

ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ലാഭത്തിനായി ഫ്രീക്വന്റ് ഫ്ലയർ പോയിന്റുകളെ കൂടുതൽ ആശ്രയിച്ച് ഓസ്ട്രേലിയക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 2.5 ബില്യൺ ഓസ്ട്രേലിയൻ ഡോളറിന് തുല്യമായ പോയിന്റുകളാണ് യാത്രക്കാർ ഉപയോഗിച്ചതെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. എന്നാൽ ഏകദേശം ഒരു ബില്യൺ ഡോളറിന്റെ മൂല്യമുള്ള പോയിന്റുകൾ ഇപ്പോഴും ഉപയോഗിക്കാതെ ശേഷിക്കുന്നുണ്ട്.
Virgin Australiaയുടെ Velocity Frequent Flyer പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ സർവേയിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാമ്പത്തിക സമ്മർദം ഗണ്യമായി വർധിച്ചതായി 75 ശതമാനം ഓസ്ട്രേലിയക്കാരും പ്രതികരിച്ചു. ഏതെങ്കിലും വിമാനക്കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളായവരെയാണ് ഫ്രീക്വന്റ് ഫ്ലയർ പോയിന്റുകളുടെ ഉപയോഗം സംബന്ധിച്ച പഠനത്തിൽ ഉൾപ്പെടുത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 57 ശതമാനം പേരും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത് കൂടുതൽ ബുദ്ധിമുട്ടായെന്നും വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഫ്രീക്വന്റ് ഫ്ലയർ പോയിന്റുകളെ യാത്രയ്ക്കുള്ള അധിക ആനുകൂല്യമായി മാത്രമല്ല, കുടുംബത്തിന്റെ സാമ്പത്തിക ചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആസ്തിയായും ആളുകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ വിമാനയാത്ര, സീറ്റ് അപ്ഗ്രേഡ്, ഗിഫ്റ്റ് കാർഡുകൾ, ഷോപ്പിങ്, ദൈനംദിന ചെലവുകൾ തുടങ്ങിയവയ്ക്കായി 2.5 ബില്യൺ ഡോളറിന്റെ പോയിന്റുകൾ ഉപയോഗിച്ചതായാണ് റിപ്പോർട്ടിന്റെ കണക്ക്. പോയിന്റുകൾ ഉപയോഗിക്കുന്നതിൽ യാത്രയ്ക്കാണ് ഇപ്പോഴും ഏറ്റവും കൂടുതൽ പ്രാധാന്യം. ഏകദേശം 50 ലക്ഷം ഓസ്ട്രേലിയക്കാർക്ക് പോയിന്റുകളുടെ സഹായത്തോടെ അല്ലാത്തപക്ഷം താങ്ങാനാകുമായിരുന്നില്ലാത്ത അവധിക്കാല യാത്രകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞതായി സർവേ വ്യക്തമാക്കുന്നു. ഫ്രീക്വന്റ് ഫ്ലയർ അംഗങ്ങളിൽ പകുതിയിലധികം പേർ വിമാന ടിക്കറ്റുകൾക്കും സീറ്റ് അപ്ഗ്രേഡുകൾക്കുമായി പോയിന്റുകൾ ഉപയോഗിച്ചിട്ടുണ്ട്. ഈ വർഷത്തെ ക്രിസ്മസ് യാത്രകൾക്കായി ഏകദേശം 30 ശതമാനം പേർ പോയിന്റുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ട്.
പോയിന്റുകൾക്കായി ഷോപ്പിങ് രീതികളിലും മാറ്റം
യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പുതന്നെ പോയിന്റുകൾ ആളുകളുടെ ചെലവഴിക്കൽ രീതികളെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പോയിന്റുകൾ പരമാവധി നേടുന്നതിനായി ഷോപ്പിങ് നടത്തുന്ന സ്ഥലങ്ങളിൽ മാറ്റം വരുത്തിയതായി 66 ശതമാനം ഓസ്ട്രേലിയക്കാർ പറഞ്ഞു. സൂപ്പർമാർക്കറ്റുകളിലാണ് ഇത്തരം മാറ്റങ്ങൾ കൂടുതലായി കാണുന്നത്. റിവാർഡ് പോയിന്റുകൾ നേടുന്നതിനായി മൂന്ന് ദശലക്ഷത്തിലധികം പേർ തങ്ങൾക്ക് പോകേണ്ട വഴിയിൽ നിന്ന് മാറി പ്രത്യേക പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനം നിറയ്ക്കാൻ യാത്ര ചെയ്യുന്നുണ്ടെന്നും സർവേ കണ്ടെത്തി.
യുവതലമുറയാണ് ഈ പ്രവണതയ്ക്ക് കൂടുതൽ നേതൃത്വം നൽകുന്നത്. Gen Z, Millennials വിഭാഗങ്ങളിലുള്ളവരാണ് പോയിന്റുകൾ നേടുന്നതിലും ഉപയോഗിക്കുന്നതിലും ഏറ്റവും സജീവം. അവധിക്കാല യാത്രകളുടെ ചെലവ് കുറയ്ക്കാൻ റിവാർഡുകൾ ഉപയോഗിക്കുന്നതിലും ഇവർ മുന്നിലാണ്. പോയിന്റുകൾ ലഭിക്കുന്നതിനായി ചെലവഴിക്കൽ രീതികളിൽ മാറ്റം വരുത്തുന്നവരിൽ Millennials ആണ് മുന്നിൽ. ഇവരിൽ നാലിൽ മൂന്ന് പേരും ഷോപ്പിങ്ങിനെയും ചെലവുകളെയും റിവാർഡ് പോയിന്റുകൾ സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
ഒരു ബില്യൺ ഡോളറിന്റെ പോയിന്റുകൾ ഉപയോഗിക്കാതെ കിടക്കുന്നു
പോയിന്റുകൾ നേടുന്നതും അവ ഉപയോഗിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. യാത്രയ്ക്കോ ഷോപ്പിങ്ങിനോ മറ്റ് വാങ്ങലുകൾക്കോ ഉപയോഗിക്കാവുന്ന പോയിന്റുകൾ അക്കൗണ്ടിൽ ലഭ്യമാണെന്ന കാര്യം മറന്നുപോയതായി 34 ശതമാനം പേർ പറഞ്ഞു. ഈ കണക്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്താകെ ഏകദേശം ഒരു ബില്യൺ ഡോളറിന്റെ റിവാർഡ് പോയിന്റുകളാണ് അവകാശപ്പെടാതെയും ഉപയോഗിക്കാതെയും ശേഷിക്കുന്നത്.
ലോയൽറ്റി പ്രോഗ്രാമുകൾ ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന്റെ (ACCC) മുൻ പഠനങ്ങളുമായും പുതിയ സർവേയിലെ കണ്ടെത്തലുകൾ പൊരുത്തപ്പെടുന്നു. റിവാർഡ് പോയിന്റുകൾ ലഭിക്കുന്ന സ്ഥാപനങ്ങളിലേക്കും സേവനങ്ങളിലേക്കും ഉപഭോക്താക്കളെ ആകർഷിക്കാൻ ഇത്തരം പദ്ധതികൾക്ക് കഴിയുന്നുണ്ട്. എന്നാൽ റിവാർഡ് പോയിന്റുകളെ പണത്തിന് തുല്യമായി കാണരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോയൽറ്റി പദ്ധതികളുടെ നിബന്ധനകൾ, പോയിന്റുകളുടെ വിനിമയ നിരക്ക്, ലഭ്യമായ റിവാർഡുകൾ എന്നിവയിൽ കമ്പനികൾക്ക് മാറ്റം വരുത്താൻ കഴിയുന്നതിനാൽ അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യത്തിന്റെ മൂല്യവും മാറാമെന്ന് ACCC ചൂണ്ടിക്കാട്ടുന്നു.