ആഗോള റാങ്കിങ്ങിൽ മിന്നി ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ; മറുവശത്ത് വൻ ജീവനക്കാരുടെ അമർഷവും

രാജ്യത്തെ 21 സർവ്വകലാശാലകൾ ആഗോളതലത്തിൽ തങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തിയപ്പോൾ, യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) രാജ്യത്ത് ഒന്നാമതായും ആഗോളതലത്തിൽ 19-ാം റാങ്കിലും എത്തി.
The University of Western Australia
വെസ്റ്റേൺ ഓസ്ട്രേലിയ സർവ്വകലാശാലPhoto| Universities Australia
Published on

മെൽബൺ: ഏറ്റവും പുതിയ ക്യു.എസ് അന്താരാഷ്ട്ര സർവ്വകലാശാല റാങ്കിങ്ങിൽ (QS 2027) ചരിത്രപരമായ നേട്ടവുമായി ഓസ്‌ട്രേലിയയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. രാജ്യത്തെ 21 സർവ്വകലാശാലകൾ ആഗോളതലത്തിൽ തങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തിയപ്പോൾ, യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) രാജ്യത്ത് ഒന്നാമതായും ആഗോളതലത്തിൽ 19-ാം റാങ്കിലും എത്തി. മികച്ച ഗവേഷണ മികവിലൂടെ ഓസ്‌ട്രേലിയൻ സർവ്വകലാശാലകളുടെ കൂട്ടായ്മയായ 'ഗ്രൂപ്പ് ഓഫ് 8' (Go8) റാങ്കിങ്ങിൽ വലിയ ആധിപത്യമാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഈ ആഗോള തിളക്കത്തിനിടയിലും ഓസ്‌ട്രേലിയൻ ക്യാമ്പസുകളിലെ അധ്യാപകരും പ്രൊഫഷണൽ ജീവനക്കാരും കടുത്ത മാനസിക സമ്മർദ്ദത്തിലും ജോലിഭാരത്തിലുമാണെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ടും പുറത്തുവന്നു.

യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിലിലെ അസോസിയേറ്റ് പ്രൊഫസർ ജെസ് ഹാരിസിന്റെ നേതൃത്വത്തിൽ 31 പൊതു സർവ്വകലാശാലകളിലെ 537 ജീവനക്കാരിൽ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സർവേയിൽ പങ്കെടുത്തവരിൽ 48.5 ശതമാനം പേരും തങ്ങളുടെ അമിത ജോലിഭാരത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. "ഈ ജോലിഭാരം എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്" എന്നായിരുന്നു ഒരു അധ്യാപകന്റെ പ്രതികരണം. സ്ഥിരനിയമനം ലഭിക്കുന്നതിനായി ആഴ്ചയിൽ 70 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും, വെറും 42.1 ശതമാനം പേർക്ക് മാത്രമാണ് വിരമിക്കൽ പ്രായം വരെ ഈ രംഗത്ത് തുടരാൻ താല്പര്യമുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവ്വകലാശാലകളുടെ കോർപ്പറേറ്റ് വൽക്കരണവും ഫണ്ട് വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം 3,500-ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതുമാണ് ഈ കടുത്ത അതൃപ്തിക്ക് കാരണം.

പ്രാദേശിക വിദ്യാർത്ഥികൾക്ക് റാങ്കിങ് പ്രയോജനപ്പെടില്ലെന്ന് വിദഗ്ദ്ധർ:

ആഗോള റാങ്കിങ്ങിലെ ഈ മുന്നേറ്റം ഓസ്‌ട്രേലിയയിലെ പ്രാദേശിക (Domestic) വിദ്യാർത്ഥികൾക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന് മൊനാഷ് സർവ്വകലാശാലയിലെ പ്രൊഫസർ ആൻഡ്രൂ നോർട്ടൺ ചൂണ്ടിക്കാട്ടി. ക്യു.എസ് റാങ്കിങ്ങിന്റെ 50 ശതമാനവും നിർണ്ണയിക്കുന്നത് ഗവേഷണ മികവാണ് (Research output). എന്നാൽ വിദ്യാർത്ഥികളുടെ സംതൃപ്തിയോ പ്രാദേശിക തൊഴിൽ സാധ്യതകളോ ഇതിൽ അളക്കപ്പെടുന്നില്ല. ഓസ്‌ട്രേലിയയിൽ ഒരു പ്രാദേശിക വിദ്യാർത്ഥിയെ പഠിപ്പിക്കാൻ സർക്കാർ നൽകുന്ന തുകയേക്കാൾ കൂടുതൽ ചിലവ് വരുന്നുണ്ട്. ഈ സാമ്പത്തിക നഷ്ടം നികത്താൻ സർവ്വകലാശാലകൾ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് (International students) ആശ്രയിക്കുന്നത്. വിദേശ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഉയർന്ന ഫീസ് ഉപയോഗിച്ച് ഗവേഷണം വർദ്ധിപ്പിക്കുകയും, അത് വഴി റാങ്ക് ഉയർത്തി വീണ്ടും കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുകയുമാണ് സർവ്വകലാശാലകൾ ചെയ്യുന്നത്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ യൂണിവേഴ്സിറ്റി ഭരണഘടനയിൽ മാറ്റം വരുത്തിയാലും ജീവനക്കാരുടെ ദുരിതത്തിന് പെട്ടെന്ന് പരിഹാരമുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വിലയിരുത്തി.

ക്യു.എസ് റാങ്കിങ്ങിൽ ആദ്യ 100-ൽ ഇടംപിടിച്ച ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ:

യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) - ആഗോള റാങ്ക്: 19

യൂണിവേഴ്സിറ്റി ഓഫ് മെൽബൺ - ആഗോള റാങ്ക്: 22

യൂണിവേഴ്സിറ്റി ഓഫ് സിഡ്‌നി - ആഗോള റാങ്ക്: 28

ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU) - ആഗോള റാങ്ക്: 29

മൊനാഷ് യൂണിവേഴ്സിറ്റി - ആഗോള റാങ്ക്: 31

യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാന്റ് - ആഗോള റാങ്ക്: 40

യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ - ആഗോള റാങ്ക്: 77

അഡ്‌ലെയ്ഡ് യൂണിവേഴ്സിറ്റി - ആഗോള റാങ്ക്: 79

യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജി സിഡ്‌നി (UTS) - ആഗോള റാങ്ക്: 87

Metro Australia
maustralia.com.au