

കാൻബറ: സുരക്ഷാ ആശങ്കകളെ തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ കെട്ടിടങ്ങളിൽ നിന്നും പ്രതിരോധ കേന്ദ്രങ്ങളിൽ നിന്നും നീക്കം ചെയ്ത ചൈനീസ് കമ്പനിയായ ദാഹുവ ടെക്നോളജിയുടെ ക്യാമറകൾ ഇലക്ട്രിക് വാഹനങ്ങളിലൂടെ ഓസ്‌ട്രേലിയയിൽ വീണ്ടും എത്തിയതായി എബിസി ന്യൂസിന്റെ Four Corners അന്വേഷണ റിപ്പോർട്ട്. 2023ൽ സർക്കാർ കെട്ടിടങ്ങളിലും പ്രതിരോധ കേന്ദ്രങ്ങളിലുമായി സ്ഥാപിച്ചിരുന്ന ദാഹുവയുടെ നൂറുകണക്കിന് ക്യാമറകൾ നിരീക്ഷണ ഭീഷണി കണക്കിലെടുത്ത് നീക്കം ചെയ്തിരുന്നു. എന്നാൽ ദാഹുവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ പിന്നീട് ചൈനീസ് ഇലക്ട്രിക് വാഹന ബ്രാൻഡായ Leapmotor വഴി ഓസ്‌ട്രേലിയൻ വിപണിയിൽ എത്തിയതായാണ് റിപ്പോർട്ട്.
2024ൽ ഓസ്‌ട്രേലിയയിലെത്തിയ Leapmotor-ന്റെ C10 മോഡലിൽ വാഹനത്തിന് ചുറ്റുപാടും അകത്തളവും 360 ഡിഗ്രിയിൽ നിരീക്ഷിക്കാൻ ആറ് ക്യാമറകളുണ്ട്. ഇതിൽ ചില ക്യാമറകൾ ദാഹുവ നിർമിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. Hong Kong Stock Exchange-ൽ സമർപ്പിച്ച രേഖകൾ പ്രകാരം, ദാഹുവയുടെ ഒരു അനുബന്ധ സ്ഥാപനവുമായി Leapmotor-ന് ക്യാമറകൾ, സെൻസറുകൾ, റഡാറുകൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള കരാറുമുണ്ട്. Four Corners വാങ്ങിയ Leapmotor-ന്റെ പിൻ ക്യാമറയിലും ദാഹുവയുടെ ‘DH’ തിരിച്ചറിയൽ അടയാളം കണ്ടെത്തി. മുൻ ദേശീയ സൈബർ സുരക്ഷാ ഉപദേഷ്ടാവ് അലസ്റ്റെയർ മക്ഗിബ്ബൺ പറയുന്നത്, ക്യാമറകളും മൈക്രോഫോണുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുമുള്ള വാഹനങ്ങൾ നിരീക്ഷണത്തിന് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ്. സർക്കാർ കെട്ടിടങ്ങൾക്ക് സമീപം ഇത്തരം വാഹനം പാർക്ക് ചെയ്താൽ ജീവനക്കാരുടെ വരവും പോകലും ജോലി സമയക്രമവും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റിൽ Four Corners കാൻബറയിലെ ASIO, പ്രതിരോധ വകുപ്പ്, ഓസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് എന്നിവയുടെ ആസ്ഥാനങ്ങൾക്ക് സമീപമുള്ള ഒരു പൊതുപാർക്കിങ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ 22 ഇലക്ട്രിക് വാഹനങ്ങൾ കണ്ടെത്തി. ഇതിൽ ഏകദേശം പകുതിയും ചൈനീസ് ബ്രാൻഡുകളുടേതായിരുന്നു.
സൈനിക കേന്ദ്രങ്ങളിലെ നിയന്ത്രണം
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ സുരക്ഷാ നിരീക്ഷണത്തിന് ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെ തുടർന്ന് ചില രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിൽ ചൈനീസ് വാഹനങ്ങൾക്കും ചൈനീസ് ഘടകങ്ങളുള്ള വാഹനങ്ങൾക്കും ചില അതീവസുരക്ഷാ കേന്ദ്രങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ സൈനികർ ഇത്തരം വാഹനങ്ങൾ മൂന്ന് കിലോമീറ്ററിലധികം അകലെ പാർക്ക് ചെയ്യാൻ നിർദേശിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ചൈനീസ് വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം നിലവിലില്ലെങ്കിലും ചില നിയന്ത്രണങ്ങളും മുൻകരുതലുകളും നിലവിലുണ്ടെന്ന് ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്ക് പറഞ്ഞു. പ്രതിരോധ വകുപ്പ് നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
ചൈന തന്നെ 2021ൽ ടെസ്‌ല വാഹനങ്ങൾക്ക് ചില രാഷ്ട്രീയ, പ്രതിരോധ കേന്ദ്രങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചൈനീസ് വാഹനങ്ങളുടെ സുരക്ഷാ സാധ്യതകൾ ഓസ്‌ട്രേലിയയും ഗൗരവമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ പ്രതിരോധ വക്താവ് ജെയിംസ് പാറ്റേഴ്സൺ ആവശ്യപ്പെട്ടു. ഇതിനിടെ, Four Corners നടത്തിയ മറ്റൊരു പരിശോധനയിൽ ചൈനീസ് നിർമിത BYD Shark 6 വാഹനത്തിന്റെ ചില പ്രവർത്തനങ്ങൾ വിദൂരമായി നിയന്ത്രിക്കാൻ സൈബർ സുരക്ഷാ വിദഗ്ധന് കഴിഞ്ഞതായും റിപ്പോർട്ട് ചെയ്തു. ലൈറ്റുകൾ, വൈപ്പറുകൾ, ലോക്കുകൾ, മ്യൂസിക് തുടങ്ങിയവ നിയന്ത്രിക്കാനും വാഹനത്തിന്റെ മൈക്രോഫോൺ പ്രവർത്തിപ്പിച്ച് അകത്തെ സംഭാഷണം കേൾക്കാനും സാധിച്ചതായി പരിശോധനയിൽ കണ്ടെത്തി. എന്നാൽ ബ്രേക്കുകളും ക്യാമറകളും പോലുള്ള നിർണായക സംവിധാനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു. ഓസ്‌ട്രേലിയൻ സർക്കാർ കണക്റ്റഡ് വാഹനങ്ങൾക്ക് പുതിയ സൈബർ സുരക്ഷാ, സോഫ്റ്റ്‌വെയർ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വ്യവസായ മേഖലയുമായി കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. എന്നാൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ വർഷങ്ങൾ എടുത്തേക്കാമെന്നാണ് റിപ്പോർട്ട്. Leapmotor വിഷയത്തിൽ Four Corners അയച്ച ചോദ്യങ്ങൾക്ക് കമ്പനി പ്രതികരിച്ചില്ല.