ടെൽസ്ട്ര ഉപഭോക്താക്കൾക്ക് വ്യാജ മിസ്ഡ് കോൾ അറിയിപ്പുകളുടെ പ്രളയം; തകരാർ പരിഹരിച്ചു

ടെൽസ്ട്രയുടെ മെസേജ് ബാങ്ക് സേവനത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്ന് കമ്പനി വ്യക്തമാക്കി.
ടെൽസ്ട്ര ഉപഭോക്താക്കൾക്ക് വ്യാജ മിസ്ഡ് കോൾ പ്രളയം; തകരാർ പരിഹരിച്ചു
Published on: 

ഓസ്‌ട്രേലിയൻ ടെലികോം കമ്പനിയായ ടെൽസ്ട്രയുടെ ഉപഭോക്താക്കൾക്ക് മിസ്ഡ് കോൾ അറിയിപ്പുകളുടെ പ്രളയം. വിളിക്കാത്ത നമ്പറുകളിൽനിന്നുപോലും മിസ്ഡ് കോൾ സന്ദേശങ്ങൾ ലഭിച്ചതായി നിരവധി ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തു. ടെലികോം സേവനങ്ങളിലെ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിലും ടെൽസ്ട്രയുമായി ബന്ധപ്പെട്ട പരാതികൾ കുത്തനെ ഉയർന്നു.

ടെൽസ്ട്രയുടെ മെസേജ് ബാങ്ക് (MessageBank) സേവനത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്ന് കമ്പനി വ്യക്തമാക്കി. ബുധനാഴ്ച നേരത്തെയുണ്ടായ തകരാർ പരിഹരിച്ചതായും വൈകിയെത്തിയ മിസ്ഡ് കോൾ, വോയ്‌സ്‌മെയിൽ അറിയിപ്പുകൾ ഒന്നിച്ചെത്തിയതാകാമെന്നും കമ്പനി വക്താവ് അറിയിച്ചു. ഉപഭോക്താക്കൾക്കുണ്ടായ ആശയക്കുഴപ്പത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വർഷം ജൂലൈ 8-ന് ടെൽസ്ട്രയുടെ രാജ്യവ്യാപക ശൃംഖലയിൽ വലിയ തകരാർ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) നമ്പറിലേക്ക് വിളിക്കുന്നതിൽ ഉൾപ്പെടെ തടസ്സമുണ്ടായി. അന്ന് നെറ്റ്‌വർക്കിലെ ഏകദേശം 45 ശതമാനം കോളുകളെയും ഡാറ്റാ കണക്ഷനുകളെയും ബാധിച്ചതായും നൂറുകണക്കിന് അടിയന്തര കോളുകൾ ബന്ധിപ്പിക്കാനാകാതെ പോയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ മെസേജ് ബാങ്ക് പ്രശ്നം ട്രിപ്പിൾ സീറോ കോളുകളെയോ സാധാരണ വോയ്‌സ് കോളുകളെയോ മൊബൈൽ ഡാറ്റാ സേവനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് ടെൽസ്ട്ര വ്യക്തമാക്കി.