20 വർഷത്തിന് ശേഷം ‘ടൈഗർ’ ഹെലികോപ്റ്ററുകളോട് വിട; ഓസ്‌ട്രേലിയൻ സൈന്യത്തിൽ ഇനി അപാച്ചെ

ഏകദേശം 1.1 ബില്യൺ ഡോളർ ചെലവിൽ സ്വന്തമാക്കിയ 22 ടൈഗർ ARH ഹെലികോപ്റ്ററുകൾക്ക് പകരം അമേരിക്കൻ നിർമിത AH-64E അപാച്ചെ ഹെലികോപ്റ്ററുകളാണ് ഇനി സേനയുടെ ഭാഗമാകുന്നത്.
20 വർഷത്തിന് ശേഷം ‘ടൈഗർ’ ഹെലികോപ്റ്ററുകളോട് വിട
ടൈഗർ ഹെലികോപ്റ്ററുകൾ 2004 മുതലാണ് സേനയിൽ പ്രവർത്തനം ആരംഭിച്ചത്. (ABC News: Tristan Hooft)
Published on: 

കാൻബറ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ (ADF) ടൈഗർ ആക്രമണ ഹെലികോപ്റ്ററുകൾ സർവീസിൽ നിന്ന് പിന്മാറുന്നു. ഏകദേശം 1.1 ബില്യൺ ഡോളർ ചെലവിൽ സ്വന്തമാക്കിയ 22 ടൈഗർ ARH ഹെലികോപ്റ്ററുകൾക്ക് പകരം അമേരിക്കൻ നിർമിത AH-64E അപാച്ചെ ഹെലികോപ്റ്ററുകളാണ് ഇനി സേനയുടെ ഭാഗമാകുന്നത്. 2001ൽ ഓസ്‌ട്രേലിയ സ്വന്തമാക്കിയ ടൈഗർ ഹെലികോപ്റ്ററുകൾ 2004 മുതലാണ് സേനയിൽ പ്രവർത്തനം ആരംഭിച്ചത്. വേഗതയ്ക്കും മികച്ച ചലനശേഷിക്കും പേരുകേട്ട ഹെലികോപ്റ്ററുകൾ ഈ മാസം ഔദ്യോഗികമായി സർവീസിൽ നിന്ന് വിരമിക്കും.

ഡാർവിനിൽ ടൈഗർ ഹെലികോപ്റ്ററുകൾ പറത്തുന്ന ക്യാപ്റ്റൻ നിക്കോളാസ് ബിൽട്ടൺ, മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ടൈഗറിനോട് വിടപറയുന്നത് വൈകാരികമായ അനുഭവമാണെന്ന് പറഞ്ഞു. കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്ന സ്വപ്നമാണ് ടൈഗർ പറത്തിയതിലൂടെ സാക്ഷാത്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. “ടൈഗറിന്റെ ചലനശേഷിയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുക. പറത്താൻ ഒരു ഫെറാരിയെപ്പോലെയാണ് അത്,” ബിൽട്ടൺ പറഞ്ഞു. ടൈഗറുകൾ സർവീസിൽ നിന്ന് പിന്മാറുന്നതോടെ ഒന്നാം ഏവിയേഷൻ റെജിമെന്റ് ഡാർവിനിൽ നിന്ന് ടൗൺസ്‌വില്ലിലേക്ക് മാറ്റും. ടൈഗറുകൾക്ക് പകരം അമേരിക്കയിൽ നിന്ന് 4.5 ബില്യൺ ഡോളറിന്റെ കരാറിലാണ് 29 AH-64E അപാച്ചെ ഹെലികോപ്റ്ററുകൾ ഓസ്‌ട്രേലിയ സ്വന്തമാക്കുന്നത്.

20 വർഷത്തിന് ശേഷം ‘ടൈഗർ’ ഹെലികോപ്റ്ററുകളോട് വിട
(Supplied: Australian Defence Force)

ഇതുവരെ ആറ് അപാച്ചെ ഹെലികോപ്റ്ററുകൾ ടൗൺസ്‌വില്ലിൽ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഉൾപ്പെടെ 29 ഹെലികോപ്റ്ററുകളും 2029 അവസാനത്തോടെ ഓസ്‌ട്രേലിയയിൽ എത്തുമെന്നാണ് പ്രതീക്ഷ. ടൈഗർ ഹെലികോപ്റ്ററുകൾ നിരവധി അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് കേണൽ ജേസൺ പെറിൻസ് പറഞ്ഞു. അമേരിക്കയുമായി നടത്തിയ അഭ്യാസങ്ങളിലും മലേഷ്യയിൽ അന്താരാഷ്ട്ര പങ്കാളികൾക്കായി നടത്തിയ പ്രതിരോധ ശേഷി പ്രദർശനങ്ങളിലും ടൈഗറുകൾ പങ്കാളികളായിരുന്നു. ടൈഗറും അപാച്ചെയും മികച്ച ആക്രമണ പ്ലാറ്റ്‌ഫോമുകളാണെങ്കിലും കണക്റ്റിവിറ്റി, ഡാറ്റാ സംവിധാനങ്ങൾ, സെൻസറുകൾ തുടങ്ങിയ മേഖലകളിൽ അപാച്ചെ കൂടുതൽ മുന്നേറ്റം നൽകുന്നതാണെന്ന് പെറിൻസ് പറഞ്ഞു. ടൈഗറുകളുടെ അവസാന യാത്രയയപ്പിന്റെ ഭാഗമായി ക്യാപ്റ്റൻ ബിൽട്ടൺ ഡാർവിനിലെ പ്രശസ്തമായ മിൻഡിൽ ബീച്ച് മാർക്കറ്റിന് മുകളിലൂടെ അവസാന ഫ്ലൈഓവർ നടത്തി. വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യത്തിൽ പ്രവർത്തിക്കാനുള്ള ഓസ്‌ട്രേലിയയുടെ ആവശ്യകത കണക്കിലെടുത്താണ് അപാച്ചെ ഹെലികോപ്റ്ററുകളിലേക്കുള്ള മാറ്റമെന്ന് എഡിഎഫ് വക്താവ് അറിയിച്ചു.

Metro Australia
maustralia.com.au