

സിഡ്നി: ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് ജൂണിലും 4.4 ശതമാനമായി തുടരുന്നു. അതേസമയം, കഴിഞ്ഞ മാസം 76,000 പേർക്ക് പുതിയതായി ജോലി ലഭിച്ചതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി തുടരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർക്ക് ജൂണിൽ ജോലി ലഭിച്ചു. അതേസമയം, തൊഴിലില്ലാത്തവരുടെ എണ്ണം 13,000 വർധിച്ചു.
ജൂണിലെ തൊഴിൽ വർധന സാധാരണയായി ഈ സമയത്ത് രേഖപ്പെടുത്തുന്നതിനേക്കാൾ കൂടുതലാണെന്ന് ABS ലേബർ സ്റ്റാറ്റിസ്റ്റിക്സ് മേധാവി സീൻ ക്രിക്ക് പറഞ്ഞു. മെയ് മാസത്തിൽ ജോലി ലഭിച്ചിരുന്നെങ്കിലും ജോലിയിൽ പ്രവേശിക്കാൻ കാത്തിരുന്ന ചിലരും ജൂണിൽ ജോലിയിൽ പ്രവേശിച്ചതാണ് തൊഴിൽ വർധനയ്ക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയർന്ന നിലയിൽ തുടരുന്ന തൊഴിൽ പങ്കാളിത്തവും ജൂണിലും തുടർന്നതായി ക്രിക്ക് വ്യക്തമാക്കി.