

കാൻബറ: യൂറോപ്യൻ യൂണിയന്റെ പുതിയ "മെയ്ഡ് ഇൻ യൂറോപ്പ്" നയ നിർദേശങ്ങൾ ഓസ്ട്രേലിയ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെ യൂറോപ്യൻ വിപണിയിൽ നിന്ന് അകറ്റുമോയെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഓസ്ട്രേലിയ, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലെ വ്യാപാര സംഘടനകൾ സംയുക്തമായി യൂറോപ്യൻ യൂണിയന് കത്തയച്ച് ആശങ്ക രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരിക്കുന്ന പുതിയ നിയമങ്ങൾ യൂറോപ്പിൽ നിർമ്മിക്കുന്ന സാങ്കേതിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ്.
ക്ലൗഡ് കമ്പ്യൂട്ടിങ്, കൃത്രിമ ബുദ്ധി (AI), സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിൽ യൂറോപ്യൻ കമ്പനികൾക്ക് മുൻതൂക്കം നൽകുന്ന നയം മത്സരത്തെ ബാധിക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. കമ്പനിയുടെ ഉത്ഭവ രാജ്യമോ ഉടമസ്ഥാവകാശ ഘടനയോ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിപണിയിലെ തിരഞ്ഞെടുപ്പുകൾ കുറയ്ക്കുകയും ചെലവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഓസ്ട്രേലിയയിലെ ടെക് കൗൺസിൽ, കാനഡ-ഇയു ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അസോസിയേഷൻ, ജപ്പാൻ അസോസിയേഷൻ ഓഫ് ന്യൂ ഇക്കോണമി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിശ്വസ്തമായ അന്താരാഷ്ട്ര പങ്കാളികൾക്ക് തുറന്ന വിപണി ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയൻ അമേരിക്കൻ ടെക് കമ്പനികളോടുള്ള ആശ്രയം കുറയ്ക്കുകയും സ്വന്തം സാങ്കേതിക വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനിർമാണം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇത് യൂറോപ്പിന് പുറത്തുള്ള പങ്കാളി രാജ്യങ്ങളിലെ കമ്പനികൾക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക. നിർദേശം ഇപ്പോൾ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും പരിഗണിച്ചുവരികയാണ്. അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ല.