

കാൻബെറ: ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിട്ടറിയിലെഭവനക്ഷാമത്തിന് പരിഹാരമായി കാൻബെറയുടെ വടക്കൻ മേഖലയിലുള്ള പ്രശസ്തമായ ഗിന്നിൻഡെറ പരീക്ഷണ കേന്ദ്രത്തിന്റെ (Ginninderra Experiment Station) ഭൂമി സ്വന്തമാക്കാൻ സിഎസ്ഐആർഒയുമായി കരാറൊപ്പിട്ട് എസിടി സർക്കാർ. 385 മില്യൺ ഡോളർ ചെലവഴിച്ച് 243 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇവിടെ മൂവായിരത്തിലധികം പുതിയ വീടുകൾ നിർമ്മിക്കാനാണ് പദ്ധതി. ഇതിൽ 15 ശതമാനത്തോളം വീടുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള (Affordable Housing) പൊതുഭവനങ്ങളായിരിക്കുമെന്ന് എസിടി ഭവനമന്ത്രി ഇവെറ്റ് ബെറി വ്യക്തമാക്കി. എസിടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കലുകളിലൊന്നാണിതെന്നും 2030-ഓടെ തലസ്ഥാന നഗരിയിൽ 30,000 പുതിയ വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇത് സഹായിക്കുമെന്നും ചീഫ് മിനിസ്റ്റർ ആൻഡ്രൂ ബാർ പറഞ്ഞു.
ശാസ്ത്ര ഗവേഷണ കേന്ദ്രമായിരുന്ന ഈ ഭൂമിയിൽ മുൻപ് നടത്തിയ പരീക്ഷണങ്ങൾ മൂലമുണ്ടായേക്കാവുന്ന രാസമാലിന്യ മലിനീകരണ സാധ്യതകളെക്കുറിച്ചുള്ള സുദീർഘമായ പരിശോധനകൾ കാരണമാണ് 2021-ൽ ആരംഭിച്ച ചർച്ചകൾ കരാറിലെത്താൻ വൈകിയതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഭൂമിയിൽ യാതൊരുവിധ മലിനീകരണ പ്രശ്നങ്ങളും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 'ഗിന്നിൻഡെറ ഈസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഉപനഗരത്തിന്റെ മാസ്റ്റർ പ്ലാനിംഗ് പ്രദേശവാസികളുമായി കൂടിയാലോചിച്ച് മാത്രമായിരിക്കും നടപ്പിലാക്കുക. ബജറ്റ് പ്രതിസന്ധി ഒഴിവാക്കാൻ 2027 മുതൽ എട്ട് ഗഡുക്കളായാണ് തുക കൈമാറുക. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന തുക ജീലോങ്ങിലുള്ള ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പേർഡ്‌നെസിന്റെ നവീകരണത്തിനായി വിനിയോഗിക്കുമെന്ന് സിഎസ്ഐആർഒ വക്താവ് അറിയിച്ചു. ഇവിടെ 2029 ഒക്ടോബറോടെ മാത്രമേ യഥാർത്ഥ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂ.