

ബ്രിസ്‌ബേൻ: പൊതു നീന്തൽക്കുളങ്ങളിൽ അനുമതിയില്ലാതെ ആളുകളുടെ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ എഐ സ്മാർട്ട് ഗ്ലാസുകൾക്കും ധരിക്കാവുന്ന ക്യാമറകൾക്കും (Wearable technology) വിലക്കേർപ്പെടുത്തി ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ. അനുമതിയില്ലാതെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്ന സ്മാർട്ട് ഗ്ലാസുകൾ, മൊബൈൽ ഫോണുകൾ, ആക്ഷൻ ക്യാമറകൾ എന്നിവ ഉൾപ്പെടെയുള്ള ക്യാമറ ഘടിപ്പിച്ച എല്ലാ ഉപകരണങ്ങൾക്കും ഈ സമ്പൂർണ്ണ നിരോധനം ബാധകമാണ്.
മെറ്റാ റേ-ബാൻ (Meta Ray-Ban), അങ്കോ (Anko) തുടങ്ങിയ സ്മാർട്ട് ഗ്ലാസുകളുടെ ഉപയോഗം വർദ്ധിച്ചതോടെ കുട്ടികളുടെയും മറ്റ് നീന്തൽക്കാരുടെയും സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബ്രിസ്‌ബേൻ ലോർഡ് മേയർ അഡ്രിയാൻ ഷ്രിന്നർ (Adrian Schrinner) അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിയമപരമാണെങ്കിലും, പൂൾ എൻട്രി നിബന്ധനകൾ ലംഘിച്ച് മറ്റുള്ളവരുടെ സ്വകാര്യത കവരുന്നവരെ പുറത്താക്കാൻ ലൈഫ് ഗാർഡുകൾക്ക് അധികാരം നൽകുന്നതാണ് പുതിയ ചട്ടം. വരും ആഴ്ചകളിൽ നഗരത്തിലെ 21 കൗൺസിൽ പൂളുകളിലും നിയമം പ്രാബല്യത്തിൽ വരും.