വിശ്വാസവഞ്ചനയും മരുന്ന് മോഷണവും: കാമ്പെറയിലെ സ്പീച്ച് പാത്തോളജിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി

പ്രതിയുടെ മാനസികാരോഗ്യംകണക്കിലെടുത്ത് കോടതി 18 മാസത്തെ നന്നാകൽ കരാറിലാണ് വിട്ടയച്ചത്.
വിശ്വാസവഞ്ചനയും മരുന്ന് മോഷണവും: കാമ്പെറയിലെ സ്പീച്ച് പാത്തോളജിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി
ABC News: Matt Roberts
Published on

കാമ്പെറ: രോഗികളുടെയും സുഹൃത്തുക്കളുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി വ്യാജ കുറിപ്പടികളിലൂടെ മരുന്നുകൾ വാങ്ങിയ സ്പീച്ച് പാത്തോളജിസ്റ്റ് കിംബർലി കെയ്സറെ എസിടി മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയ വേളയിൽ, അവരുടെ അടുക്കളയിൽ ഇരുന്നിരുന്ന വേദനസംഹാരിക്കായുള്ള കുറിപ്പടി (Prescription) കെയ്സർ മോഷ്ടിച്ചു. ഈ കുറിപ്പടി ഉപയോഗിച്ച് ഇവർ മരുന്ന് വാങ്ങുകയും ചെയ്തു. ഇത് കാരണം ശസ്ത്രക്രിയ കഴിഞ്ഞ സുഹൃത്തിന് നാല് ദിവസത്തോളം കടുത്ത വേദന സഹിക്കേണ്ടി വന്നുവെന്ന് കോടതി നിരീക്ഷിച്ചു.

താൻ ചികിത്സിക്കുന്ന രണ്ട് കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് പേരുടെ വിവരങ്ങൾ ഉപയോഗിച്ച് പലതവണ കൊഡീൻ (Codeine) അടങ്ങിയ മരുന്നുകൾ വാങ്ങിയതായി കെയ്സർ പോലീസിനോട് സമ്മതിച്ചു. മൂന്ന് തവണ മറ്റ് വ്യക്തികളെന്ന വ്യാജേന ഡോക്ടർമാരെ കാണുകയും മെഡികെയർ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) മൂലമുള്ള മാനസിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനാണ് താൻ മരുന്നുകൾ ഉപയോഗിച്ചതെന്നും ലാഭമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു.

രോഗികളുമായുള്ള ബന്ധത്തിൽ ഉണ്ടായ വലിയ വിശ്വാസവഞ്ചനയാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ മാനസികാരോഗ്യം കണക്കിലെടുത്ത കോടതി, തടവുശിക്ഷ ഒഴിവാക്കി പകരം 18 മാസത്തെ നന്നാകൽ കരാറിന് (Good behaviour order) വിധേയമാക്കി. കെയ്സർ തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞതും ഇരകളോട് ക്ഷമ ചോദിച്ചതും മരുന്ന് ഉപയോഗം നിർത്തിയതും ശിക്ഷാവിധിയിൽ ഇളവ് നൽകാൻ കാരണമായി. എങ്കിലും, ശിക്ഷിക്കപ്പെട്ടത് ഇവരുടെ ജോലിയിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ട്.

Metro Australia
maustralia.com.au