ഓസ്‌ട്രേലിയയിൽ വൻ വിലയിടിവിലേക്ക് ഭവന വിപണി; സിഡ്‌നിയിലും മെൽബണിലും വില 8% വരെ കുറഞ്ഞേക്കുമെന്ന്

2026-ൽ സിഡ്‌നിയിലും മെൽബണിലും വീടുകളുടെ വില 8 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നാണ് ബാങ്കിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയയിൽ വൻ വിലയിടിവിലേക്ക് ഭവന വിപണി; സിഡ്‌നിയിലും മെൽബണിലും വില 8% വരെ കുറഞ്ഞേക്കുമെന്ന്
Picture: NewsWire / Aaron Francis
Published on

സിഡ്‌നി: പതിറ്റാണ്ടുകളായി വൻ സാമ്പത്തിക ലാഭം നൽകി മുന്നേറിക്കൊണ്ടിരുന്ന ഓസ്‌ട്രേലിയൻ ഭവന വിപണി വലിയൊരു തിരുത്തലിലേക്ക് നീങ്ങുന്നതായി പ്രമുഖ ആഗോള വാൾസ്ട്രീറ്റ് ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയുടെ മുന്നറിയിപ്പ്. ഉയർന്ന പലിശനിരക്കുകളും നിക്ഷേപകർക്കുള്ള നികുതി നിയമങ്ങളിൽ ഫെഡറൽ ലേബർ സർക്കാർ വരുത്തിയ മാറ്റങ്ങളും മൂലം 2026-ൽ സിഡ്‌നിയിലും മെൽബണിലും വീടുകളുടെ വില 8 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നാണ് ബാങ്കിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ബാങ്ക് ഓഫ് അമേരിക്കയ്ക്ക് പുറമെ രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഭവന വിപണിയിലെ ഈ മന്ദഗതി പ്രവചിച്ചിട്ടുണ്ട്. കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ മുൻ പ്രവചനങ്ങൾ തിരുത്തിക്കൊണ്ട് സിഡ്‌നിയിൽ 6 ശതമാനവും മെൽബണിൽ 7 ശതമാനവും വിലയിടിവ് പ്രതീക്ഷിക്കുമ്പോൾ, ആഗോള ബാങ്കായ യുബിഎസ് രാജ്യത്തുടനീളം 3 മുതൽ 5 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക വിദഗ്ദ്ധരായ നിക്ക് സ്റ്റെന്നറും ജോണി ലിയുവും വ്യക്തമാക്കുന്നത് അനുസരിച്ച്, ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുകൾ ജനങ്ങളുടെ വായ്പാ ശേഷി കുറച്ചിട്ടുണ്ട്. ഒപ്പം നെഗറ്റീവ് ഗിയറിങ് , ക്യാപിറ്റൽ ഗെയിൻസ് ടാക്സ് എന്നിവയിൽ വരുത്തിയ കർശന നിയന്ത്രണങ്ങൾ നിക്ഷേപകർക്ക് പ്രോപ്പർട്ടി വിപണിയിലുള്ള താല്പര്യം കുറയ്ക്കാൻ കാരണമായി.

വിപണിയിലെ ഈ മാറ്റം താൽക്കാലികം; വിവിധ നഗരങ്ങളിൽ ഭിന്നത:

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശമ്പള വർദ്ധനവിനേക്കാൾ വേഗത്തിൽ വീടുകളുടെ വില ഉയർന്നത് നിലവിലുള്ള പ്രോപ്പർട്ടി ഉടമകൾക്ക് വലിയ സമ്പത്തുണ്ടാക്കിക്കൊടുത്തപ്പോൾ, യുവാക്കളായ വലിയൊരു വിഭാഗത്തിന് സ്വന്തമായി ഒരു വീട് എന്നത് അപ്രാപ്യമാക്കിയിരുന്നു. നിലവിലെ ഈ വിലയിടിവ് യുവാക്കൾക്ക് വിപണിയിലേക്ക് പ്രവേശിക്കാൻ താൽക്കാലികമായി സഹായകരമായേക്കാം. എന്നാൽ ഈ പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും, വരും വർഷങ്ങളിൽ റിസർവ് ബാങ്ക് (RBA) പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾ ശക്തമാകുന്നതോടെ 2027-ന്റെ തുടക്കത്തിൽ വിപണി വീണ്ടും പഴയ ഊർജ്ജത്തിലേക്ക് തിരിച്ചെത്തുമെന്നും ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തുന്നു.

ഈ വർഷം ജനുവരിയിൽ 0.8 ശതമാനം വളർച്ചയോടെയാണ് ഓസ്‌ട്രേലിയൻ ഭവന വിപണി തുടങ്ങിയതെങ്കിലും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വളർച്ച മന്ദഗതിയിലാവുകയും മെയ് മാസത്തിൽ ലേബർ സർക്കാർ നികുതി പരിഷ്‌കരണങ്ങൾ പ്രഖ്യാപിച്ചതോടെ വില വളർച്ച പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു. എന്നാൽ ഓസ്‌ട്രേലിയൻ വിപണി ഇപ്പോൾ വ്യത്യസ്ത നഗരങ്ങളിൽ വ്യത്യസ്ത വേഗതയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ മാസം സിഡ്‌നിയിൽ 0.9 ശതമാനവും മെൽബണിൽ 0.8 ശതമാനവും വിലയിടിവ് രേഖപ്പെടുത്തിയപ്പോൾ, വൻതോതിലുള്ള ജനസംഖ്യാ വളർച്ചയും വീടുകളുടെ ദൗർലഭ്യവും കാരണം പെർത്ത് (Perth) നഗരത്തിൽ 1.5 ശതമാനവും ബ്രിസ്‌ബെയ്നിൽ 0.9 ശതമാനവും അഡ്‌ലെയ്ഡിൽ 0.5 ശതമാനവും വില വർദ്ധനവാണ് ഉണ്ടായത്. ദീർഘകാലാടിസ്ഥാനത്തിൽ നിർമ്മാണ ചിലവുകൾ കൂടുന്നതും വീടുകളുടെ ക്ഷാമവും വിപണിക്ക് അനുകൂല ഘടകങ്ങളായി തുടരുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Metro Australia
maustralia.com.au