

കാൻബറ: സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ പരിശോധനയ്ക്കായി വർഷങ്ങളോളം കാത്തിരുന്ന നൂറുകണക്കിന് രോഗികളെ വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് മുന്നറിയിപ്പില്ലാതെ നീക്കം ചെയ്ത് കാൻബറ ഹെൽത്ത് സർവീസസ് (CHS). ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഗികളുടെ റഫറലുകൾ റദ്ദാക്കിയത്. കുട്ടികളുടെ അലർജി ക്ലിനിക്ക് ഉൾപ്പെടെയുള്ള വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ രോഗികൾക്കാണ് 'നിങ്ങളുടെ റഫറൻസ് ഫയൽ ക്ലോസ് ചെയ്തിരിക്കുന്നു' എന്ന കത്ത് ലഭിച്ചത്.
ഗുരുതരമായ അലർജി ബാധയെ (Anaphylaxis) തുടർന്ന് മൂന്ന് വർഷത്തോളമായി കാൻബറ ആശുപത്രിയിലെ പീഡിയാട്രിക് അലർജി ക്ലിനിക്കിൽ അപ്പോയിന്റ്മെന്റിനായി കാത്തിരുന്ന കുട്ടികൾ ഉൾപ്പെടെ ആയിരത്തോളം രോഗികൾക്കാണ് അപ്രതീക്ഷിതമായി ഈ കത്ത് ലഭിച്ചിരിക്കുന്നത്. നിലവിൽ 65,000-ലധികം ആളുകളാണ് വിവിധ ഔട്ട്പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റുകളിലുള്ളത്. അലർജി വിഭാഗത്തിൽ ചില രോഗികൾക്ക് ആറ് വർഷം വരെയാണ് കാത്തിരിപ്പ് സമയം. പുതിയ മാനദണ്ഡങ്ങൾ പ്രകാരം രോഗിയുടെ അവസ്ഥ ഇനി സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്മെന്റിന് യോഗ്യമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.
നാല്പതിലധികം ഔട്ട്പേഷ്യന്റ് സർവീസുകളിലെ കാത്തിരിപ്പ് പട്ടിക സമഗ്രമായി പുനഃപരിശോധിച്ചു വരികയാണെന്നും ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാണ് ഈ നടപടിയെന്നും സിഎച്ച്എസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആലിസൺ ഡെറിറ്റ് അറിയിച്ചു. ഒഴിവാക്കപ്പെട്ടവർക്ക് സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കാവുന്നതാണെന്നും അധികൃതർ നിർദ്ദേശിക്കുന്നു. അതേസമയം, വെയിറ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം കുറച്ചു കാണിച്ച് പ്രതിച്ഛായ നന്നാക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്നും, റദ്ദാക്കിയ വെയിറ്റിംഗ് ലിസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എസിടി നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് മാർക്ക് പാർട്ടൺ വ്യക്തമാക്കി.