

കാൻബറ: ഓസ്‌ട്രേലിയയും തായ്‌ലൻഡും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. തായ് പ്രധാനമന്ത്രി അനുടിൻ ചാൻവിരകുലുമായി പാർലമെന്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആൽബനീസ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും പുതിയ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. ആഗോള ക്രിമിനൽ ശൃംഖലകൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ നിയമനിർവഹണ ഏജൻസികൾ തമ്മിലുള്ള സഹകരണം ശക്തമാക്കി ഇത്തരം കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം.
ഓസ്‌ട്രേലിയയും തായ്‌ലൻഡും തമ്മിലുള്ള ബന്ധം മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ആൽബനീസ് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണവും കൂടുതൽ ശക്തമാക്കാൻ ധാരണയായി. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രിമാർ വർഷത്തിൽ രണ്ട് തവണ കൂടിക്കാഴ്ച നടത്തുന്നതിനുള്ള സംവിധാനവും നിലവിലെ പ്രതിരോധ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ആഗോള വിതരണ ശൃംഖലകൾ തുറന്നും സുരക്ഷിതമായും തുടരുന്നതിനായി കൂടുതൽ ഏകോപനം നടത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ആൽബനീസ് പറഞ്ഞു. ഓസ്‌ട്രേലിയയ്ക്ക് ജെറ്റ് ഇന്ധനം നൽകുന്നതിൽ തായ്‌ലൻഡ് നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള പുതിയ നടപടിയാണിതെന്നും ആൽബനീസ് പറഞ്ഞു. യോഗത്തിന് ശേഷം നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തെങ്കിലും ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.