ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഭാവി പരിശോധിക്കാൻ പാർലമെന്ററി സമിതി

കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസാണ് തപാൽ ശൃംഖലയുടെ പ്രവർത്തനക്ഷമതയും ഭാവിയിലെ സുസ്ഥിരതയും പരിശോധിക്കാൻ പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടത്.
ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഭാവി പരിശോധിക്കാൻ പാർലമെന്ററി സമിതി
കഴിഞ്ഞ സാമ്പത്തിക വർഷം ഓസ്‌ട്രേലിയ പോസ്റ്റിന് 107 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു.(9News)
Published on: 

ഓസ്‌ട്രേലിയയുടെ ദേശീയ തപാൽ സേവനമായ ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഭാവി പരിശോധിക്കാൻ പാർലമെന്ററി സമിതിയെ നിയോഗിച്ച് ഫെഡറൽ സർക്കാർ. കത്തുകളുടെ എണ്ണം കുറയുന്നതും വിതരണച്ചെലവ് ഉയരുന്നതും ഇ-കൊമേഴ്‌സ് കമ്പനികളിൽനിന്നുള്ള മത്സരവും തപാൽ ശൃംഖലയുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസാണ് തപാൽ ശൃംഖലയുടെ പ്രവർത്തനക്ഷമതയും ഭാവിയിലെ സുസ്ഥിരതയും പരിശോധിക്കാൻ പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം ഓസ്‌ട്രേലിയ പോസ്റ്റിന് 107 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിരുന്നു.

ഉപഭോക്താക്കളുടെ ശീലങ്ങളിലുണ്ടായ മാറ്റങ്ങൾ ഒരുകാലത്ത് ജനങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനമായിരുന്ന ഓസ്‌ട്രേലിയ പോസ്റ്റിന്റെ വാണിജ്യപരമായ നിലനിൽപ്പിന് വെല്ലുവിളിയാകുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ ഓസ്‌ട്രേലിയക്കാർക്കും പ്രാപ്യവും സുസ്ഥിരവുമായ തപാൽ സേവനം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ സമിതി പരിശോധിക്കുമെന്ന് അവർ വ്യക്തമാക്കി. സാധാരണക്കാർ, വ്യാപാരസ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തപാൽ ശൃംഖലയെ എങ്ങനെ മെച്ചപ്പെടുത്താമെന്നതും പരിശോധനയുടെ ഭാഗമായിരിക്കും. കത്തുകളുടെ വിതരണം കുറഞ്ഞുവരുമ്പോൾ ഓൺലൈൻ ഷോപ്പിങ്ങിന്റെ വളർച്ചയെത്തുടർന്ന് പാഴ്സൽ വിതരണത്തിന്റെ എണ്ണം വർധിക്കുന്നതാണ് ഓസ്‌ട്രേലിയ പോസ്റ്റ് നേരിടുന്ന മറ്റൊരു സാഹചര്യം.

Also Read
ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയൻ വീസയ്ക്ക് ഇനി ബയോമെട്രിക്സ് നിർബന്ധം; പുതിയ അപേക്ഷകർ അറിയേണ്ട കാര്യങ്ങൾ
ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഭാവി പരിശോധിക്കാൻ പാർലമെന്ററി സമിതി

2025 നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം ഏകദേശം 11.1 കോടി പാഴ്സലുകൾ വിതരണം ചെയ്ത് സ്ഥാപനം റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 2024-നെ അപേക്ഷിച്ച് 7.6 ശതമാനമായിരുന്നു വർധന. അതേസമയം, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കത്തുകളുടെ വിതരണം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിട്ടുണ്ട്. മാറിവരുന്ന ഉപഭോക്തൃശീലങ്ങളും വിപണിയിലെ സാഹചര്യങ്ങളും ആഗോളതലത്തിൽ ദേശീയ തപാൽ സേവനങ്ങൾക്ക് വെല്ലുവിളിയാകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.