5000 കിലോമീറ്റർ നീളമുള്ള ‘അറ്റ്മോസ്ഫെറിക് റിവർ’; കനത്ത മഴയ്ക്കും പ്രളയത്തിനും മുന്നറിയിപ്പ്

തെക്കുകിഴക്കൻ വിക്ടോറിയയിലും തെക്കുകിഴക്കൻ ന്യൂ സൗത്ത് വെയിൽസിലും 50 മുതൽ 100 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് ചില മേഖലകളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
5000 കിലോമീറ്റർ നീളമുള്ള ‘അറ്റ്മോസ്ഫെറിക് റിവർ’
NSWലും 50 മുതൽ 100 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ( Weatherzone)
Published on

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ വാരാന്ത്യത്തോടെ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് രൂപപ്പെട്ട് ഏകദേശം 5000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്ന കൂറ്റൻ മേഘപടലം രാജ്യത്തിന്റെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളിൽ കനത്ത മഴ, ശക്തമായ കാറ്റ്, പ്രളയം എന്നിവയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. നോർത്തേൺ ടെറിട്ടറി ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ചില പ്രദേശങ്ങളിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. തെക്കുകിഴക്കൻ വിക്ടോറിയയിലും തെക്കുകിഴക്കൻ ന്യൂ സൗത്ത് വെയിൽസിലും 50 മുതൽ 100 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് ചില മേഖലകളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിലുമാണ് കൂടുതൽ ജാഗ്രതാ നിർദേശം. വിക്ടോറിയയിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. വാരാന്ത്യത്തിൽ കൂടുതൽ മുന്നറിയിപ്പുകൾ വന്നേക്കുമെന്നും അധികൃതർ അറിയിച്ചു.

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും

മഴയ്ക്ക് പുറമെ തെക്കൻ, തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ ശക്തമായ കാറ്റ്, ആലിപ്പഴമഴ, ഇടിമിന്നൽ, മഞ്ഞുവീഴ്ച എന്നിവയ്ക്കും സാധ്യതയുണ്ട്. അന്റാർട്ടിക്കയുടെ സമീപത്ത് നിന്ന് നീങ്ങുന്ന ന്യൂനമർദ്ദ സംവിധാനം 4000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് രാജ്യത്തേക്ക് എത്തുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ സമുദ്രത്തിൽ നിന്ന് അതിശൈത്യമുള്ള ധ്രുവീയ വായു ഓസ്‌ട്രേലിയയിലേക്ക് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Also Read
ചൂതാട്ട പരസ്യങ്ങൾക്കെതിരെയുള്ള ബില്ലിൽ പാർലമെന്റിൽ തർക്കം;ലേബർ സർക്കാരിന് തിരിച്ചടിയാകുമെന്ന് സൂചന
5000 കിലോമീറ്റർ നീളമുള്ള ‘അറ്റ്മോസ്ഫെറിക് റിവർ’

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തെക്കൻ മേഖലകളിലും ചെറിയ ആലിപ്പഴമഴയ്ക്ക് സാധ്യതയുണ്ട്. പെർത്തിൽ ശനിയാഴ്ച പരമാവധി താപനില 16 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്ന താപനില ഏകദേശം 10 ഡിഗ്രി മാത്രമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് ഓസ്‌ട്രേലിയയിൽ ശനിയാഴ്ച ഉച്ചയോടെ തണുത്ത കാലാവസ്ഥാ സംവിധാനം എത്തുമെന്നാണ് പ്രവചനം. അഡലെയ്ഡിൽ ഞായറാഴ്ച രാവിലെ മുതൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാം. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, തെക്കൻ ക്വീൻസ്‌ലാൻഡ്, ACT എന്നിവിടങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴയും ശക്തമായ കാറ്റും തുടർന്നേക്കും. വിക്ടോറിയ, NSW, ACT എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾക്ക് കാരണമാകാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാറ്റ് തെക്കോട്ട് ടാസ്മാനിയയിലേക്കും വ്യാപിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

Metro Australia
maustralia.com.au