12.5% യുഎസ് ഇറക്കുമതി തീരുവ; നിരാശ പ്രകടിപ്പിച്ച് ഓസ്ട്രേലിയ

ആധുനിക അടിമത്തത്തിനെതിരായ നടപടികളുടെ പേരിലാണ് 60 വ്യാപാര പങ്കാളികൾക്ക് പുതിയ തീരുവ ഏർപ്പെടുത്തുന്നതെന്ന് യുഎസ് അറിയിച്ചു.
12.5% യുഎസ് ഇറക്കുമതി തീരുവ; നിരാശ പ്രകടിപ്പിച്ച് ഓസ്ട്രേലിയ
ലോകത്തെ 60 വ്യാപാര പങ്കാളികൾക്ക് 10 മുതൽ 12.5 ശതമാനം വരെ ഇറക്കുമതി തീരുവയാണ് ഏർപ്പെടുത്തുന്നത്.(AP)
Published on

ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് 12.5 ശതമാനം പുതിയ ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഓസ്‌ട്രേലിയ നിരാശ പ്രകടിപ്പിച്ചു. ആധുനിക അടിമത്തത്തിനെതിരായ നടപടികളുടെ പേരിലാണ് 60 വ്യാപാര പങ്കാളികൾക്ക് പുതിയ തീരുവ ഏർപ്പെടുത്തുന്നതെന്ന് യുഎസ് അറിയിച്ചു. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ നടപടിയിൽ ലോകത്തെ 60 വ്യാപാര പങ്കാളികൾക്ക് 10 മുതൽ 12.5 ശതമാനം വരെ ഇറക്കുമതി തീരുവയാണ് ഏർപ്പെടുത്തുന്നത്. ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് 12.5 ശതമാനം നിരക്കാണ് ബാധകമാകുക.

തീരുമാനം "പൂർണമായും ന്യായീകരിക്കാനാകാത്തത്" ആണെന്ന് ഓസ്‌ട്രേലിയൻ വ്യാപാര മന്ത്രി ഡോൺ ഫാരൽ പറഞ്ഞു. ആധുനിക അടിമത്തത്തിനെതിരെ ഓസ്‌ട്രേലിയൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ താരിഫുകളും പിൻവലിക്കണമെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. അതേസമയം, പുതിയ താരിഫുകൾക്കിടയിലും ഓസ്‌ട്രേലിയയുടെ വ്യാപാര നില ശക്തമാണെന്ന് ഫാരൽ പറഞ്ഞു. 2025 ഏപ്രിലിലെ ട്രംപിന്റെ 'ലിബറേഷൻ ഡേ' വ്യാപാര നയത്തിന് ശേഷം യുഎസിലേക്കുള്ള ഓസ്‌ട്രേലിയൻ കയറ്റുമതി 67 ശതമാനം വർധിച്ചതായും, കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുടെ മൊത്തം വ്യാപാരം റെക്കോർഡ് 1.32 ട്രില്യൺ ഡോളറിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ പ്രധാന യുഎസ് കയറ്റുമതി ഉൽപ്പന്നങ്ങളായ ബീഫ്, സ്വർണം, ചെമ്പ് എന്നിവയ്ക്ക് നിലവിൽ താരിഫ് ബാധകമല്ലാത്തതും രാജ്യത്തിന് നേട്ടമാണെന്ന് ഫാരൽ ചൂണ്ടിക്കാട്ടി. യുഎസിലെ കന്നുകാലി ശേഖരം 75 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതും ഓസ്‌ട്രേലിയൻ ബീഫ് കയറ്റുമതിക്ക് അനുകൂല ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തീരുവ ഓസ്‌ട്രേലിയയുടെ ആഗോള വ്യാപാര മത്സരക്ഷമതയെ കാര്യമായി ബാധിക്കില്ലെന്നും ഫാരൽ അഭിപ്രായപ്പെട്ടു. കാരണം, ഓസ്‌ട്രേലിയയുടെ പ്രധാന മത്സര രാജ്യങ്ങളായ നിരവധി രാജ്യങ്ങൾക്കും സമാനമായ താരിഫ് വർധന നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

12.5% യുഎസ് ഇറക്കുമതി തീരുവ; നിരാശ പ്രകടിപ്പിച്ച് ഓസ്ട്രേലിയ
ചില ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫിൽ നിന്ന് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.(AP)

ആധുനിക അടിമത്തവും നിർബന്ധിത തൊഴിലും തടയുന്നതിൽ വ്യാപാര പങ്കാളികൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് യുഎസ് നിലപാട്. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനുള്ള നിയമം യുഎസിൽ വർഷങ്ങളായി നിലവിലുണ്ടെന്നും അത് കൂടുതൽ ശക്തമായി നടപ്പാക്കേണ്ട സമയമായെന്നും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ പറഞ്ഞു. അതേസമയം, മനുഷ്യാവകാശ പ്രശ്നത്തിന്റെ പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ താരിഫുകൾ യഥാർത്ഥത്തിൽ ആഗോള തലത്തിൽ യുഎസിന്റെ വ്യാപാര സമ്മർദം വർധിപ്പിക്കാനുള്ള നീക്കമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 1974ലെ Trade Act-ന്റെ Section 301 പ്രകാരമാണ് പുതിയ താരിഫുകൾ നടപ്പാക്കുന്നത്. യുകെ, കാനഡ, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ ചില രാജ്യങ്ങൾക്ക് 10 ശതമാനം താരിഫാണ് ബാധകമാകുന്നത്. നിർബന്ധിത തൊഴിൽ തടയുന്നതിന് ഈ രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് നിരക്ക് കുറച്ചതെന്നാണ് യുഎസ് വിശദീകരണം.

ചില ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫിൽ നിന്ന് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റീൽ, അലുമിനിയം, ചെമ്പ് ഉൽപ്പന്നങ്ങൾ, ചില വാഹനങ്ങൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഓസ്‌ട്രേലിയയ്ക്ക് പ്രത്യേകമായ അധിക ഇളവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, യുഎസ് അന്വേഷണ നടപടികളുടെ ഭാഗമായി ഓസ്‌ട്രേലിയ നേരത്തെ തന്നെ സ്വന്തം ആധുനിക അടിമത്ത വിരുദ്ധ നിയമങ്ങളും യുഎസ്-ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാറും സംബന്ധിച്ച വിശദീകരണങ്ങൾ സമർപ്പിച്ചിരുന്നു. പുതിയ താരിഫ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ സർക്കാർ യുഎസുമായി ചർച്ചകൾ തുടരുമെന്നാണ് സൂചന.

Metro Australia
maustralia.com.au