ആരോഗ്യത്തിന് ഭീഷണിയായി മോശം വീടുകൾ; ഓസ്ട്രേലിയയിൽ 25 ലക്ഷം പേർ അനാരോഗ്യകരമായ താമസസാഹചര്യങ്ങളിൽ

ഉയർന്ന വാടകയും ഭവനച്ചെലവും മാനസികാരോഗ്യത്തെ ബാധിക്കുമ്പോൾ, ഈർപ്പം, പൂപ്പൽ, ശരിയായ ഇൻസുലേഷൻ ഇല്ലായ്മ എന്നിവ ശ്വാസകോശ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.
ഓസ്ട്രേലിയയിൽ 25 ലക്ഷം പേർ അനാരോഗ്യകരമായ വീടുകളിൽ താമസം
(Supplied: Mould Men)
Published on: 

പുകവലി, മദ്യപാനം, അമിത പഞ്ചസാര ഉപയോഗം എന്നിവ ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അനാരോഗ്യകരമായ വീടുകളും ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഓസ്ട്രേലിയയിൽ ഏകദേശം 25 ലക്ഷം പേർ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്ന വീടുകളിലാണ് താമസിക്കുന്നതെന്നാണ് പുതിയ ഗവേഷണത്തിലെ കണ്ടെത്തൽ. മെൽബൺ സർവകലാശാലയിലെ Healthy Housing Unitന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വീടുകളുടെ മോശം അവസ്ഥ പല രീതിയിൽ ആരോഗ്യത്തെ ബാധിക്കുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വാടകയും ഭവനച്ചെലവും മാനസികാരോഗ്യത്തെ ബാധിക്കുമ്പോൾ, ഈർപ്പം, പൂപ്പൽ, ശരിയായ ഇൻസുലേഷൻ ഇല്ലായ്മ എന്നിവ ശ്വാസകോശ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. കടുത്ത ചൂടിലും തണുപ്പിലും വീടിനുള്ളിൽ സുരക്ഷിതമായ താപനില നിലനിർത്തുന്നതും ഇത്തരം വീടുകളിൽ ബുദ്ധിമുട്ടാണ്. പൂപ്പൽ, ഈർപ്പം, വിഷാംശമുള്ള വസ്തുക്കൾ, അനാവശ്യ ശബ്ദം, കീടങ്ങൾ എന്നിവയില്ലാത്ത വീടുകളെയാണ് ആരോഗ്യകരമായ വീടുകളായി കണക്കാക്കുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ ചൂടും തണുപ്പും നിയന്ത്രിക്കാനുള്ള സൗകര്യം, മതിയായ വായുസഞ്ചാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയും അവയിൽ ഉണ്ടായിരിക്കണം.

ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ശ്വാസകോശം, ഹൃദയം, കുട്ടികളുടെ വളർച്ച, ആയുർദൈർഘ്യം എന്നിവയെപ്പോലും ബാധിക്കാമെന്ന് NHMRC Centre of Research Excellence in Healthy Housing ഡയറക്ടർ പ്രൊഫസർ Rebecca Bentley പറഞ്ഞു. “ഭവനസൗകര്യത്തെയും ആരോഗ്യത്തെയും ഇനി വേർതിരിച്ചുള്ള വിഷയങ്ങളായി കാണാനാവില്ല,” അവർ വ്യക്തമാക്കി. ഉഷ്ണതരംഗങ്ങളും കടുത്ത തണുപ്പും വർധിക്കുന്ന സാഹചര്യത്തിൽ മോശം അവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവർക്കും ഭവനച്ചെലവുകൾ കാരണം ബുദ്ധിമുട്ടുന്നവർക്കും വീടിനുള്ളിൽ ആരോഗ്യകരമായ താപനില നിലനിർത്താൻ പ്രയാസമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയിലെ വീടുകൾക്ക് കടുത്ത കാലാവസ്ഥയെ നേരിടാൻ ദീർഘകാലമായി ബുദ്ധിമുട്ടുണ്ട്. 2024ൽ Cotality നടത്തിയ പഠനമനുസരിച്ച്, 2010ന് ശേഷം നിർമിച്ച വീടുകളുടെ ശരാശരി ഊർജക്ഷമതാ റേറ്റിങ് 10ൽ 5.9 ആയിരുന്നു. അതേസമയം, അതിനു മുമ്പ് നിർമിച്ച വീടുകളുടേത് 2.8 മാത്രമാണ്. പൂജ്യം സ്റ്റാർ റേറ്റിങ്ങുള്ള വീടുകൾ വേനൽക്കാലത്ത് അമിതമായി ചൂടാകുകയും ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം വീടുകളിൽ ചൂടും തണുപ്പും നിയന്ത്രിക്കാൻ അമിതമായി ഊർജം ചെലവഴിക്കേണ്ടിവരും. വീടുകളിലെ പൂപ്പൽ സമ്പർക്കം മാത്രം പരിഹരിച്ചാൽ ഓസ്ട്രേലിയയ്ക്ക് ആരോഗ്യപരിചരണ ചെലവിൽ 3.8 ബില്യൺ ഡോളർ ലാഭിക്കാനും ഉൽപ്പാദനക്ഷമതയിൽ 5.9 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ കണക്ക്.

ഓസ്ട്രേലിയയിൽ 25 ലക്ഷം പേർ അനാരോഗ്യകരമായ വീടുകളിൽ താമസം
Amy Charchar (Supplied)

വർഷങ്ങളോളം നീണ്ട ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം സ്വന്തം വീട്

വിക്ടോറിയയിൽ വാടകയ്ക്ക് താമസിക്കുന്ന Amy Charcharക്ക് വർഷങ്ങളോളം തന്റെ ആരോഗ്യനില മോശമാകുന്നതിന്റെ കാരണം കണ്ടെത്താനായിരുന്നില്ല. തുടർച്ചയായ ചുമ, ശ്വാസതടസ്സം, കടുത്ത ഓർമക്കുറവും ചിന്താശേഷിക്കുറവും, നിൽക്കുമ്പോൾ രക്തസമ്മർദം താഴുന്ന അവസ്ഥ, സന്ധിവേദന, തളർച്ച എന്നിവ അവരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. 40 വയസ്സായപ്പോഴേക്കും വീൽചെയർ ഉപയോഗിക്കേണ്ടിവരികയും സാധാരണ ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു. “മൂന്ന് വർഷം മുമ്പ് എന്നോട് സംസാരിച്ചിരുന്നെങ്കിൽ എനിക്ക് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല. വാക്കുകൾ വ്യക്തമായി പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. കുട്ടികളുടെ ഹോംവർക്ക് ഒപ്പിടാൻ ഒരു പേന പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. അത് വളരെ വേദനാജനകമായിരുന്നു,” അവർ പറഞ്ഞു.

കാരണം കണ്ടെത്താനായി ഏകദേശം 40 തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഒരു ഡോക്ടർ പോലും താമസിക്കുന്ന പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് സൂചിപ്പിച്ചില്ലെന്ന് Amy പറഞ്ഞു. ആശുപത്രിയിൽ വെച്ച് പ്രായമായ ഒരു സ്ത്രീയുമായി യാദൃച്ഛികമായി നടത്തിയ സംഭാഷണമാണ് വഴിത്തിരിവായത്. വീട്ടിലെ പൂപ്പൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന സംശയത്തെ തുടർന്ന് അവർ പരിശോധന നടത്താൻ തീരുമാനിച്ചു. “ആദ്യം ആ സ്ത്രീ പറഞ്ഞത് എനിക്ക് വിശ്വസിക്കാനായില്ല. എന്നാൽ വീട്ടിലെത്തി പരവതാനി ഉയർത്തി നോക്കിയപ്പോൾ പൂപ്പലുമായുള്ള സമ്പർക്കം കാരണം ഞാൻ ബോധരഹിതയായി,” അവർ പറഞ്ഞു. തുടർന്ന് സ്വതന്ത്ര പരിശോധനാ വിദഗ്ധൻ നടത്തിയ പരിശോധനയിൽ വീട്ടിൽ വ്യാപകമായ പൂപ്പൽ മലിനീകരണം കണ്ടെത്തി. കെട്ടിട പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെ വർഷങ്ങളായി അനുഭവിച്ച ആരോഗ്യപ്രശ്നങ്ങളും താമസിച്ചിരുന്ന വീടിന്റെ അവസ്ഥയും തമ്മിലുള്ള ബന്ധം ഡോക്ടർമാർക്ക് തിരിച്ചറിയാനായി. പിന്നീട് Chronic Inflammatory Response Syndrome (CIRS), പ്രായപൂർത്തിയായവരിൽ ആരംഭിക്കുന്ന ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ Amyക്ക് സ്ഥിരീകരിച്ചു. പൂപ്പൽ സമ്പർക്കമാണ് ഇവയ്ക്ക് കാരണമായതെന്ന് അവർ വിശ്വസിക്കുന്നു. പൂപ്പൽ, ഈർപ്പം എന്നിവ മൂലമുള്ള കെട്ടിടനാശവുമായി CIRS ബന്ധപ്പെട്ടിരിക്കാമെന്നാണ് കരുതപ്പെടുന്നത്. കുടുംബം ആ വീട്ടിൽ താമസിച്ചിരുന്ന കാലയളവിൽ ജനിച്ച നാല് കുട്ടികളിൽ മൂന്ന് പേർക്കും പിന്നീട് ആസ്ത്മ ബാധിച്ചു.

വാടകക്കാർക്ക് കൂടുതൽ ആരോഗ്യഭീഷണി

വാടകയ്ക്ക് താമസിക്കുന്നവർക്ക് പൂപ്പൽ, ഈർപ്പം തുടങ്ങിയ ഭവനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത ഉടമസ്ഥതയിലുള്ള വീടുകളിൽ താമസിക്കുന്നവരേക്കാൾ കൂടുതലാണെന്ന് പ്രൊഫസർ Bentley പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വാടകക്കാർക്ക് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ളവർ, വാടകക്കാർ, ആദിവാസി-ടോറസ് സ്ട്രെയിറ്റ് ദ്വീപ് സമൂഹങ്ങൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ദീർഘകാല രോഗങ്ങളുള്ളവർ എന്നിവരാണ് അനാരോഗ്യകരമായ വീടുകളുടെ പ്രത്യാഘാതങ്ങൾ കൂടുതലായി നേരിടുന്ന വിഭാഗങ്ങളെന്നും അവർ വ്യക്തമാക്കി.

ആരോഗ്യകരമായ വീടുകൾക്കായി ദേശീയതലത്തിൽ നടപടികൾ വേണം

ഭവനസൗകര്യങ്ങളെ സാമ്പത്തിക വിഷയമായി മാത്രം കാണാതെ ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാന സൗകര്യമായി പരിഗണിക്കണമെന്ന് പ്രൊഫസർ Bentley ആവശ്യപ്പെട്ടു. വീടുകൾക്ക് ബാധകമായ കുറഞ്ഞ നിലവാര മാനദണ്ഡങ്ങൾ, വാടകക്കാരുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ നിലവിലുള്ള വീടുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതി എന്നിവ ഓസ്ട്രേലിയയ്ക്ക് ആവശ്യമാണെന്നും അവർ പറഞ്ഞു. പൂപ്പൽ സമ്പർക്കത്തെ തുടർന്ന് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് Amy Charchar പതുക്കെ സുഖം പ്രാപിച്ചുവരികയാണെങ്കിലും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടരുകയാണ്. മറ്റുള്ളവർക്ക് സമാനമായ ദുരനുഭവം ഉണ്ടാകാതിരിക്കാനായി ഈ വിഷയത്തിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. “പൂപ്പൽ ഒരു പുതിയ പ്രശ്നമല്ല. സർക്കാർ ഇക്കാര്യത്തിൽ വലിയ പരാജയമാണ് നേരിട്ടത്. ശരിയായ നിയമങ്ങൾ നിലവിൽ വരണം. 30ലധികം രോഗലക്ഷണങ്ങളുമായി ഒരാൾ ചികിത്സ തേടിയെത്തുമ്പോൾ അതിന് പിന്നിൽ താമസിക്കുന്ന പരിസ്ഥിതിയാകാമെന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഡോക്ടർമാർക്കും ലഭിക്കണം,” Amy പറഞ്ഞു.