

ഓസ്‌ട്രേലിയയിൽ ജീവിത നിലവാരത്തിലെ വളർച്ച 1910കളിന് ശേഷമുള്ള ഏറ്റവും ദുർബലമായ ദശകത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഈ ദശകത്തിൽ ഇതുവരെ ഒരാൾക്കുള്ള ജിഡിപി വളർച്ച വെറും 4 ശതമാനം മാത്രമാണ്. ഉൽപാദനക്ഷമതയിലെ മന്ദഗതി, ഉയർന്ന പണപ്പെരുപ്പം, ദുർബലമായ വേതന വളർച്ച എന്നിവയാണ് പ്രധാന കാരണങ്ങൾ.
മുൻ റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോ പറയുന്നത്, രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക പ്രശ്നം ജീവിത നിലവാരത്തിലെ ദീർഘകാല തകർച്ചയാണെന്നാണ്. ബിസിനസുകൾ നിക്ഷേപം നടത്താനും വളരാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന തരത്തിൽ വലിയ നയപരിഷ്‌കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ്-എട്ട് വർഷമായി ഒരാൾക്കുള്ള വരുമാനത്തിൽ കാര്യമായ വളർച്ച ഉണ്ടായിട്ടില്ലെന്നും ലോ ചൂണ്ടിക്കാട്ടി. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓസ്‌ട്രേലിയയിലെ യഥാർത്ഥ വേതനം 5 ശതമാനം കുറഞ്ഞതായി OECD വിലയിരുത്തുന്നു.
ജീവിതച്ചെലവ് വർധിച്ചതും സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ജനങ്ങളിൽ രാഷ്ട്രീയ അസംതൃപ്തി വർധിപ്പിക്കുന്നതായും വിദഗ്ധർ പറയുന്നു. ജീവിതച്ചെലവിലെ സമ്മർദം വോട്ടർമാരെ വൺ നേഷൻ പോലുള്ള പാർട്ടികളിലേക്ക് അടുപ്പിക്കുന്നതായി റെഡ്ബ്രിഡ്ജ് ഡയറക്ടർ ടോണി ബാരി അഭിപ്രായപ്പെട്ടു. ഉൽപാദനക്ഷമത വർധിപ്പിക്കൽ, ബിസിനസ് നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, വിപണിയിലെ മത്സരം ശക്തിപ്പെടുത്തൽ എന്നിവയ്ക്കൊപ്പം നികുതി, നിയന്ത്രണങ്ങൾ, ഭവനം, കുടിയേറ്റം, സർക്കാർ ചെലവ് തുടങ്ങിയ മേഖലകളിലും പരിഷ്‌കരണങ്ങൾ ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെട്ടു.
പുതിയ ഉൽപാദന സാധ്യതകളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കാൻ കൂടുതൽ നവീന ബിസിനസുകൾ വളരേണ്ടതുണ്ടെന്ന് ഡെലോയിറ്റ് ആക്‌സസ് ഇക്കണോമിക്സ് പങ്കാളി പ്രദീപ് ഫിലിപ്പ് പറഞ്ഞു. ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നത്തിന്റെ അടിസ്ഥാനം കുറഞ്ഞ ഉൽപാദനക്ഷമതയാണെന്ന് AMP ചീഫ് ഇക്കണോമിസ്റ്റ് ഷെയ്ൻ ഒലിവറും പറഞ്ഞു.