ചരിത്രത്തിലെ ഏറ്റവും വലിയ ഫോസിൽ ഇന്ധന കയറ്റുമതിക്കാർ റഷ്യയും സൗദി അറേബ്യയും ഓസ്‌ട്രേലിയയും

ഏകദേശം 60 ഗിഗാടൺ കാർബൺ ഡൈ ഓക്സൈഡുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 25 ഗിഗാടണ്ണിലധികം പുറന്തള്ളലിന് ഉത്തരവാദിയായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.
റഷ്യ, സൗദി അറേബ്യ, ഓസ്‌ട്രേലിയ: ഫോസിൽ ഇന്ധന കയറ്റുമതിയുടെ ചരിത്രം
(Photograph: Vasily Fedosenko/Reuters)
Published on: 

1850 മുതൽ ഫോസിൽ ഇന്ധനങ്ങളുടെ കയറ്റുമതിയിലൂടെ അന്തരീക്ഷത്തിലെത്തിയ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കണക്കാക്കിയുള്ള പഠനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്ന് കയറ്റുമതിക്കാർ റഷ്യ, സൗദി അറേബ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണെന്ന് കണ്ടെത്തൽ. കാർബൺ ബ്രീഫ് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തൽ. ദി ഗാർഡിയനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

2025 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ പുറത്തുവന്ന 70 ഗിഗാടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡിന് റഷ്യ ഉത്തരവാദിയാണ്. ഏകദേശം 60 ഗിഗാടൺ കാർബൺ ഡൈ ഓക്സൈഡുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 25 ഗിഗാടണ്ണിലധികം പുറന്തള്ളലിന് ഉത്തരവാദിയായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. വെനസ്വേലയാണ് ഓസ്‌ട്രേലിയയ്ക്ക് തൊട്ടുപിന്നിൽ. ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 31ന് ഓസ്‌ട്രേലിയ നേതൃത്വം നൽകുന്നതിനിടെയാണ് പുതിയ പഠനവിവരങ്ങൾ പുറത്തുവന്നത്. തുർക്കിയിൽ നടക്കുന്ന ഉച്ചകോടി രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ കയറ്റുമതി വരുമാനത്തിന്റെ ഏകദേശം 40 ശതമാനവും ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിനും കയറ്റുമതിക്കും അവസാന തീയതി നിശ്ചയിക്കാൻ രാജ്യം ഇതുവരെ തയ്യാറായിട്ടില്ല.

ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ സമ്പത്ത് നേടിയ രാജ്യങ്ങൾ കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള സാമ്പത്തിക സഹായ ചർച്ചകളിൽ നിർണായക രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നത് വൈരുധ്യമാണെന്ന് മേക്ക് പൊല്യൂട്ടേഴ്‌സ് പേ ഇന്റർനാഷണൽ കോയലിഷൻ കൺവീനർ ലൂയിസ് ഹച്ചിൻസ് പറഞ്ഞു. ഫോസിൽ ഇന്ധന കയറ്റുമതി കൂടി കണക്കിലെടുക്കുമ്പോൾ ആഗോള താപനത്തിന് ഓസ്‌ട്രേലിയയുടെ സംഭാവന ഇരട്ടിയിലധികമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. സാധാരണയായി കാർബൺ പുറന്തള്ളലിന്റെ ഉത്തരവാദിത്തം ഇന്ധനം ഉപയോഗിക്കുന്ന രാജ്യങ്ങൾക്കാണ് കണക്കാക്കുന്നത്. എന്നാൽ പുതിയ പഠനം ഫോസിൽ ഇന്ധനങ്ങൾ ഖനനം ചെയ്ത് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കാണ് ഉത്തരവാദിത്തം നൽകുന്നത്. ഇതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയെയും ചരിത്രപരമായ പുറന്തള്ളൽ ഉത്തരവാദിത്തത്തെയും വ്യത്യസ്തമായ രീതിയിൽ വിലയിരുത്താനാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

Also Read
ട്രംപ്-അൽബനീസി കൂടിക്കാഴ്ച: ചൈനയുടെ സ്വാധീനം കുറയ്ക്കാൻ പ്രതിരോധ-സാങ്കേതിക കരാറുകളുമായി ക്വാഡ്
റഷ്യ, സൗദി അറേബ്യ, ഓസ്‌ട്രേലിയ: ഫോസിൽ ഇന്ധന കയറ്റുമതിയുടെ ചരിത്രം

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഹരിതഗൃഹ വാതക പുറന്തള്ളൽ രാജ്യങ്ങളായ അമേരിക്കയും ചൈനയും ചരിത്രപരമായ ആകെ പുറന്തള്ളലിന്റെ കാര്യത്തിൽ റഷ്യ, സൗദി അറേബ്യ, ഓസ്‌ട്രേലിയ എന്നിവയെക്കാൾ വലിയ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം വലിയ അളവിൽ ഇറക്കുമതിയും ചെയ്യുന്ന രാജ്യങ്ങളാണിവ. കോപ് 31ൽ തിങ്കളാഴ്ച ഓസ്‌ട്രേലിയ ഉച്ചകോടിയുടെ അന്തിമ തീരുമാനത്തിനായുള്ള ആദ്യ കരട് പുറത്തിറക്കിയിരുന്നു. ഊർജമേഖലയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം ഉടൻ ആരംഭിക്കണമെന്ന ആഹ്വാനവും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ 2023ലെ ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കുശേഷം നിലപാട് കടുപ്പിച്ചതിനാൽ ഈ നിർദേശം അന്തിമരേഖയിൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. കോപ് 31ന് നേതൃത്വം നൽകുമ്പോഴും സ്വന്തം രാജ്യത്തെ ഫോസിൽ ഇന്ധന ഖനനം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയയ്ക്ക് പദ്ധതിയില്ലെന്നാണ് ക്ലൈമറ്റ് അനലിറ്റിക്സിന്റെ മറ്റൊരു പഠനം വ്യക്തമാക്കുന്നത്. 2088 വരെ പ്രവർത്തനം തുടരാൻ സാധ്യതയുള്ള കൽക്കരി ഖനികൾക്ക് അനുമതി നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ രാജ്യത്തിനുള്ളിൽ പതിറ്റാണ്ടുകളോളം ഫോസിൽ ഇന്ധന ഉൽപ്പാദനം തുടരാൻ അനുമതി നൽകുന്നത് വൈരുധ്യമാണെന്ന് ക്ലൈമറ്റ് അനലിറ്റിക്സ് സിഇഒ ബിൽ ഹെയർ വിമർശിച്ചു.

അതേസമയം, ചരിത്രപരമായ ആഗോള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിൽ സൗദി അറേബ്യയുടെ ആഭ്യന്തര സംഭാവന ഏകദേശം ഒരു ശതമാനം മാത്രമാണെന്ന് സൗദി ഊർജ മന്ത്രാലയ പ്രതിനിധി പ്രതികരിച്ചു. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യത്തെക്കാൾ അത് ഉപയോഗിക്കുന്ന രാജ്യങ്ങൾക്കാണ് പുറന്തള്ളലിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ഊർജ ഉൽപ്പാദക രാജ്യങ്ങൾക്കും പങ്കുണ്ടെന്നും സൗദി അറേബ്യ അതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോസിൽ ഇന്ധന ഉൽപ്പാദനം അവസാനിപ്പിക്കാനും സമ്പന്ന രാജ്യങ്ങൾ നീതിപൂർവവും വേഗത്തിലുമുള്ള മാറ്റത്തിനായി സാമ്പത്തിക സഹായം ഉറപ്പാക്കാനും തയ്യാറാകണമെന്ന് ഫ്രണ്ട്സ് ഓഫ് ദ എർത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് അസദ് റഹ്മാൻ ആവശ്യപ്പെട്ടു.