ബ്രിസ്ബേനിൽ വിമാനങ്ങളുടെ വഴിമാറും; 1.4 ലക്ഷം ജനങ്ങൾക്ക് ശബ്ദമലിനീകരണത്തിൽ നിന്ന് ആശ്വാസം

വരും ദശകങ്ങളിലെ വർദ്ധിച്ച ശേഷി കൂടി ഉൾക്കൊള്ളാൻ തക്കവണ്ണമാണ് ഈ പാതകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇനി ഒളിംപിക്‌സിന് മുൻപ് മാറ്റങ്ങൾ വരുത്തേണ്ടി വരില്ലെന്നും അധികൃതർ ആവർത്തിച്ചു.

flights
ബ്രിസ്ബേനിൽ വിമാനങ്ങളുടെ വഴിമാറുംJerry Zhang/ Unsplash
Published on

ബ്രിസ്ബേൻ: ബ്രിസ്ബേൻ എയർപോർട്ടുമായി ബന്ധപ്പെട്ട വിമാനങ്ങളുടെ സഞ്ചാരപാതയിൽ (Flight Paths) എയർസർവീസസ് ഓസ്‌ട്രേലിയ വരുത്തിയ വൻ മാറ്റങ്ങളോടെ നഗരത്തിലെ ഒന്നര ലക്ഷത്തോളം ജനങ്ങൾക്ക് വിമാനങ്ങളുടെ കടുത്ത ശബ്ദശല്യത്തിൽ നിന്ന് വലിയ ആശ്വാസം ലഭിക്കും. റെഡ്ക്ലിഫ്, സതേൺ മോറെട്ടൺ ബേ, ബ്രിബി ഐലൻഡ്, ലോഗൻ എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ഗുണം ചെയ്യുകയെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ 2020-ൽ പുതിയ റൺവേ തുറന്നതുമുതൽ നിരന്തരമായി ശബ്ദമലിനീകരണ പരാതികൾ ഉയരുന്ന ബുലിംബ (Bulimba) പ്രദേശത്തെ ഫ്ലൈറ്റ് പാതകളിൽ യാതൊരു മാറ്റവുമുണ്ടാകില്ല. വിമാനങ്ങൾ കൂടുതൽ ഉയരത്തിൽ (Altitude) പറത്തുന്നത് വഴി എഞ്ചിൻ ശബ്ദം കുറയ്ക്കാനും താഴെയുള്ള ജനങ്ങൾക്ക് ആശ്വാസമേകാനും പുതിയ ആക്ഷൻ പ്ലാനിലൂടെ സാധിക്കുമെന്ന് എയർസർവീസസ് ഓസ്‌ട്രേലിയ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് മേധാവി ഡോണ മാർഷൽ പറഞ്ഞു.

പ്രഖ്യാപിച്ച മാറ്റങ്ങളിൽ ചിലത് ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മറ്റുള്ളവ സിവിൽ ഏവിയേഷൻ സേഫ്റ്റി അതോറിറ്റിയുടെ സുരക്ഷാ അനുമതികൾക്ക് ശേഷം അടുത്ത വർഷത്തോടെ പൂർണ്ണമായി നടപ്പിലാക്കും. ഈ പുതിയ തീരുമാനത്തോട് ജനങ്ങൾ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. സതേൺ മോറെട്ടൺ ബേയിലെ ചില ദ്വീപുകളെ വിമാനപ്പാതയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയതിനെ ജനപ്രതിനിധികൾ സ്വാഗതം ചെയ്യുമ്പോൾ, റസ്സൽ ഐലൻഡിന് മുകളിലൂടെ പുതിയ പാതകൾ പ്രഖ്യാപിച്ചതിൽ അവിടുത്തെ പ്രായമായ ജനസംഖ്യയെ കരുതി കടുത്ത ആശങ്കയുണ്ടെന്ന് പ്രാദേശിക കൂട്ടായ്മകൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇത് ശബ്ദശല്യം കുറയ്ക്കാനുള്ള നടപടിയല്ലെന്നും, വരാനിരിക്കുന്ന 2032 ഒളിംപിക്‌സ് കൂടി മുന്നിൽക്കണ്ട് വിമാനത്താവളത്തിന്റെ സർവീസ് ശേഷി ഇരട്ടിയാക്കാനുള്ള എയർലൈൻ അധികൃതരുടെ തന്ത്രമാണെന്നും ബ്രിസ്ബേൻ ഫ്ലൈറ്റ് പാത്ത് കമ്മ്യൂണിറ്റി അലയൻസ് (BFPCA) കുറ്റപ്പെടുത്തി. എന്നാൽ വരും ദശകങ്ങളിലെ വർദ്ധിച്ച ശേഷി കൂടി ഉൾക്കൊള്ളാൻ തക്കവണ്ണമാണ് ഈ പാതകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇനി ഒളിംപിക്‌സിന് മുൻപ് മാറ്റങ്ങൾ വരുത്തേണ്ടി വരില്ലെന്നും അധികൃതർ ആവർത്തിച്ചു.

Metro Australia
maustralia.com.au