‘ഇറാൻ പ്രമുഖ ജൂത ഓസ്‌ട്രേലിയക്കാരെ വധിക്കാൻ ശ്രമിച്ചേക്കാം’; മുന്നറിയിപ്പുമായി ASIO മേധാവി

ഓസ്‌ട്രേലിയയുടെ പ്രധാന വൈദ്യുതി, ടെലികമ്യൂണിക്കേഷൻ ശൃംഖലകളിൽ ചൈന സൈബർ ഇടപെടലുകൾ നടത്തുന്നതായും ബർഗസ് മുന്നറിയിപ്പ് നൽകി.
Director general of the Australian Security Intelligence Organisation (Asio), Mike Burgess.
Director general of the Australian Security Intelligence Organisation (Asio), Mike Burgess.(Photograph: Lukas Coch/AAP)
Published on

കാൻബറ: പ്രമുഖ ജൂത ഓസ്‌ട്രേലിയക്കാരെ വധിക്കാൻ ഇറാൻ ശ്രമിച്ചേക്കാമെന്ന് തള്ളിക്കളയാനാകില്ലെന്ന് ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (ASIO) ഡയറക്ടർ ജനറൽ മൈക്ക് ബർഗസ്. രാജ്യത്തെ ജൂത സമൂഹത്തിന് വിദേശ രാജ്യങ്ങളുടെ ഇടപെടലുകളിലൂടെയും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീൽ മിച്ചലുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ബർഗസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സാണ് സിഡ്‌നിയിലെ ലൂയിസ് കോണ്ടിനെന്റൽ കിച്ചൻ, മെൽബണിലെ അഡാസ് ഇസ്രായേൽ സിനഗോഗ് എന്നിവിടങ്ങളിലെ ആക്രമണങ്ങൾക്ക് പിന്നിലെന്ന് ASIO നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 2025 ഓഗസ്റ്റിൽ ഓസ്‌ട്രേലിയ ഇറാന്റെ അംബാസഡറെയും മറ്റ് മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരെയും രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു.

Also Read
വിസ ചട്ടങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ; ബാക്ക്പാക്കർമാർക്ക് ബാലറ്റ്, കുടിയേറ്റം വെട്ടിച്ചുരുക്കും
Director general of the Australian Security Intelligence Organisation (Asio), Mike Burgess.

ഓസ്‌ട്രേലിയൻ വൈദ്യുതി ശൃംഖലകൾ ലക്ഷ്യമിട്ട് ചൈനീസ് സൈബർ നീക്കം

അതേസമയം, ഓസ്‌ട്രേലിയയുടെ പ്രധാന വൈദ്യുതി, ടെലികമ്യൂണിക്കേഷൻ ശൃംഖലകളിൽ ചൈന സൈബർ ഇടപെടലുകൾ നടത്തുന്നതായും ബർഗസ് മുന്നറിയിപ്പ് നൽകി. നിലവിൽ ആക്രമണം ആസന്നമല്ലെങ്കിലും ആവശ്യമായ സാഹചര്യം ഉണ്ടായാൽ ഓസ്‌ട്രേലിയയിലെ വൈദ്യുതി, ടെലികോം ശൃംഖലകൾ പ്രവർത്തനരഹിതമാക്കാനുള്ള ശേഷി വികസിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, ടെലികോം സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാനസൗകര്യങ്ങളിൽ വിവിധ രാജ്യങ്ങൾ നിരന്തരം സൈബർ പരിശോധനകൾ നടത്തുകയാണെന്നും ഭാവിയിലെ സംഘർഷസാഹചര്യങ്ങൾക്കായി ഇത്തരം ശേഷികൾ വികസിപ്പിക്കുകയാണെന്നും ബർഗസ് വ്യക്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ സർക്കാർ പിന്തുണയുള്ള സൈബർ ആക്രമണം യഥാർഥ സാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയാണ് ഓസ്‌ട്രേലിയയുടെ പ്രധാന ആശങ്കയെന്നും ബർഗസ് കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയിലെ നിർണായക അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് ചൈനീസ് ഹാക്കർമാർ നിരന്തരം വിവരശേഖരണം നടത്തുന്നതായി ബർഗസ് കഴിഞ്ഞ വർഷവും മുന്നറിയിപ്പ് നൽകിയിരുന്നു.

Metro Australia
maustralia.com.au