

മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതോടെ ആഗോള എണ്ണവില ബാരലിന് 150 യുഎസ് ഡോളർ വരെ ഉയർന്നേക്കുമെന്ന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബാങ്കായ കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (CBA) മുന്നറിയിപ്പ് നൽകി.അടുത്ത ആഴ്ചകളിൽ ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് വില 150 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് CBA സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈൻ ഹൂത്തി ആക്രമണത്തെ തുടർന്ന് ആഴ്ചകളോളം അടച്ചിടുമെന്ന് സൗദി സർക്കാർ പ്രഖ്യാപിച്ചതാണ് ആശങ്ക വർധിപ്പിച്ചത്.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ ചെങ്കടൽ വഴി കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ അടച്ചിടുന്നത് ആഗോള എണ്ണവിതരണത്തെ ബാധിക്കും. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ ആക്രമണത്തിന് മുമ്പ് ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം 25 ശതമാനം കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിന് ബദൽ മാർഗമായിരുന്നു ഈ പൈപ്പ്‌ലൈൻ. പൈപ്പ്‌ലൈൻ അടച്ചതോടെ സൗദി എണ്ണക്കമ്പനികൾക്ക് ഏഷ്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും കൂടുതൽ എണ്ണ സൂയസ് കനാൽ വഴി അയക്കേണ്ടിവരും. ഇതോടെ കപ്പലുകൾ കൂടുതൽ സമയം കടലിൽ ചെലവഴിക്കേണ്ടിവരുന്നതിനാൽ ടാങ്കർ നിരക്കുകളും ഉയരുമെന്ന് CBA വ്യക്തമാക്കി. അതേസമയം ചൈനയുടെ വർധിച്ചുവരുന്ന എണ്ണ ഇറക്കുമതിയും ആഗോള എണ്ണശേഖരത്തിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങാൻ ഇനിയും ഏറെ സമയം വേണ്ടിവരുമെന്നും ബാങ്ക് വിലയിരുത്തുന്നു. ആഗോള എണ്ണവിപണിയിൽ നിലവിൽ 5 മുതൽ 11 ആഴ്ച വരെ മാത്രം മതിയാകുന്ന ക്രൂഡ് ഓയിൽ ശേഖരം അവശേഷിക്കാനുള്ള സാധ്യതയുണ്ടെന്നും CBA മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയിൽ ഇന്ധനവില ഉയരുമോ?
മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ചകളിൽ ഓസ്‌ട്രേലിയയിലുടനീളം ഇന്ധനവില ഉയർന്നിരുന്നു. തലസ്ഥാന നഗരങ്ങളിൽ പെട്രോൾ വില ശരാശരി ലിറ്ററിന് 2.20 ഓസ്‌ട്രേലിയൻ ഡോളറും ഡീസൽ വില ഏകദേശം 2.55 ഡോളറുമാണ്. ഇന്ധനവിലയിലെ സമ്മർദം കുറയ്ക്കാൻ ഇന്ധന എക്സൈസ് നികുതി ഇളവ് വീണ്ടും കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നുണ്ട്. നേരത്തെ പെട്രോൾ എക്സൈസ് 32 സെന്റ് കുറച്ചിരുന്നെങ്കിലും ഓഗസ്റ്റ് 2ന് ഈ ഇളവ് അവസാനിച്ചിരുന്നു. മിഡിൽ ഈസ്റ്റിൽ സമാധാന കരാറിനുള്ള സാധ്യതകൾ കുറഞ്ഞുവരുന്നതിനാൽ പമ്പുകളിലെ ഇന്ധനവിലയിലെ ചാഞ്ചാട്ടം പുതിയ സാധാരണയായി മാറുകയാണെന്ന് NRMA മുന്നറിയിപ്പ് നൽകി.