വനിതാ എംപിമാർക്കെതിരായ ഓൺലൈൻ അധിക്ഷേപം തടയാൻ നടപടികളുമായി മെറ്റ

ഓസ്‌ട്രേലിയയിലെ പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകളിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അധിക്ഷേപങ്ങളെയും ഭീഷണികളെയും കുറിച്ച് നേരിട്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
വനിതാ എംപിമാർക്കെതിരായ ഓൺലൈൻ അധിക്ഷേപം തടയാൻ നടപടികളുമായി മെറ്റ
Published on: 

ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, വനിതാ പാർലമെന്റ് അംഗങ്ങൾക്കെതിരായ ഓൺലൈൻ ഭീഷണികളും അധിക്ഷേപങ്ങളും തടയുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നു. കഴിഞ്ഞ മാസം സ്വതന്ത്ര എംപിയായ ഹെലൻ ഹെയ്‌ൻസിനെതിരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് രാഷ്ട്രീയരംഗത്തെ സ്ത്രീകൾ നേരിടുന്ന ഓൺലൈൻ ഭീഷണികൾ വീണ്ടും ശ്രദ്ധ നേടിയത്. സ്ത്രീകൾക്ക് ഭീഷണികളോ ലൈംഗികാധിഷ്ഠിത അധിക്ഷേപങ്ങളോ നേരിടാതെ തങ്ങളുടെ സമൂഹത്തെ പ്രതിനിധീകരിക്കാനും പ്രവർത്തനങ്ങൾ പങ്കുവെക്കാനും പൊതുചർച്ചകളിൽ പങ്കെടുക്കാനും കഴിയണമെന്ന് മെറ്റ പ്രസ്താവനയിൽ പറഞ്ഞു. ഓസ്‌ട്രേലിയയിലെ പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകളിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അധിക്ഷേപങ്ങളെയും ഭീഷണികളെയും കുറിച്ച് നേരിട്ട് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Also Read
ഓസ്‌ട്രേലിയയിൽ ആദ്യ GLP-1 വെയിറ്റ് ലോസ് ടാബ്ലലെറ്റിന് അനുമതി
വനിതാ എംപിമാർക്കെതിരായ ഓൺലൈൻ അധിക്ഷേപം തടയാൻ നടപടികളുമായി മെറ്റ

കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയപാർട്ടികളിലെ വനിതാ നേതാക്കളുമായി കമ്പനി ചർച്ച നടത്തിയിരുന്നു. ലേബർ പാർട്ടിയിലെ വനിതാ എംപിമാരുടെയും സെനറ്റർമാരുടെയും ആഭ്യന്തര സമിതിയും മെറ്റ അധികൃതരുമായി ഓൺലൈൻ അധിക്ഷേപങ്ങൾ ചർച്ച ചെയ്തു. ഹെലൻ ഹെയ്‌ൻസിനെതിരെ കാർ ഇടിച്ചുകയറ്റിയുള്ള ആക്രമണം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. പാർലമെന്റ് ഓഫീസുകൾക്ക് ലഭിക്കുന്ന വലിയ തോതിലുള്ള കമന്റുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും നിലവിൽ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ എന്തൊക്കെയാണെന്നും മെറ്റ പരിശോധിക്കുന്നുണ്ട്. പൊതുപ്രവർത്തകർക്ക് കമന്റുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ സഹായകരമായ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. സ്ത്രീകളെ ആനുപാതികമല്ലാത്ത രീതിയിൽ ബാധിക്കുന്ന ലൈംഗികാധിഷ്ഠിത അധിക്ഷേപങ്ങൾക്കെതിരെ 2021-ൽ നയപരമായ മാറ്റങ്ങൾ കൊണ്ടുവന്നതായും മെറ്റ ചൂണ്ടിക്കാട്ടി.

വനിതാ എംപിമാർക്കെതിരായ ഓൺലൈൻ അധിക്ഷേപം തടയാൻ നടപടികളുമായി മെറ്റ
മന്ത്രി അനിക വെൽസ്

മെറ്റയുടെ നീക്കത്തെ സ്വാഗതം ചെയ്ത മന്ത്രി അനിക വെൽസ്, ജോലിസ്ഥലത്ത് സുരക്ഷിതരായിരിക്കാനുള്ള അവകാശം എല്ലാ ഓസ്‌ട്രേലിയക്കാർക്കുമുണ്ടെന്ന് പറഞ്ഞു. എംപിമാർക്കും അവരുടെ ജീവനക്കാർക്കും നേരെയുള്ള ഓൺലൈൻ അധിക്ഷേപങ്ങളും ഭീഷണികളും കൂടുതൽ ആവർത്തിക്കുന്നതായും രൂക്ഷമാകുന്നതായും അവർ വ്യക്തമാക്കി. പ്രായോഗിക പരിഹാരങ്ങളും സ്വയം സംരക്ഷിക്കാനുള്ള കൂടുതൽ ശക്തമായ സംവിധാനങ്ങളും അവതരിപ്പിക്കാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഈ വർഷം ആദ്യ ആറുമാസത്തിനിടെ പാർലമെന്റ് അംഗങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 800 സുരക്ഷാ റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. പുരുഷ എംപിമാരെ അപേക്ഷിച്ച് വനിതാ എംപിമാർക്ക് ലൈംഗികാധിഷ്ഠിതമോ ലിംഗവിവേചനപരമോ ആയ ഭീഷണികൾ നേരിടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും അവർ പറഞ്ഞു. സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യമുള്ള സമൂഹങ്ങളിൽനിന്നുള്ള വനിതാ എംപിമാർക്ക് ആവർത്തിച്ചും വിവിധ തരത്തിലുമുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടിവരുന്നതായും കമ്മീഷണർ ചൂണ്ടിക്കാട്ടി. നയപരമായ തീരുമാനങ്ങൾ, പ്രവർത്തനമികവിനെക്കുറിച്ചുള്ള പൊതുധാരണ, പൊതുജനശ്രദ്ധ, വ്യക്തിത്വം എന്നിവയാണ് എംപിമാർക്കെതിരായ ഭീഷണികൾക്ക് പ്രധാന കാരണങ്ങളെന്ന് ബാരറ്റ് പറഞ്ഞു. രാഷ്ട്രീയ നിലപാടുകൾക്കു പുറമെ, സംസാരശൈലി, രൂപം, രാഷ്ട്രീയപാർട്ടി എന്നിവയുടെ പേരിലും ജനപ്രതിനിധികൾ ലക്ഷ്യമിടപ്പെടുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഒരു നയപ്രഖ്യാപനത്തിനോ പരാമർശത്തിനോ പിന്നാലെ ഉടൻ തന്നെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായും അവർ വ്യക്തമാക്കി.