പക്ഷിപ്പനി ഭീതി; വംശനാശഭീഷണി നേരിടുന്ന 'ക്വോളുകളെ' രക്ഷിക്കാൻ കാൻബെറയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ

ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ ആഹാരമാക്കുന്ന ശീലമുള്ളതിനാൽ ഈ മൃഗങ്ങൾക്ക് പക്ഷിപ്പനി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പക്ഷിപ്പനി ഭീതി; വംശനാശഭീഷണി നേരിടുന്ന 'ക്വോളുകളെ' രക്ഷിക്കാൻ കാൻബെറയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ
Supplied: Charles Davis)
Published on

കാൻബെറ: ഓസ്‌ട്രേലിയയിൽ സ്ഥിരീകരിച്ച എച്ച്5 ഹൈ-പാത്തോജെനിസിറ്റി പക്ഷപ്പനി (H5 Bird Flu) രാജ്യത്തെ അപൂർവ്വ ജീവിവർഗ്ഗങ്ങളെ തുടച്ചുനീക്കുമെന്ന ആശങ്ക ശക്തമായതോടെ, പ്രതിരോധ നടപടികളുമായി കാൻബെറയിലെ പ്രശസ്തമായ മുള്ളിഗൻസ് ഫ്ലാറ്റ് വന്യജീവി സങ്കേതം. ഓസ്‌ട്രേലിയൻ വൻകരയിൽ നിന്നും 60 വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചതും, നിലവിൽ വന്യജീവി സങ്കേതങ്ങളിൽ മാത്രം സംരക്ഷിക്കപ്പെടുന്നതുമായ 'ഈസ്റ്റേൺ ക്വോൾ' (Eastern Quoll) എന്ന സഞ്ചിമൃഗങ്ങളെ പക്ഷപ്പനിയിൽ നിന്നും രക്ഷിക്കാനായി 16 അത്യാധുനിക ക്വാറന്റൈൻ കൂടുകളാണ് (Quarantine pens) ഇവിടെ തയാറാക്കിയിരിക്കുന്നത്. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ ആഹാരമാക്കുന്ന ശീലമുള്ളതിനാൽ ഈ മൃഗങ്ങൾക്ക് പക്ഷിപ്പനി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മുള്ളിഗൻസ് ഫ്ലാറ്റിൽ നിലവിൽ ഏകദേശം 200 ക്വോളുകളാണുള്ളത്. പക്ഷിപ്പനി വന്യജീവി സങ്കേതത്തിൽ എത്തിയാൽ ഈ ജനസംഖ്യ പൂർണ്ണമായി ഇല്ലാതായേക്കാമെന്നും (Decimate), അത് തടയാനുള്ള ഒരു ഇൻഷുറൻസ് പോളിസിയാണ് ഈ ക്വാറന്റൈൻ കൂടുകളെന്നും വുഡ്‌ലാൻഡ്‌സ് ആൻഡ് വെറ്റ്‌ലാൻഡ്‌സ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജേസൺ കമ്മിങ്സ് വ്യക്തമാക്കി. രോഗവ്യാപനം അവസാനിച്ചതിനു ശേഷം ഇവയെ വീണ്ടും കാട്ടിലേക്ക് തുറന്നുവിട്ട് വംശവർദ്ധനവ് ഉറപ്പാക്കാനാണ് പദ്ധതി. എന്നാൽ, ഇവ പൊതുവെ കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടാത്തവയും പ്രജനന കാലത്ത് പരസ്പരം കടിയുണ്ടാക്കുന്നവയുമായതിനാൽ ഇവയെ ഒന്നിച്ച് പാർപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്.

പ്രത്യേക സുരക്ഷാ കൂടുകളും ഭക്ഷണ സംഭരണവും:

കാട്ടുജീവികളായ ക്വോളുകൾ മണ്ണു തുരന്ന് പുറത്തുപോകാതിരിക്കാൻ ഭൂമിക്കടിയിലേക്ക് വരെ നീളുന്ന പ്രത്യേക സുരക്ഷാ വലയങ്ങൾ (Underground skirts) കൂടുകൾക്ക് ചുറ്റും സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രൊജക്റ്റ് മാനേജർ ഡീൻ മാക്സ്‌വർത്തി പറഞ്ഞു. കൂടുകളിൽ ഇവയ്ക്ക് മടുപ്പ് തോന്നാതിരിക്കാൻ സ്വാഭാവികമായ ഒളിത്താവളങ്ങളും പൊത്തുകളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, പക്ഷപ്പനി കാരണം രാജ്യത്തെ കോഴി വളർത്തൽ മേഖല തകർന്നാൽ ക്വോളുകൾക്ക് ഭക്ഷണക്ഷാമം ഉണ്ടാകാതിരിക്കാൻ മുയൽ ഇറച്ചി, കംഗാരു ഇറച്ചി എന്നിവയുടെ അടിയന്തര സംഭരണവും വന്യജീവി സങ്കേതം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ രോഗബാധ കാൻബെറയിൽ എത്തിയിട്ടില്ലെങ്കിലും, ന്യൂ സൗത്ത് വെയ്‌ൽസിലോ തീരപ്രദേശങ്ങളിലോ പക്ഷിപ്പനി

സ്ഥിരീകരിച്ചാലുടൻ ക്വോളുകളെ കാട്ടിൽ നിന്നും പിടിച്ച് ഈ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

Metro Australia
maustralia.com.au