേരിട്ട് പിൻവലിക്കുകയോ ചെയ്യാം. 2027 ഫെബ്രുവരി 11ന് ശേഷം അക്കൗണ്ടുകളിൽ ശേഷിക്കുന്ന തുക ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫിസിലേക്ക് (ATO) കൈമാറുമെന്ന് ബാങ്ക് അറിയിച്ചു. അതിനാൽ ഉപഭോക്താക്കൾ സമയബന്ധിതമായി തുക മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം.
അക്കൗണ്ടുകൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് പ്രത്യേക അറിയിപ്പ് നൽകി. വിപണിയിൽ ലഭ്യമായ മറ്റ് ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് മുന്നിലുള്ള സാധ്യതകളും വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് ക്വോഡോസ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ തന്നെ പുതിയ RSA അക്കൗണ്ടുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ബാങ്ക് നിർത്തിയിരുന്നു. മറ്റൊരു ഫണ്ടിലേക്ക് തുക മാറ്റുന്നതിന് ബാങ്ക് ഫീസ് ഈടാക്കില്ലെന്ന് ബാങ്ക് ഓസ്ട്രേലിയ അറിയിച്ചു. എന്നാൽ തുക സ്വീകരിക്കുന്ന പുതിയ ഫണ്ട് കൈമാറ്റത്തിനോ അക്കൗണ്ട് പരിപാലനത്തിനോ ഫീസ് ഈടാക്കിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഈ തീരുമാനം എത്ര ഉപഭോക്താക്കളെ ബാധിക്കുമെന്നത് വ്യക്തമല്ല. ബാങ്ക് ഓസ്ട്രേലിയയുമായുള്ള ലയനത്തിന് മുമ്പ് ക്വോഡോസ് ബാങ്കിന് ഏകദേശം 1,00,249 ഉപഭോക്താക്കളുണ്ടായിരുന്നു. 18 ബില്യൺ ഡോളറിന്റെ ലയനത്തിലൂടെ 3 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള രാജ്യത്തെ വലിയ ഉപഭോക്തൃ ഉടമസ്ഥതയിലുള്ള ബാങ്കുകളിലൊന്നായി സ്ഥാപനം മാറി.
RSA അക്കൗണ്ടുകൾ കുറഞ്ഞുവരുന്നു
ഓസ്ട്രേലിയയിൽ ഇപ്പോഴും വിരമിക്കൽ സമ്പാദ്യ അക്കൗണ്ടുകൾ പുതിയ ഉപഭോക്താക്കൾക്കായി നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ വളരെ കുറവാണ്. താരതമ്യേന കുറഞ്ഞ അപകടസാധ്യതയുള്ളതാണെങ്കിലും ഇത്തരം അക്കൗണ്ടുകൾ സാധാരണയായി കുറഞ്ഞ വരുമാനമാണ് നൽകുന്നത്. ഉയർന്ന വരുമാനം ലക്ഷ്യമിടുന്ന പരമ്പരാഗത സൂപ്പർഅനുവേഷൻ പദ്ധതികൾ വ്യാപകമായതോടെ RSA അക്കൗണ്ടുകളുടെ ജനപ്രീതി കുറഞ്ഞു. ഓസ്ട്രേലിയൻ പ്രുഡൻഷ്യൽ റെഗുലേഷൻ അതോറിറ്റിയുടെ (APRA) കണക്കനുസരിച്ച്, ഡിഫൻസ് ബാങ്കും ഓസ്ട്രേലിയൻ മിലിട്ടറി ബാങ്കുമാണ് പുതിയ ഉപഭോക്താക്കൾക്ക് RSA അക്കൗണ്ടുകൾ നൽകുന്ന മറ്റ് സ്ഥാപനങ്ങൾ.
കോമൺവെൽത്ത് ബാങ്ക്, IMB, ബാങ്ക്വിക്, പീപ്പിൾസ് ഫസ്റ്റ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ നിലവിലുള്ള ഉപഭോക്താക്കളുടെ RSA അക്കൗണ്ടുകൾ തുടരുന്നുണ്ടെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല. ചില ഓസ്ട്രേലിയൻ വിരമിച്ചവർക്ക് RSA അക്കൗണ്ടുകൾ വഴിയാണ് പെൻഷൻ ലഭിക്കുന്നത്. അക്കൗണ്ടുകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ക്വോഡോസ് ബാങ്കിനോട് കൂടുതൽ പ്രതികരണം തേടിയിട്ടുണ്ടെന്ന് Nine.com.au അറിയിച്ചു.
(ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിനുള്ളതാണ്; വ്യക്തിഗത സാമ്പത്തിക ഉപദേശമല്ല. ഏതെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് സ്വന്തം സാമ്പത്തിക സാഹചര്യം, ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ പരിഗണിച്ച് അനുയോജ്യമായ ഉപദേശം തേടണം.)