

അസുഖത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ഗ്രീൻസ് നേതൃസ്ഥാനം ലാരിസ വാട്ടേഴ്സ് ഒഴിഞ്ഞു. വൃക്കരോഗം കഴിഞ്ഞ ഏതാനും മാസങ്ങളായി വഷളായതിനെ തുടർന്നാണ് തീരുമാനം. ചികിത്സയ്ക്കായി മെഡിക്കൽ അവധിയെടുക്കുന്ന വാട്ടേഴ്സ് പിന്നീട് ക്വീൻസ്‌ലാൻഡിനെ പ്രതിനിധീകരിച്ച് സെനറ്റിലേക്ക് മടങ്ങുമെന്ന് അറിയിച്ചു. പാർട്ടി റൂം അടുത്തയാഴ്ച യോഗം ചേർന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും. ഡെപ്യൂട്ടി നേതാവ് മെഹ്‌റീൻ ഫറൂഖി, സെനറ്റർമാരായ സാറാ ഹാൻസൺ-യങ്, ഡേവിഡ് ഷൂബ്രിഡ്ജ്, നിക് മക്‌കിം എന്നിവരുടെ പേരുകൾ നേതൃത്വ മത്സരവുമായി ബന്ധപ്പെട്ട് പരിഗണിക്കപ്പെടുന്നുണ്ട്.
വാട്ടേഴ്സ് 2025 മേയിലാണ് ഗ്രീൻസ് നേതൃസ്ഥാനത്തെത്തിയത്. നേതൃസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളും അധിക യാത്രകളും ആരോഗ്യത്തിന് ആവശ്യമായ ശ്രദ്ധ നൽകുന്നതിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് അവർ പറഞ്ഞു. “അസുഖം കാരണം നേതൃസ്ഥാനത്തെ എന്റെ കാലാവധി ചുരുങ്ങുന്നതിൽ ഏറെ ദുഃഖമുണ്ട്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ ആരോഗ്യവാനായ ഒരു നേതാവാണ് ആവശ്യം,” വാട്ടേഴ്സ് പറഞ്ഞു. നേതൃസ്ഥാനത്ത് തുടരുന്നതിനിടെ പരിസ്ഥിതി നിയമ പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗ്രീൻസ് നേടിയ നേട്ടങ്ങളും വാട്ടേഴ്സ് ചൂണ്ടിക്കാട്ടി. പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടി ഉടൻ ആരംഭിക്കുമെന്ന് ഗ്രീൻസ് അറിയിച്ചു.