26 വർഷത്തെ പ്രവർത്തനത്തിന് ശേഷം കാരവൻ നിർമ്മാതാക്കളായ എഒആർ പൂട്ടി; ചൈനീസ് ഇറക്കുമതി തിരിച്ചടിയായി

2000-ൽ ക്വീൻസ്‌ലൻഡിലെ മലെനിയിൽ ഒരു ചെറിയ ഗാരേജിൽ സ്റ്റീവ് ബഡൻ തുടക്കമിട്ട കമ്പനി, നൂറുകണക്കിന് ജീവനക്കാരുള്ള രാജ്യത്തെ മുൻനിര പ്രീമിയം കാരവൻ ബ്രാൻഡായി വളർന്നിരുന്നു
26 വർഷത്തെ പ്രവർത്തനത്തിന് ശേഷം കാരവൻ നിർമ്മാതാക്കളായ എഒആർ പൂട്ടി; ചൈനീസ് ഇറക്കുമതി തിരിച്ചടിയായി
Picture: Supplied
Published on

ബ്രിസ്ബെയ്ൻ: പ്രമുഖ ഓസ്‌ട്രേലിയൻ കാരവൻ നിർമ്മാണ കമ്പനിയായ 'ഓസ്‌ട്രേലിയൻ ഓഫ് റോഡ്' (AOR) 26 വർഷത്തെ വിജയകരമായ പ്രവർത്തനത്തിന് ശേഷം അഡ്മിനിസ്ട്രേഷനിലേക്ക്. ഡിസൈൻ പകർപ്പുകളും കുറഞ്ഞ നിരക്കിലുള്ള ചൈനീസ് ഇറക്കുമതിയും സൃഷ്ടിച്ച കടുത്ത വിപണി സമ്മർദ്ദമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. 2000-ൽ ക്വീൻസ്‌ലൻഡിലെ മലെനിയിൽ ഒരു ചെറിയ ഗാരേജിൽ സ്റ്റീവ് ബഡൻ തുടക്കമിട്ട കമ്പനി, നൂറുകണക്കിന് ജീവനക്കാരുള്ള രാജ്യത്തെ മുൻനിര പ്രീമിയം കാരവൻ ബ്രാൻഡായി വളർന്നിരുന്നു. കഴിഞ്ഞ വർഷം കാരവൻ ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയയുടെ 'പീപ്പിൾസ് ചോയ്‌സ് മാനുഫാക്ചറർ ഓഫ് ദി ഇയർ' പുരസ്കാരവും ഇവർ സ്വന്തമാക്കിയിരുന്നു.

വർഷങ്ങളോളം നീണ്ട എഞ്ചിനീയറിംഗ് ഗവേഷണങ്ങളിലൂടെ കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളും ഡിസൈനുകളും എതിരാളികൾ വ്യാപകമായി പകർത്തിയെന്നും നിലവാരമില്ലാത്ത വിദേശ ഉൽപന്നങ്ങളോട് വിലയിൽ മത്സരിക്കാൻ കഴിയാത്തതാണ് തിരിച്ചടിയായതെന്നും മാനേജ്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനിയുടെ ആസ്തികളെക്കുറിച്ചുള്ള അന്തിമ തീരുമാനം അഡ്മിനിസ്ട്രേറ്റർമാർ കൈക്കൊള്ളും. അതേസമയം, മഹാമാരിക്കാലത്തെ വൻ കുതിച്ചുചാട്ടത്തിന് ശേഷം കാരവൻ വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമാണിതെന്നും വ്യവസായ മേഖല മൊത്തത്തിൽ സുരക്ഷിതമാണെന്നും കാരവാനിംഗ് ക്വീൻസ്‌ലൻഡ് പ്രതികരിച്ചു.

Metro Australia
maustralia.com.au