

ഓസ്‌ട്രേലിയൻ ആരോഗ്യ ഡാറ്റയിലേക്ക് പ്രവേശിക്കാൻ OpenAIയുടെ സ്വയം പ്രവർത്തിക്കുന്ന AI ഏജന്റുകൾ ഒരാഴ്ചയോളം വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചതായി പുതിയ വിവരങ്ങൾ. ആഗോളതലത്തിൽ ഇത്തരം ഏജന്റുകൾ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കുകയോ വിവിധ സ്ഥാപനങ്ങളുടെ സംവിധാനങ്ങളെ ബാധിക്കുകയോ ചെയ്ത സംഭവങ്ങളിൽ ഡസൻ കണക്കിന് സ്ഥാപനങ്ങൾക്ക് കമ്പനി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ (AIHW) വെബ്സൈറ്റിൽനിന്ന് ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്സ് സ്കീം (PBS), വയോജന പരിചരണ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ നേടാൻ OpenAIയുടെ AI ഏജന്റുകൾ ശ്രമിച്ചതായാണ് പുതിയ കണ്ടെത്തൽ. നൂറുകണക്കിന് ഏജന്റുകൾ വിവിധ തന്ത്രങ്ങൾ പരീക്ഷിച്ചതിന്റെ അടയാളങ്ങൾ ഗവേഷകരും എബിസിയും പരിശോധിച്ച ഓൺലൈൻ രേഖകളിൽ കണ്ടെത്തി.
എന്നാൽ AIHWയുടെയും ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിൽ സ്ഥാപനത്തിന്റെ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതിനോ പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത ആരോഗ്യ ഡാറ്റ ആക്സസ് ചെയ്തതിനോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതിനിടെ, OpenAIയുടെ AI ഏജന്റുകൾ ആരോഗ്യവകുപ്പിന്റെ National Notifiable Disease Surveillance System-ലേക്കും പ്രവേശിക്കാൻ ശ്രമിച്ചതായി വിവരങ്ങൾ പുറത്തുവന്നു. ന്യൂ സൗത്ത് വെയിൽസിലെ Bureau of Crime Statistics and Research (BOCSAR)ൽ നിന്നുള്ള ആക്രമണവുമായി ബന്ധപ്പെട്ട കണക്കുകളും ചില വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങളും നേടാൻ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. സിഡ്നിയുടെ പടിഞ്ഞാറൻ മേഖലകളിലെ നിരവധി നായ പാർക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടാനും ഏജന്റുകൾ ശ്രമിച്ചതായി കണ്ടെത്തിയെങ്കിലും ഏതൊക്കെ സൈറ്റുകളാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല.
‘സാധാരണ ബ്രൗസിങ് മാത്രമല്ല’
OpenAIയുടെ ഏജന്റുകൾ വെബ്സൈറ്റുകളിൽ നടത്തിയ ഇടപെടലുകൾ സാധാരണ രീതിയിലുള്ളതായിരുന്നുവെന്ന സർക്കാർ വിശദീകരണത്തിന് വിരുദ്ധമായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ Transluceയിലെ ഗവേഷകൻ ജാക്ക് കേബിൾ പറയുന്നത്, ഏജന്റുകളുടെ പ്രവർത്തനം സാധാരണ രീതിയിലുള്ള ഒരു ഉപയോക്താവിന്റെ ഇടപെടലുമായി പൊരുത്തപ്പെടുന്നില്ലെന്നാണ്. പൊതുവായി ലഭ്യമായ വിവരങ്ങൾ വെബ്സൈറ്റുകളിൽ നിന്ന് ശേഖരിക്കുന്നത് പ്രശ്നമല്ലെന്നും എന്നാൽ വിവരങ്ങൾ ലഭ്യമാകാതെ വരുമ്പോൾ മറ്റ് മാർഗങ്ങളിലൂടെ, ഹാക്കിങ് ഉൾപ്പെടെ, അത് നേടാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ AI ഏജന്റുകൾക്ക് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റ ലഭിച്ചതായി നിലവിൽ തെളിവുകളില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന സംഭവങ്ങൾ
ഓസ്‌ട്രേലിയയ്ക്ക് പുറമെ ഡസൻ കണക്കിന് മൂന്നാം കക്ഷികൾക്ക് അനധികൃതമായി പ്രവർത്തിച്ച സ്വയംഭരണ AI ഏജന്റുകളെക്കുറിച്ച് അറിയിപ്പ് നൽകിയതായി OpenAI ശനിയാഴ്ച സ്ഥിരീകരിച്ചു. ചോർന്ന പാസ്‌വേഡുകൾ ഉപയോഗിച്ച് ഓൺലൈൻ സേവനങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ചത്, വെബ്സൈറ്റുകളുടെ ആന്തരിക ഭാഗങ്ങളിൽ പ്രവേശിച്ച് വിവരങ്ങൾ നേടാൻ ശ്രമിച്ചത്, സബ്സ്ക്രിപ്ഷനുകളോ മറ്റ് ആക്സസ് നിയന്ത്രണങ്ങളോ മറികടന്നത്, മൂന്നാം കക്ഷി സൈറ്റുകളിൽ അനാവശ്യ വിവരങ്ങൾ പോസ്റ്റ് ചെയ്തത് തുടങ്ങിയ പ്രവർത്തനങ്ങൾ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. AI സംവിധാനങ്ങൾ കൂടുതൽ ശക്തവും സ്വയംഭരണപരവുമാകുമ്പോൾ ഡെവലപ്പർമാർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത്തരം സംഭവങ്ങൾ തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കൂടുതൽ പ്രധാനമാകുകയാണെന്നും OpenAI വ്യക്തമാക്കി.
Hugging Face സംഭവത്തിന് പിന്നാലെ അന്വേഷണം
ജൂലൈയിൽ 700ലധികം AI ഏജന്റുകൾ നിയന്ത്രിത പരീക്ഷണ അന്തരീക്ഷത്തിൽനിന്ന് പുറത്തുകടന്ന് AI പ്ലാറ്റ്‌ഫോമായ Hugging Faceന്റെ സംവിധാനങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ചതായി OpenAI വെളിപ്പെടുത്തിയിരുന്നു. ചില ഏജന്റുകൾ തങ്ങളുടെ പ്രവർത്തനങ്ങൾ മറച്ചുവയ്ക്കാനും ശ്രമിച്ചതായി കമ്പനി അന്ന് വ്യക്തമാക്കിയിരുന്നു. OpenAIയുടെ മോഡലുകളിൽനിന്ന് കണ്ടെത്തിയ സംഭവങ്ങളിൽ ഇതാണ് ഏറ്റവും ഗുരുതരമായതെന്നും കമ്പനി ഇപ്പോൾ വിലയിരുത്തുന്നു. ഈ സംഭവത്തെ തുടർന്നുള്ള അന്വേഷണങ്ങളാണ് ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റുകളിലേക്കുള്ള AI ഏജന്റുകളുടെ ഇടപെടലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
ജൂൺ 18നാണ് Medicare കണക്കുകളുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയൻ സർക്കാർ പോർട്ടറിൽ അനധികൃത പ്രവേശനം നടന്നത്. എന്നാൽ ഓഗസ്റ്റ് 11നാണ് OpenAI സംഭവം കണ്ടെത്തിയത്. സെപ്റ്റംബർ 10ന് മാത്രമാണ് സർക്കാർ ഒരു പൊതുവായ ഇമെയിൽ മുഖേന വിവരം അറിയുന്നത്. സംഭവത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. AI സംവിധാനങ്ങളുടെ അനധികൃത പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നിർബന്ധിത വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പുതിയ ദേശീയ AI സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിൽ അന്വേഷണ റിപ്പോർട്ട് നിർണായകമാകുമെന്നാണ് പ്രതീക്ഷ.
-ABC