ഭാവി സുരക്ഷിതമാക്കാൻ കണക്ക് നിർബന്ധമാക്കണം;എസിടിയിൽ 11, 12 ക്ലാസുകളിലെ ഗണിതപഠനത്തിനായി കടുത്ത ശുപാർശ

ഗണിതശാസ്ത്രത്തിൽ മികച്ച അറിവുള്ളവർക്ക് ജീവിതകാലത്ത് ഉയർന്ന തൊഴിൽ നിരക്കും കൂടുതൽ വരുമാനവും ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എസിടിയിൽ 11, 12 ക്ലാസുകളിലെ ഗണിതപഠനത്തിനായി ശുപാർശ
എസിടിയിൽ 11, 12 ക്ലാസുകളിലെ ഗണിതപഠനത്തിനായി ശുപാർശ ABC News: Patrick Stone
Published on

കാൻബെറ: ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിട്ടറിയിലെ സീനിയർ സെക്കൻഡറി സ്കൂളുകളിൽ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രം ഒരു നിർബന്ധിത പഠനവിഷയമാക്കണമെന്ന് എസിടി ബോർഡ് ഓഫ് സീനിയർ സെക്കൻഡറി സ്റ്റഡീസ് നിയോഗിച്ച മാത്തമാറ്റിക്‌സ് അഡ്വൈസറി കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തു. നിലവിലെ 'ഇൻഡിവിജ്വലൈസ്ഡ്' വിദ്യാഭ്യാസ രീതി അനുസരിച്ച് വിദ്യാർത്ഥികൾക്ക് താല്പര്യമില്ലെങ്കിൽ ഉയർന്ന ക്ലാസുകളിൽ കണക്ക് പഠനം ഒഴിവാക്കാൻ സാധിക്കും. എന്നാൽ ഇത് കരിയറിലും ജീവിതത്തിലും യുവാക്കളുടെ ദീർഘകാല വിജയസാധ്യതകളെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സമിതിയുടെ പുതിയ നിർദ്ദേശം.

ഗണിതശാസ്ത്രത്തിൽ മികച്ച അറിവുള്ളവർക്ക് ജീവിതകാലത്ത് ഉയർന്ന തൊഴിൽ നിരക്കും കൂടുതൽ വരുമാനവും ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ എസിടിയിലെ 43 ശതമാനം വിദ്യാർത്ഥികളും ഗണിതശാസ്ത്ര സാക്ഷരതയിലും യുക്തിചിന്തയിലും ദേശീയ നിലവാരത്തിന് താഴെയാണെന്ന് സമിതി പുറത്തുവിട്ട ചർച്ചാ രേഖയിൽ പറയുന്നു. ദേശീയതലത്തിൽ 27 മുതൽ 35 ശതമാനം വരെ വിദ്യാർത്ഥികൾക്ക് പ്രശ്നപരിഹാര ശേഷി , ഫിനാൻഷ്യൽ ലിറ്ററസി, ഡിജിറ്റൽ ലിറ്ററസി എന്നിവയിൽ കൃത്യമായ പ്രാവീണ്യമില്ല. ഉയർന്ന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പലപ്പോഴും സാമൂഹികമായ അസമത്വങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ ഉയർന്ന ക്ലാസുകളിൽ കണക്ക് ഒഴിവാക്കുന്നത് വഴി സയൻസ്, കൊമേഴ്സ്, ഹെൽത്ത് മേഖലകളിലെ കരിയർ സാധ്യതകളിൽ നിന്നും അവർ സ്വയം പുറന്തള്ളപ്പെടുകയും ഇത് പിൽക്കാലത്ത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശമ്പള വ്യത്യാസത്തിന് വഴിമാറുകയും ചെയ്യുന്നു.

വ്യാജ വിവരങ്ങളെ തിരിച്ചറിയാനും എഐ യുഗത്തിൽ തിളങ്ങാനും കണക്ക് വേണം:

ഇന്നത്തെ സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ( സൈബർ സെക്യൂരിറ്റിയും നിയന്ത്രിക്കുന്ന ആധുനിക സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ എഞ്ചിൻ ഗണിതശാസ്ത്രമാണെന്ന് 'ഓസ്‌ട്രേലിയൻ മാത്തമാറ്റിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട്' ഡയറക്ടർ ടിം മാർച്ചന്റ് വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷ പോലെ തന്നെ പ്രധാനപ്പെട്ടതാണ് കണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 90 ശതമാനം കുട്ടികളും സ്വന്തം താല്പര്യപ്രകാരം കണക്ക് പഠിക്കുന്നുണ്ടെങ്കിലും ബാക്കി 10 ശതമാനം പേരെക്കൂടി ഇതിന്റെ ഭാഗമാക്കേണ്ടതുണ്ട്. കൂടാതെ, ഇന്റർനെറ്റിലെയും മാധ്യമങ്ങളിലെയും വ്യാജമായ സ്ഥിതിവിവരക്കണക്കുകളും വിവരക്കേടുകളും തിരിച്ചറിഞ്ഞ് ഒരു ഉത്തരവാദിത്തമുള്ള പൗരനായി വോട്ട് ചെയ്യാനും തീരുമാനങ്ങളെടുക്കാനും കണക്കിലെ പ്രാവീണ്യം അത്യാവശ്യമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൻബെറയിലെ സാമ്പത്തിക ശാസ്ത്ര ലക്ചറർ ജോൺ ഹോക്കിൻസ് ചൂണ്ടിക്കാട്ടി.

കണക്കിനോടുള്ള ഭയവും കടുത്ത ആശങ്കയും കാരണം പല വിദ്യാർത്ഥികളും ബോധപൂർവ്വം ഈ വിഷയം അടങ്ങിയ കരിയർ മേഖലകൾ ഒഴിവാക്കാറുണ്ട്. ഇത് പരിഹരിക്കാൻ കുട്ടികളിൽ നെഗറ്റീവ് ചിന്തകൾ മാറ്റുന്ന ഇമോഷൻ-റെഗുലേഷൻ തന്ത്രങ്ങൾ പയറ്റണമെന്ന് സമിതി നിർദ്ദേശിക്കുന്നു. മുതിർന്ന വ്യക്തിയായി മാറുമ്പോൾ റെസിഡൻഷ്യൽ കോഴ്സുകൾ ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനും ഡിജിറ്റൽ യുഗത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാനും സ്കൂൾ തലത്തിൽ തന്നെ ബീജഗണിതം ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ എല്ലാവർക്കും നിർബന്ധമായും പകർന്നു നൽകണമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

Metro Australia
maustralia.com.au