

ക്യാൻബറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ ക്യാൻബറയെയും സിഡ്‌നിയെയും ബന്ധിപ്പിക്കുന്ന 321 കിലോമീറ്റർ റെയിൽ പാതയുടെ നവീകരണത്തിനായി ഫെഡറൽ സർക്കാർ 50 ദശലക്ഷം ഡോളർ അനുവദിച്ചു. ഇതിന് പുറമെ എസിടി (ACT), ന്യൂ സൗത്ത് വെയ്‌ൽസ് (NSW) സർക്കാരുകൾ 25 ദശലക്ഷം ഡോളർ വീതവും പദ്ധതിക്കായി നൽകും. നിലവിൽ നാലര മണിക്കൂർ വരെ എടുക്കുന്ന യാത്ര പുതിയ പരിഷ്കാരങ്ങൾ വരുന്നതോടെ നാല് മണിക്കൂറിൽ താഴെയായി ചുരുങ്ങും. നവംബറിലെ ബജറ്റിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ലെവൽ ക്രോസിംഗുകളിൽ പുതിയ സിഗ്നലുകളും ബൂം ഗേറ്റുകളും സ്ഥാപിക്കും. ട്രാക്കുകളുടെ അലൈൻമെന്റിലും സ്റ്റേഷനുകളിലും മാറ്റങ്ങൾ വരുത്തും.
നവീകരണ പ്രവർത്തനങ്ങൾക്ക് പുറമെ, 2028-ഓടെ ന്യൂ സൗത്ത് വെയ്‌ൽസ് സർക്കാർ കൂടുതൽ വേഗതയുള്ള പുതിയ ട്രെയിനുകൾ പാതയിൽ ഇറക്കും.
പാതയിലെ വളവുകൾ നിവർത്തി യാത്ര സുഗമമാക്കുന്നതിനുള്ള കൂടുതൽ വലിയ പദ്ധതികൾക്കായി ഒരു ബിസിനസ് കേസ് തയ്യാറാക്കാൻ ഈ ഫണ്ട് ഉപയോഗിക്കും.
മികച്ച റെയിൽ സൗകര്യം വിനോദസഞ്ചാരത്തിനും സാമ്പത്തിക വികസനത്തിനും മുതൽക്കൂട്ടാകുമെന്ന് എസിടി മുഖ്യമന്ത്രി ആൻഡ്രൂ ബാർ പറഞ്ഞു.
പഴഞ്ചൻ രീതിയിലുള്ള നിലവിലെ സർവീസ് പരിഷ്കരിക്കണമെന്ന യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ട്രെയിനിൽ ഇരുന്നുള്ള ജോലികൾക്കും ആശയവിനിമയത്തിനും തടസ്സമാകുന്ന സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും.