

കാൻബറ: പ്രമുഖ ഓസ്‌ട്രേലിയൻ സ്വകാര്യ സ്കൂളായ കാൻബറ ഗ്രാമർ സ്കൂളിൽ (Canberra Grammar School) പെൺകുട്ടികളുടെ സൗന്ദര്യവും രൂപവും അളന്നു തിട്ടപ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കിയ ആൺകുട്ടികളുടെ നടപടി വിവാദത്തിൽ. നൂറോളം പെൺകുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തി 'S' മുതൽ 'F' വരെയുള്ള ഗ്രേഡിംഗ് സിസ്റ്റം ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ തങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ അധിക്ഷേപകരമായ റേറ്റിംഗ് പട്ടിക പ്രചരിപ്പിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ മാനേജ്മെന്റ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ അന്തസ്സിനും വ്യക്തിത്വത്തിനും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ഗൗരവമായി കാണുന്നുവെന്ന് ഹെഡ്മാസ്റ്റർ ജസ്റ്റിൻ ഗാരിക്ക് രക്ഷിതാക്കൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. സംഭവത്തിൽ മാനസികമായി തകർന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും മറ്റ് പിന്തുണകളും നൽകാൻ സ്കൂൾ സൈക്കോളജിസ്റ്റിനെയും ചാപ്ലെയനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 1929-ൽ ആൺകുട്ടികൾക്ക് മാത്രം പഠനസൗകര്യമൊരുക്കി ആരംഭിച്ച കാൻബറ ഗ്രാമർ സ്കൂൾ 2017 മുതലാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയത്.