പ്രധാനമന്ത്രിയുടെ ബാങ്ക് വിവരങ്ങൾ അനധികൃതമായി പരിശോധിച്ചു; 2 EY ജീവനക്കാർക്കെതിരെ കേസ്

Commonwealth Bank-നുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിൽ പ്രവർത്തിക്കുമ്പോഴാണ് രണ്ട് ജീവനക്കാർ പ്രധാനമന്ത്രിയുടെ ബാങ്ക് വിവരങ്ങൾ സ്വന്തം താൽപര്യപ്രകാരം പരിശോധിച്ചതെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ ബാങ്ക് വിവരങ്ങൾ അനധികൃതമായി പരിശോധിച്ചു
Published on

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അനധികൃതമായി പരിശോധിച്ചെന്നാരോപിച്ച് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ Ernst & Young (EY)-യിലെ രണ്ട് ബിരുദധാരി ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് ഇരുവരെയും ജോലിയിൽ നിന്ന് പുറത്താക്കി. Commonwealth Bank-നുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിൽ പ്രവർത്തിക്കുമ്പോഴാണ് 21 വയസ്സും 25 വയസ്സും പ്രായമുള്ള രണ്ട് ജീവനക്കാർ പ്രധാനമന്ത്രിയുടെ ബാങ്ക് വിവരങ്ങൾ സ്വന്തം താൽപര്യപ്രകാരം പരിശോധിച്ചതെന്നാണ് റിപ്പോർട്ട്. ഇത് സ്ഥാപനത്തിന്റെ നിർദേശപ്രകാരമല്ലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് EY നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ആരോപണം ശരിവന്നതോടെ ഇരുവരുടെയും സേവനം അവസാനിപ്പിച്ചു. പിന്നാലെ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) കേസെടുത്ത് ഇരുവർക്കുമെതിരെ കുറ്റം ചുമത്തി.

പ്രധാനമന്ത്രിയുടെ ബാങ്ക് വിവരങ്ങൾ അനധികൃതമായി പരിശോധിച്ചു

പൊലീസ് പ്രധാനമന്ത്രിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പകരം, "ഒരു ഫെഡറൽ പാർലമെന്റ് അംഗത്തിന്റെ" വിവരങ്ങളാണ് അനധികൃതമായി പരിശോധിച്ചതെന്ന് മാത്രമാണ് അറിയിച്ചത്. 21-കാരനെതിരെ അനുമതിയില്ലാതെ രഹസ്യ വിവരങ്ങൾ കൈവശപ്പെടുത്തിയതിനും അവ ടെലികമ്മ്യൂണിക്കേഷൻ സേവനം ഉപയോഗിച്ച് പങ്കുവെച്ചതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 25-കാരനെതിരെ അനധികൃതമായി രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനം നേടാൻ സഹായിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരുവരെയും മേയ് 6-ന് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. കേസ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഈ സംഭവത്തിൽ മുതിർന്ന ഒരു EY ഉദ്യോഗസ്ഥന്റെ ബാങ്ക് വിവരങ്ങളും അനധികൃതമായി പരിശോധിച്ചതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ EY, പ്രധാനമന്ത്രിയുടെ ഓഫീസ്, Commonwealth Bank എന്നിവ പ്രതികരിക്കാൻ വിസമ്മതിച്ചു. ബാങ്ക് അക്കൗണ്ടുകൾ ഔദ്യോഗിക ജോലിയുടെ ഭാഗമായി മാത്രമേ പരിശോധിക്കാവൂ എന്നും കൗതുകത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വിവരങ്ങൾ ഉപയോഗിക്കുന്നത് ഗുരുതര ചട്ടലംഘനമാണെന്നും സാമ്പത്തിക മേഖലയിലെ ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ, അടുത്തിടെ വിസിൽബ്ലോവർ പരാതികൾ ശരിയായി കൈകാര്യം ചെയ്തില്ലെന്ന വിവാദത്തെ തുടർന്ന് KPMG Australiaയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ യേറ്റ്സ് രാജിവെച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയയിലെ പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ വീണ്ടും വിവാദങ്ങളിൽപ്പെടുകയാണ്.

Metro Australia
maustralia.com.au