

കാൻബറ: ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറിയിൽ കാൻബെറയിൽ കൂടുതൽ പൗരന്മാർക്ക് സൗജന്യയാത്ര അനുവദിക്കുന്ന സേവനം കൊണ്ടുവരാൻ ഒരുങ്ങി എസിടി ഗവൺമെന്‍റ്. വിദ്യാർത്ഥികൾക്കും, മുതിർന്ന പൗരന്മാർക്കും, കൺസഷൻ കാർഡ് ഉടമകൾക്കും പൊതുഗതാഗതം സൗജന്യമാക്കാനുള്ള നിർദ്ദേശമാണ് എസിടി സർക്കാർ പരിഗണിക്കുന്നത്. എന്നാൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് അവരുടെ മുൻഗണന എന്ന് അവർ വാദിക്കുന്നു.
കഴിഞ്ഞ ദിവസം എസിടി നിയമസഭയിൽ പാസാക്കിയ എസിടി ഗ്രീൻസ് പ്രമേയത്തിന്റെ ഭാഗമാണ് ഈ നിർദ്ദേശം, പാർട്ട് ടൈം വിദ്യാർത്ഥികൾക്കും കൺസഷൻ നിരക്കുകൾ നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു. ACT ഗ്രീൻസ് എം.എൽ.എ ആൻഡ്രൂ ബ്രാഡോക്ക് അവതരിപ്പിച്ച ഈ പ്രമേയം "ഫെയർ ഫ്രീ ഫ്രൈഡേസ്" പൈലറ്റ് പദ്ധതിയിലെ ബാക്കിയുള്ള ഫണ്ടുകൾ കൺസഷൻ നിരക്കുകൾ കുറയ്ക്കുന്നതിനായി ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു. കാൻബറയിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്കും 70 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്കും സ്ഥിരമായ വൈകല്യങ്ങളുള്ളവർക്കും ഇപ്പോൾ തന്നെ സൗജന്യ യാത്ര ലഭ്യമാണ്.
പെൻഷൻ, ഹെൽത്ത് കെയർ, സർവീസ് ആക്സസ്, വെറ്ററൻസ് ഗോൾഡ് കാർഡ്, മുതിർന്ന പൗരൻമാരുടെ കാർഡ് തുടങ്ങിയവർക്ക് ഓഫീസ് പീക്ക് സമയങ്ങളിലും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.