വടക്കൻ ഓസ്ട്രേലിയയിലെ പ്രധാന പ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ കനത്ത ഉഷ്ണ തരംഗം നേരിടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ക്വീൻസ്‌ലാൻഡിലെ വടക്കൻ പ്രദേശത്ത് ഉഷ്ണ തരംഗം കാരണം ചൂടുകാറ്റ് വീശുന്നുവെന്നാണ് റിപ്പോർട്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വർദ്ധനവ് ഉണ്ടാകുമെന്ന ഭയം കാരണം ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പകൽ സമയത്തും രാത്രിയിലും ചൂട് തുടരുമ്പോൾ, ശരീരത്തിലെ ചൂട് സമ്മർദ്ദം ഗണ്യമായി വർധിക്കുന്നു, അതിനാൽ ചൂട് തരംഗ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കേണ്ടിവന്നുവെന്ന് കാലാവസ്ഥാ ബ്യൂറോയിലെ ജെന്നി സ്റ്ററോക്ക് പറഞ്ഞു. ക്വീൻസ്ലാൻഡിലെ ബേഡ്‌സ്‌വില്ലിൽ ഈ ആഴ്ച 46.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതോടെ ഒക്ടോബർ മാസത്തിലെ റെക്കോർഡുകൾ തകർന്നിരുന്നു.
ഇപ്പോൾ പകൽ പരമാവധി താപനിലയും രാത്രികാല കുറഞ്ഞ താപനിലയും ശരാശരിയേക്കാൾ മൂന്ന് മുതൽ എട്ട് ഡിഗ്രി വരെ കൂടുതലാണ്. വടക്കൻ പ്രദേശങ്ങളായ നോർതേൺ ടെറിറ്ററിയിലെ കാതറിനിൽ വെള്ളിയാഴ്ച 41 ഡിഗ്രി വരെ ഉയരാനും ബുധനാഴ്ചയോടെ 34 ഡിഗ്രിയിലേക്ക് താഴാനുമാണ് സാധ്യത.
ക്വീൻസ്ലാൻഡിലെ എമറാൾഡിൽ വെള്ളിയാഴ്ച 41 ഡിഗ്രി വരെ ഉയരുന്ന താപനില ചൊവ്വാഴ്ച മുതൽ 12 ഡിഗ്രി താഴ്ന്ന് 29 ഡിഗ്രിയായി കുറയുമെന്ന് പ്രവചനം.