‘മെലൺ’ വിവാദത്തിൽ വിശദീകരണവുമായി ആൽബനീസ്; കസേരയിൽ ഇരിക്കുന്ന രീതിയെന്ന് പ്രധാനമന്ത്രി

തകായിച്ചി ഓസ്‌ട്രേലിയ സന്ദർശനത്തിനിടെ സമ്മാനിച്ച റോയൽ മെലണിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആൽബനീസ് ഇരുകൈകളും നെഞ്ചിന് മുന്നിൽ കൊണ്ടുവന്നുള്ള കൈചലനം നടത്തിയത്.
‘മെലൺ’ വിവാദത്തിൽ വിശദീകരണവുമായി ആൽബനീസ്
(Alex Ellinghausen)
Published on

കാൻബറ: ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിക്ക് നൽകിയ സമ്മാനമായ റോയൽ മെലണിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ താൻ നടത്തിയ കൈചലനം വിവാദമായതിൽ വിശദീകരണവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. വെള്ളിയാഴ്ച കാൻബറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആൽബനീസ് വീണ്ടും വിവാദമായ ‘മെലൺ’ പരാമർശത്തെക്കുറിച്ച് വിശദീകരിച്ചത്. താൻ അഭിമുഖങ്ങളിൽ കൈകൾ പിണച്ചുവെച്ച് ഇരിക്കാറില്ലെന്നും, കസേരയിൽ ഇരിക്കുന്ന രീതിയാണ് വീഡിയോയിലെ കൈചലനത്തിന് കാരണമെന്നുമാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

“ചിലർ നൽകിയ വ്യാഖ്യാനം ശരിയല്ലെന്ന് ഞാൻ വീണ്ടും വ്യക്തമാക്കുന്നു,” ആൽബനീസ് പറഞ്ഞു. ജൂണിൽ Bush Deep പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു വിവാദമായ സംഭവം. തകായിച്ചി ഓസ്‌ട്രേലിയ സന്ദർശനത്തിനിടെ സമ്മാനിച്ച റോയൽ മെലണിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആൽബനീസ് ഇരുകൈകളും നെഞ്ചിന് മുന്നിൽ കൊണ്ടുവന്നുള്ള കൈചലനം നടത്തിയത്. പോഡ്കാസ്റ്റുകളിൽ പലപ്പോഴും രണ്ടുപേർ ഒരേസമയം സംസാരിക്കാറുണ്ടെന്നും അതിനാലാണ് അവതാരകന്റെ മെലണിനെക്കുറിച്ചുള്ള പരാമർശത്തോട് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും ആൽബനീസ് പറഞ്ഞു. “എന്നോടൊപ്പം ഇരുന്ന് അഭിമുഖം നടത്തിയിട്ടുള്ളവർക്ക് അറിയാം, ഞാൻ കൈകൾ പിണച്ചുവെച്ചല്ല കസേരയിൽ ഇരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങളിലും ഇത് വ്യക്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

‘മെലൺ’ വിവാദത്തിൽ വിശദീകരണവുമായി ആൽബനീസ്
(Nikki Osborne/Youtube)

അതേസമയം, വിവാദം വീണ്ടും ശക്തമായത് ഓസ്‌ട്രേലിയയിലെ ജാപ്പനീസ് അംബാസഡർ The Australian പത്രത്തിൽ എഴുതിയ ലേഖനത്തിൽ ആൽബനീസിന്റെ തമാശയെ “ലൈംഗിക വിവേചനപരവും അപമര്യാദയുള്ളതും” എന്ന് വിശേഷിപ്പിച്ചതോടെയാണ്. ഇതിന് പിന്നാലെ ജാപ്പനീസ് സർക്കാർ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച നയതന്ത്ര കേബിളിലെ വിവരങ്ങൾ മാധ്യമങ്ങളിൽ പുറത്തുവന്നതും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ഓസ്‌ട്രേലിയൻ മാധ്യമങ്ങളിലെ റിപ്പോർട്ടിംഗിനെ “അതിശയോക്തിപരമായത്” എന്ന് ജാപ്പനീസ് സർക്കാർ കത്തിൽ വിശേഷിപ്പിച്ചതായും സംഭവത്തിന് പിന്നിൽ “ദുരുദ്ദേശ്യമില്ലെ”ന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

നയതന്ത്ര രേഖ ചോർന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് രഹസ്യ രേഖ മാധ്യമങ്ങൾക്ക് ചോർന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

വിവാദത്തിൽ ലേബർ, ഗ്രീൻസ്, സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്ക്, വൺ നേഷൻ എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ പിന്തുണച്ച പ്രമേയവും സെനറ്റിൽ പാസായി. വിവാദവുമായി ബന്ധപ്പെട്ട രേഖകളും പ്രധാനമന്ത്രിയുടെ ഓഫീസിലെ ആഭ്യന്തര കത്തിടപാടുകളും പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ‘മെലൺ’ വിവാദത്തിൽ ആൽബനീസ് ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ല. പകരം ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയുമായും ജപ്പാനുമായുമുള്ള ഓസ്‌ട്രേലിയയുടെ ബന്ധം ശക്തമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

Metro Australia
maustralia.com.au