കാൻബറയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്‌കാരം; സ്കൂളുകളുടെ സ്വയംഭരണാവകാശം വെട്ടിക്കുറയ്ക്കും

1973-ൽ ന്യൂ സൗത്ത് വെയ്ൽസിൽ നിന്നും വേർപെട്ട് സ്വതന്ത്രമായതിന് ശേഷം എ.സി.ടി വിദ്യാഭ്യാസ മേഖല കാണുന്ന ഏറ്റവും വലിയ 'തലമുറ മാറ്റത്തിനാണ്' ഇതിലൂടെ തുടക്കമിടുന്നത്
Children
ഓസ്ട്രേലിയയിലെ കുട്ടിളുടെ വിദ്യാഭ്യാസത്തിന് വൻ ചെലവ്steven maarten william V/ unsplash
Published on

കാൻബറ: ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലെ (ACT) പബ്ലിക് സ്കൂളുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെ ദൗർലഭ്യവും പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സർക്കാർ. സംസ്ഥാനത്തെ 92 പബ്ലിക് സ്കൂളുകളിൽ 77 എണ്ണവും ബജറ്റ് പരിധിക്കപ്പുറം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരങ്ങൾ കഴിഞ്ഞ വർഷം പുറത്തുവന്നതിനെത്തുടർന്നാണ് സർക്കാർ പ്രത്യേക വിദഗ്ദ്ധ സമിതിയെ പഠനത്തിനായി നിയോഗിച്ചത്. നിലവിൽ സ്കൂളുകൾ ഒരു 'ഏകീകൃത പൊതുവിദ്യാഭ്യാസ സംവിധാനമായി' മാറണമെന്നും കൗൺസിലുകളുടെയും സ്കൂളുകളുടെയും അമിത സ്വയംഭരണാവകാശം നിയന്ത്രിക്കണമെന്നും സമിതി തങ്ങളുടെ അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

1973-ൽ ന്യൂ സൗത്ത് വെയ്ൽസിൽ നിന്നും വേർപെട്ട് സ്വതന്ത്രമായതിന് ശേഷം എ.സി.ടി വിദ്യാഭ്യാസ മേഖല കാണുന്ന ഏറ്റവും വലിയ 'തലമുറ മാറ്റത്തിനാണ്' ഇതിലൂടെ തുടക്കമിടുന്നത്. നിലവിൽ കാൻബറയിലെ സ്കൂളുകൾ ഫണ്ട് വിനിയോഗം, അധ്യാപക നിയമനം, പെരുമാറ്റ നിയന്ത്രണം എന്നിവയിൽ സ്വതന്ത്രമായ ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളെപ്പോലെയാണ്പ്രവർത്തിക്കുന്നത്. ഇത് സ്കൂളുകൾ തമ്മിൽ വലിയ രീതിയിലുള്ള അസമത്വങ്ങൾക്കും വിഭവങ്ങളുടെ അശാസ്ത്രീയമായ വിതരണത്തിനും കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പുതിയ പരിഷ്‌കാരത്തിലൂടെ സ്കൂളുകളുടെ അഡ്മിനിസ്ട്രേറ്റീവ് ഭാരം കുറയ്ക്കാനും, വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സെൻട്രൽ ഓഫീസ് വഴി ഒരേ രീതിയിലുള്ള അധ്യാപക വിന്യാസവും പാഠ്യപദ്ധതിയും സംസ്ഥാനത്തുടനീളം നടപ്പിലാക്കാനും സാധിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലെ സ്കൂളുകൾക്ക് അനുഭവ പരിചയമുള്ള അധ്യാപകരെ ലഭിക്കുന്നില്ലെന്നതും, സങ്കീർണ്ണമായ മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി മതിയായ യോഗ്യതയില്ലാത്ത ലേണിങ് സപ്പോർട്ട് അസിസ്റ്റന്റുമാരെ അമിതമായി ആശ്രയിക്കുന്നതും വലിയ പ്രശ്നമായി സമിതി വിലയിരുത്തി. കൂടാതെ ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചിട്ടും അതിനനുസരിച്ചുള്ള ഫണ്ടിങ് ലഭിക്കുന്നില്ല. സ്കൂൾ കമ്മ്യൂണിറ്റികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് എ.സി.ടി വിദ്യാഭ്യാസ മന്ത്രി ഇവെറ്റ് ബെറി (Yvette Berry) പറഞ്ഞു. എന്നാൽ, സ്കൂളുകൾ കടുത്ത തൊഴിൽ സമ്മർദ്ദത്തിലാണെന്ന തങ്ങളുടെ വാദങ്ങളെ ഈ റിപ്പോർട്ട് ശരിവെക്കുന്നുണ്ടെന്നും, വരാനിരിക്കുന്ന ജൂൺ മാസത്തിലെ പൂർണ്ണദിന അധ്യാപക പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും ഓസ്‌ട്രേലിയൻ എജുക്കേഷൻ യൂണിയൻ പ്രസിഡന്റ് ആഞ്ചല ബറോസ് വ്യക്തമാക്കി. പല വർഷങ്ങൾ എടുത്തുമാത്രം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു ദീർഘകാല പദ്ധതിയായിട്ടാണ് സർക്കാർ ഈ വിദ്യാഭ്യാസ പരിഷ്‌കാരത്തെ കാണുന്നത്.

Metro Australia
maustralia.com.au