ഭീകരവാദ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്ന് പോളിൻ ഹാൻസൺ

"ഓസ്‌ട്രേലിയയുടെ സുരക്ഷയ്ക്ക് ഭീഷണിയായ മേഖലകളിൽ നിന്നുള്ള യഥാർഥ സുരക്ഷാ അപകടങ്ങൾ ഇനി അവഗണിക്കാനാകില്ല,” ഹാൻസൺ പ്രസ്താവനയിൽ പറഞ്ഞു.
ഭീകര ഭീഷണി രാജ്യങ്ങളിൽ നിന്ന് കുടിയേറ്റം നിയന്ത്രിക്കണം: ഹാൻസൺ
പോളിൻ ഹാൻസൺ (Ross Swanborough)
Published on

കാൻബറ: ഭീകരവാദം, തട്ടിക്കൊണ്ടുപോകൽ, അക്രമം തുടങ്ങിയ സുരക്ഷാ ഭീഷണികൾ കാരണം ഓസ്‌ട്രേലിയൻ സർക്കാർ യാത്ര വിലക്കിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്ന് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ. ഓസ്‌ട്രേലിയൻ വിദേശകാര്യ വകുപ്പിന്റെ Smartraveller വെബ്‌സൈറ്റിൽ നിലവിൽ 26 രാജ്യങ്ങളെയാണ് “Do Not Travel” വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 18 രാജ്യങ്ങളിൽ ഭീകരവാദം, തട്ടിക്കൊണ്ടുപോകൽ, അക്രമം, ആഭ്യന്തര സംഘർഷം തുടങ്ങിയവയുടെ ഉയർന്ന അപകടസാധ്യതയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത്തരം രാജ്യങ്ങളിലേക്ക് ഓസ്‌ട്രേലിയക്കാർ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ, അവിടെ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ കൂടുതൽ കർശനമായി പരിശോധിക്കണമെന്നാണ് ഹാൻസന്റെ ആവശ്യം. “ഓസ്‌ട്രേലിയയുടെ സുരക്ഷയ്ക്ക് ഭീഷണിയായ മേഖലകളിൽ നിന്നുള്ള യഥാർഥ സുരക്ഷാ അപകടങ്ങൾ ഇനി അവഗണിക്കാനാകില്ല,” ഹാൻസൺ പ്രസ്താവനയിൽ പറഞ്ഞു.

ഒരു രാജ്യത്തേക്ക് ഭീകരവാദത്തിന്റെയും മറ്റ് ഗുരുതര സുരക്ഷാ ഭീഷണികളുടെയും പേരിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിൽ, അതേ രാജ്യത്തുനിന്നുള്ള സാധാരണ കുടിയേറ്റം യാതൊരു അധിക പരിശോധനയുമില്ലാതെ തുടരാൻ പാടില്ലെന്നും അവർ പറഞ്ഞു. “ഓസ്‌ട്രേലിയൻ യാത്രക്കാർക്ക് ബാധകമാകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ മുന്നറിയിപ്പുകൾ കുടിയേറ്റ സുരക്ഷയ്ക്ക് പ്രസക്തമല്ലെന്ന് സർക്കാർ കരുതുന്നുവെങ്കിൽ അതിന് വിശദീകരണം നൽകണം,” ഹാൻസൺ പറഞ്ഞു.

Also Read
സിഡ്നി ഗേ-ലെസ്ബിയൻ മാർഡി ഗ്രാസ് ഇഷ്ടമല്ലെന്ന് ആവർത്തിച്ച് പോളിൻ ഹാൻസൺ
ഭീകര ഭീഷണി രാജ്യങ്ങളിൽ നിന്ന് കുടിയേറ്റം നിയന്ത്രിക്കണം: ഹാൻസൺ

ഐഎസ് ഭീകരരുമായി വിവാഹിതരായിരുന്ന ചില ഓസ്‌ട്രേലിയൻ വനിതകളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ സർക്കാർ അനുവദിച്ചതിനെയും ഹാൻസൺ വിമർശിച്ചു. ഇവരിൽ ചിലർ തിരിച്ചെത്തിയതിന് ശേഷം ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ടിരുന്നു. അതേസമയം, സർക്കാർ കുടിയേറ്റ നയം അന്തിമമാക്കുന്നതിനിടെയാണ് ഹാൻസന്റെ പുതിയ ആവശ്യം. കോവിഡ് മഹാമാരിക്ക് ശേഷം 2023ൽ നെറ്റ് ഓവർസീസ് മൈഗ്രേഷൻ 5.56 ലക്ഷം എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു. പിന്നീട് കണക്കുകൾ കുറഞ്ഞെങ്കിലും 2025ൽ ഇത് 3.06 ലക്ഷം ആയി തുടരുകയും സർക്കാർ ലക്ഷ്യമിട്ടതിനെക്കാൾ ഉയർന്ന നിലയിൽ തുടരുകയും ചെയ്തു. ലേബർ സർക്കാർ നെറ്റ് ഓവർസീസ് മൈഗ്രേഷൻ പ്രതിവർഷം 2.25 ലക്ഷമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

വൺ നേഷൻ 1.30 ലക്ഷം കുടിയേറ്റക്കാരെന്ന പരിധിയാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, പ്രതിപക്ഷമായ കോയലിഷൻ കുടിയേറ്റം ഗണ്യമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ പരിധി പ്രഖ്യാപിച്ചിട്ടില്ല.

Metro Australia
maustralia.com.au