

കുട്ടികളുടെ ഉറക്കവസ്ത്രങ്ങളിൽ നിർബന്ധമായ അഗ്നിബാധാ മുന്നറിയിപ്പ് ലേബലുകൾ ഉൾപ്പെടുത്താത്തതിനെ തുടർന്ന് H&M ഓസ്ട്രേലിയ 1,38,600 ഡോളർ പിഴയടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 4,000-ത്തിലധികം വസ്ത്രങ്ങൾ വിറ്റഴിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) നൽകിയ ഏഴ് പിഴ നോട്ടീസുകളെത്തുടർന്നാണ് കമ്പനി പിഴ അടച്ചത്. കുട്ടികളുടെ നൈറ്റ്വെയറിനും പരിമിതമായ ചില പകൽവസ്ത്രങ്ങൾക്കും ബാധകമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത്.
വസ്ത്രത്തിന്റെ തുണിയുടെ സ്വഭാവവും തീപിടിക്കാനുള്ള സാധ്യതയും പരിശോധിച്ചാണ് 'ഉയർന്ന അഗ്നിബാധാ സാധ്യത' അല്ലെങ്കിൽ 'കുറഞ്ഞ അഗ്നിബാധാ സാധ്യത' എന്ന മുന്നറിയിപ്പ് ലേബൽ നൽകേണ്ടത്. എന്നാൽ പരിശോധനയ്ക്ക് വിധേയമായ ചില വസ്ത്രങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ ഉണ്ടായിരുന്നില്ല. മറ്റു ചിലതിൽ ലേബലിന്റെ സ്ഥാനം, ഉപയോഗിച്ച വാക്കുകൾ എന്നിവ സംബന്ധിച്ച ചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. വസ്ത്രങ്ങൾ യഥാർഥ ജ്വലനക്ഷമതാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിലും മുന്നറിയിപ്പ് ലേബലുകളുടെ അഭാവം ഗൗരവമുള്ള വിഷയമാണെന്ന് ACCC ഡെപ്യൂട്ടി ചെയർ കാട്രിയോണ ലോ പറഞ്ഞു. ശരിയായ മുന്നറിയിപ്പില്ലാത്തതിനാൽ കുട്ടികൾ ഇത്തരം വസ്ത്രങ്ങൾ ധരിച്ച് തീയ്ക്കോ ചൂടിനോ സമീപം പോകുമ്പോൾ ഉണ്ടാകാവുന്ന അപകടത്തിന്റെ തീവ്രത മാതാപിതാക്കൾക്കും പരിചാരകർക്കും മനസ്സിലാകാതെ വരാമെന്നും ഇത് ഗുരുതര പരിക്കുകൾക്ക് കാരണമാകാമെന്നും അവർ വ്യക്തമാക്കി.
പൈജാമ സെറ്റുകൾ, ഡ്രസ്സിങ് ഗൗണുകൾ, കെട്ടുകളുള്ള ഹുഡഡ് പോഞ്ചോ ടവലുകൾ, കാലുകൾ മൂടുന്ന ഒറ്റക്കഷണം ഉറക്കവസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നാല് വിഭാഗങ്ങളിലായി 4,473 വസ്ത്രങ്ങളാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വിതരണം ചെയ്തത്. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ബാധിത ഉൽപ്പന്നങ്ങൾ കമ്പനി സ്വമേധയാ വിപണിയിൽനിന്ന് തിരിച്ചുവിളിച്ചിരുന്നു. ഓസ്ട്രേലിയൻ ഉപഭോക്തൃ നിയമം ലംഘിച്ചിരിക്കാമെന്നും H&M സമ്മതിച്ചിട്ടുണ്ട്. ACCC-യുമായി ഉണ്ടാക്കിയ കോടതി നടപ്പാക്കാവുന്ന കരാറിന്റെ ഭാഗമായി വസ്ത്രങ്ങളിലെ അഗ്നിബാധാ മുന്നറിയിപ്പുകളെക്കുറിച്ച് പൊതുജന ബോധവത്കരണ പരിപാടി നടത്താനും തിരിച്ചുവിളിക്കൽ അറിയിപ്പുകൾ കൂടുതൽ പ്രചരിപ്പിക്കാനും കമ്പനി തീരുമാനിച്ചു. കൂടാതെ ആഭ്യന്തര സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ പരിഷ്കരിക്കുകയും ഔദ്യോഗിക ഉൽപ്പന്ന സുരക്ഷാ പദ്ധതി നടപ്പാക്കുകയും വേണം. ബാധിത വസ്ത്രങ്ങൾ വാങ്ങിയവർ അവയുടെ ഉപയോഗം ഉടൻ നിർത്തി അടുത്തുള്ള H&M സ്റ്റോറിൽ തിരികെ ഏൽപ്പിച്ച് മുഴുവൻ തുകയും തിരികെ വാങ്ങണമെന്ന് ACCC നിർദേശിച്ചു. ഇതിനായി വാങ്ങിയതിന്റെ ബിൽ ഹാജരാക്കേണ്ടതില്ല.