ന്യൂസ്‌പോൾ: ലേബറിന് തിരിച്ചടി; വൺ നേഷൻ 30 ശതമാനവുമായി മുന്നിൽ

2012ന് ശേഷമുള്ള ലേബറിന്റെ ഏറ്റവും കുറഞ്ഞ പ്രാഥമിക പിന്തുണയാണിത്.
ന്യൂസ്‌പോൾ: ലേബറിന് തിരിച്ചടി; വൺ നേഷൻ 30 ശതമാനവുമായി മുന്നിൽ
പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ നെറ്റ് അംഗീകാര റേറ്റിങ്ങും താഴ്ന്നു.
Published on

കാൻബറ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ലേബർ പാർട്ടിക്ക് തിരിച്ചടി. ഏറ്റവും പുതിയ ന്യൂസ്‌പോൾ സർവേയിൽ ലേബറിന്റെ പ്രാഥമിക വോട്ട് 27 ശതമാനമായി ഇടിഞ്ഞപ്പോൾ വൺ നേഷൻ 30 ശതമാനവുമായി മുന്നിലെത്തി. 2012ന് ശേഷമുള്ള ലേബറിന്റെ ഏറ്റവും കുറഞ്ഞ പ്രാഥമിക പിന്തുണയാണിത്. മുൻ സർവേയിലെ 29 ശതമാനത്തിൽ നിന്നാണ് ലേബറിന്റെ പിന്തുണ രണ്ട് ശതമാനം കുറഞ്ഞത്. ലേബറിന്റെ ഏറ്റവും കുറഞ്ഞ ന്യൂസ്‌പോൾ പ്രാഥമിക വോട്ട് 26 ശതമാനമായിരുന്നു. ജുലിയ ഗില്ലാർഡ് പ്രധാനമന്ത്രിയായിരുന്ന 2011 സെപ്റ്റംബറിലായിരുന്നു ഇത് രേഖപ്പെടുത്തിയത്. വൺ നേഷന്റെ പ്രാഥമിക പിന്തുണ 30 ശതമാനമായി തുടരുമ്പോൾ കോയലിഷന് 19 ശതമാനവും ഗ്രീൻസിന് 13 ശതമാനവുമാണ് പിന്തുണ. ലേബറും കോയലിഷനും ചേർന്നുള്ള പ്രധാന രണ്ട് പാർട്ടികളുടെ പ്രാഥമിക വോട്ട് 46 ശതമാനമായി.

പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ നെറ്റ് അംഗീകാര റേറ്റിങ്ങും താഴ്ന്നു. 35 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 62 ശതമാനം പേർ അസംതൃപ്തി അറിയിച്ചു. ഇതോടെ നെറ്റ് അംഗീകാര റേറ്റിങ് -27 ആയി. അതേസമയം, പ്രധാനമന്ത്രിയായി ആരെയാണ് കൂടുതൽ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിൽ അൽബനീസ് നേരിയ മുൻതൂക്കം നിലനിർത്തി. 42 ശതമാനം പേർ അൽബനീസിനെയും 41 ശതമാനം പേർ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറെയും പിന്തുണച്ചു. 17 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

യുഎൻ ജനറൽ അസംബ്ലി യോഗത്തിനായി ന്യൂയോർക്കിലുള്ള അൽബനീസിനോട്, ജനപ്രീതി ഇടിയുന്നതിനിടെ ഗ്ലോബൽ സിറ്റിസൺ പുരസ്കാരം സ്വീകരിക്കുന്നത് അദ്ദേഹത്തെ “വഞ്ചകനാക്കുന്നില്ലേ” എന്ന് ചോദിച്ചപ്പോൾ അദ്ദേഹം “ഇല്ല” എന്ന് മറുപടി നൽകി. ഓസ്‌ട്രേലിയയിൽ ലേബർ മന്ത്രി താന്യ പ്ലിബർസെക്ക് സർവേ ഫലം “നല്ലതല്ല”െന്ന് സമ്മതിച്ചു. എന്നാൽ സർക്കാർ പോളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ജനങ്ങളുടെ ജീവിതത്തിൽ യഥാർഥ മാറ്റം കൊണ്ടുവരുന്നതിലാണ് ശ്രദ്ധയെന്നും അവർ പറഞ്ഞു. അതേസമയം, ഇന്ധന എക്സൈസ് കുറയ്ക്കുന്നതിനായി പുകയില എക്സൈസിൽ 80 ശതമാനം കുറവ് വരുത്താനുള്ള നയത്തെ ആംഗസ് ടെയ്‌ലർ പ്രതിരോധിച്ചു. പോളിങ് ഫലം പുറത്തുവന്ന സാഹചര്യത്തിൽ ലേബറിന് മുന്നിലുള്ള രാഷ്ട്രീയ സമ്മർദം കൂടുതൽ ശക്തമായിരിക്കുകയാണ്.

Metro Australia
maustralia.com.au